പേജുകള്‍‌

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

പ്രായോഗിക വാദികളും പ്രതിശ്ചായ വാദികളും

പ്രായോഗിക വാദികളും പ്രതിശ്ചായ വാദികളും തമ്മിലുള്ള ഫുട്ബോള്‍ മത്സരം അപ്രതീക്ഷിതം ആയിരുന്നു.പ്രതിശ്ചായ വാദികളുടെ ധീരനായ നായകന്‍ എതിര്‍ പ്രതിരോധ നിര സജ്ജമാകും മുന്‍പേ ഗോള്‍ അടിച്ചു സ്വന്തം ടീമിനെ മുന്‍പില്‍ എത്തിച്ചപ്പോഴാണ് കളി തുടങ്ങിയ കാര്യം കാണികളായ കേരളപുരം നിവാസികള്‍ അറിഞ്ഞത്.

ആദ്യ ഗോളിന് ശേഷം കളി വിരസമായി മാറി.പ്രായോഗിക വാദികളുടെ സ്പോണ്‍സര്‍മാര്‍ ആയ മുതലാളികളുടെ സംഘടന പരാജയം ഭയന്ന് മത്സരം നിര്‍ത്തിവെക്കണം എന്ന് ആവശ്യപെട്ട് വ്യവഹാരത്തിന് ശ്രമിച്ചു.

കാണികളില്‍ കൂടുതലും പ്രായോഗിക വാദികളുടെ ആരാധകര്‍ ആയിരുന്നു,പക്ഷെ അവര്‍ക്ക് സ്വന്തം ടീമിനായി  ആവേശ പ്രകടനം നടത്താന്‍ മടി,അതുകൊണ്ട് അവര്‍ നിശബ്ദര്‍ ആയിരുന്നു.ചിലരാകട്ടെ പ്രതിശ്ചായ വാദികളുടെ അക്രമം ഭയന്നു ,മനസില്‍ പ്രായോഗിക വാദികളെ പിന്തുണച്ചു കൊണ്ട് പ്രതിശ്ചായവാദികള്‍ക്കായി കയ്യടിച്ചു.

എണ്ണത്തില്‍ കുറവായിരുന്നു എങ്കിലും  പ്രതിശ്ചായ വാദികളുടെ പിന്തുണക്കാരായ കാണികള്‍ ആദ്യ ഗോള്‍ വീണപ്പോള്‍ മുതല്‍ ആനന്ദനൃത്തം തുടങ്ങി.പ്രായോഗിക വാദികളുടെ ടീമിനെയും നായകനെയും ആരാധകരെയും അവര്‍ പുലഭ്യം പറഞ്ഞു.

ഡല്‍ഹിക്കാരി ആയ റഫറിക്ക് ഇപ്പോള്‍ പഴയപോലെ ഹൈകമാന്‍ഡിംഗ് പവര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ ഗ്രൗണ്ടില്‍ കാഴ്ചക്കാരിയായി നോക്കികൊണ്ടിരുന്നു.

കളി പതുക്കെ ആവേശം പൂണ്ടു.പ്രതിശ്ചായ വാദികളുടെ ടീം സുസജ്ജം ആയിരുന്നു.ആദ്യ ഗോള്‍ അടിച്ച ശേഷം ധീരനായ നായകന്‍ സെന്‍ട്രല്‍ ഡിഫന്‍സ്ലേക്ക് ഇറങ്ങിനിന്ന് ജയം ഉറപ്പിക്കാന്‍ ശ്രമിച്ചു.ഒപ്പം പ്രായോഗിക വാദികളുടെ നായകനെ ഫൌള്‍ ചെയ്യാനുള്ള നീക്കങ്ങളും ഇടക്ക് നടത്തി.ലെഫ്റ്റ് ബാക്ക് ആയി തൃശൂര്‍കാരന്‍ താടിക്കാരനെയും റൈറ്റ് ബാക്ക് ആയി കൊല്ലക്കാരന്‍ വാപോയ കോടാലിയെയും നിര്‍ത്തിയതോടെ പ്രതിരോധം സുസജ്ജമായി.

പ്രതിശ്ചായ വാദികളുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയ ളോഹക്കാരന്‍ അതിശക്തമായ മുന്നേറ്റങ്ങള്‍ നടത്തികൊണ്ടിരുന്നു.അയാള്‍ക്ക് വലിയ ഗ്രൌണ്ട് സപ്പോര്‍ട്ട് ആയിരുന്നു.അയാളുടെ ഓരോ നീക്കത്തിനും അയാളുടെ അതെ വേഷം ധരിച്ചെത്തിയ ഗ്രൗണ്ടില്‍ ഉള്ള കാണികള്‍ പിന്തുണ നല്‍കികൊണ്ടിരുന്നു.

പ്രായോഗികവാദികളുടെ നീക്കങ്ങള്‍ ദുര്‍ബലമായിരുന്നു.ചേര്‍ത്തലക്കാരന്‍ കഷണ്ടി സ്ട്രൈക്കര്‍ക്ക് ഫലപ്രദമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കഴിഞ്ഞില്ല.മിഡ് ഫീല്‍ഡ്ല്‍ ഉള്ള   കോഴിക്കോട്ടുകാരന്‍ ആയ കിങ്ങിണി നടത്തിയ നീക്കങ്ങള്‍ ഒന്നും ഫലം കണ്ടില്ല.  പ്രായോഗികവാദികള്‍ക്ക്  ഗോളി ഇല്ലാത്തത് കൊണ്ട് പ്രതിരോധം കാക്കേണ്ട തൃപ്പൂണിത്തുറക്കാരനായ പുംഗവന് ഇരട്ടി ജോലി ആയിരുന്നു.പ്രതിശ്ചായ വാദികളുടെ അക്രമത്തിനു മുന്‍പില്‍ എപ്പോഴും അയാള്‍ ചൂളി പോയി.

പ്രായോഗികവാദികളുടെ നായകന്‍ പുതുപ്പള്ളിക്കാരന്‍ യാതൊരു നീക്കവും നടത്താതെ ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു.പരാജയം ഉറപ്പിച്ച  ആ നീക്കങ്ങള്‍ കണ്ടാല്‍  അദേഹം എതിര്‍ ടീം നായകന്റെ ഫൌള്‍ ഒഴിവാക്കാന്‍ മാത്രം ശ്രമിക്കുകയാണെന്ന് തോന്നി പോകും

കളി അവസാന നിമിഷതിലേക്ക് നീങ്ങിയതോടെ ആവേശം മൂത്തു.അതിനിടയില്‍ പ്രായോഗിക വാദികളുടെ സ്പോന്‍സര്‍മാരായ മുതലാളികള്‍ പരാജയം ഉറപ്പിച്ചു വ്യവഹാരത്തിലൂടെ കളി നിര്‍ത്തിവെക്കാന്‍ ശ്രമിച്ചു.ആ ഫൌള്‍ പ്ലേ വന്നതോടെ പ്രതിശ്ചായ വാദികളുടെ ടീമിലുള്ളവരുടെ ആവേശം മൂത്തു.

അതുവരെ ദുര്‍ബല നീക്കങ്ങള്‍ നടത്തി കൊണ്ടിരുന്ന പ്രതിശ്ചായ വാദികളുടെ മലപ്പുറത്ത്കാരന്‍ മിഡ്ഫീല്‍ഡര്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തികൊണ്ട് ഗോള്‍ പോസ്റ്റിലേക്ക് മുന്നേറി. ജയം ഉറപ്പിച്ചേ പിന്മാരൂ എന്ന രീതിയില്‍ ആയി അയാളുടെ നീക്കങ്ങള്‍.

പ്രായോഗിക വാദികളുടെ നിരയില്‍ ഉള്ള പൊക്കം കുറഞ്ഞ തിരുവനന്തപുരതുകാരന്‍ അതിനിടയില്‍ ഒരു മുന്നേറ്റം നടത്തി  പക്ഷെ പ്രതിശ്ചായ വാദികളുടെ പ്രതിരോധ ഭടന്‍മാര്‍ ആയ തൃശൂര്‍ക്കാരന്‍ താടിയും കൊല്ലക്കാരനും കൂടി അത് തട്ടിയകറ്റി.

പ്രായോഗിക വാദികളുടെ മധ്യനിരയില്‍ കളിച്ച പാലാക്കാരന്റെ നീക്കങ്ങള്‍ കളിയെ അവസാന  നിമിഷത്തില്‍ കൂടുതല്‍ രസകരമാക്കി.അദേഹം സെല്‍ഫ് ഗോള്‍ അടിക്കുവാണോ ടീം മാറി കളിക്കുകയാണോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല.എന്തായാലും പ്രതിശ്ചായ വാദികളുടെ നായകന് അയാള്‍ കൃത്യമായി പന്ത് എത്തിച്ചുകൊടുത്തു.

കളിഇഞ്ചുറിടൈമിലേക്ക് നീങ്ങി.പ്രതിശ്ചായ വാദികളുടെ നായകന്‍ ജയം ഉറപ്പിച്ചു,ഇനി സമനില ആയാലും വേണ്ടില്ല എതിര്‍ നായകനെ ഒന്ന് ഫൌള്‍ കൂടി ചെയ്താല്‍ ലക്ഷ്യം പൂര്‍ത്തിയാകും എന്നതായിരുന്നു അദേഹത്തിന്റെ ചിന്ത.

പ്രായോഗിക വാദികളുടെ നായകന് അവസാന നിമിഷം ആയപ്പോള്‍ ജയം ഉറപ്പിച്ചേ തീരൂ എന്നായി.അദേഹത്തിന് ഒരു കാര്യം മനസിലായി കേളി ശൈലി മാറ്റാതെ കളി ജയിക്കില്ല.അങ്ങനെ പ്രായോഗിക ശൈലിയില്‍ അതുവരെ നീക്കം നടത്തിയ അദേഹം പെട്ടെന്ന് പ്രതിശ്ചായ ശൈലിയിലേക്ക് കളി മാറ്റി.അവസാന നിമിഷത്തിലെ അദേഹത്തിന്റെ ശൈലിമാറ്റം കണ്ടു പ്രതിശ്ചായ വാദികള്‍ അമ്പരന്നു,ആ അമ്പരപ്പ് മുതലാക്കി അദേഹംഒറ്റയ്ക്ക് പന്തുമായി മുന്നേറി.ആര്‍ക്കും പ്രതിരോധിക്കാന്‍ ആയില്ല.
പ്രതിശ്ചായവാദികളുടെ അമ്പരപ്പ് മാറും മുന്‍പ് അദേഹം ഗോള്‍ അടിച്ചു.ബൌണ്‍സ് ചെയ്തു വന്ന പന്ത് വീണ്ടും ഗോള്‍ അടിക്കാന്‍ അയാള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടായില്ല,എന്തെന്നാല്‍ അതുവരെ കളം നിറഞ്ഞു നിന്ന പ്രതിശ്ചായവാദികള്‍ കളി മറന്ന പോലെ നോക്കി നിന്നു,പ്രായോഗിക വാദികളുടെ പുതുപ്പള്ളിക്കാരന്‍ നായകന്‍ തുരുതുരാ ഗോള്‍ അടിച്ചു ടീമിന്റെ ജയം ഉറപ്പിച്ചു.

കളി തോറ്റ പ്രതിശ്ചായ വാദികള്‍ നാണക്കേടിന് ഇടയിലും പറഞ്ഞു ഞങ്ങളുടെ കേളി ശൈലി ആണ് ജയിച്ചത്.സ്വന്തം ടീം തോറ്റെങ്കിലും പ്രതിശ്ചായ വാദികളുടെ ഫാന്‍സ്‌ ആഹ്ലാദ നൃത്തം തുടങ്ങി.

കളി ജയിച്ച പ്രായോഗിക വാദികളുടെ ആരാധകര്‍ നിശബ്ദത തുടര്‍ന്നു,അവര്‍ക്ക്  ടീം ജയിച്ചെങ്കിലും ആഹ്ലാദിക്കാന്‍ ഒന്നുമില്ല.

ടീം സ്പോണ്‍സര്‍മാര്‍ ആയ മുതലാളിമാര്‍ വ്യവഹാരത്തില്‍ കൂടി ഈ കളി ഫൌള്‍ ആണെന്ന് പ്രഖ്യാപിപ്പിക്കും എന്ന വിദൂര പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുന്നു


2014 ജൂലൈ 29, ചൊവ്വാഴ്ച

അറിയപ്പെടാത്ത നക്ഷത്രങ്ങള്‍

കൂമന്‍ കാവില്‍ ബസ്‌ ഇറങ്ങി ഖസാക്കിലേക്ക് പോകുന്ന രവി.ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ മലയാളികള്‍ക്കും ഓര്‍മ വരുന്നത് ഖസാക്കിന്‍റെ ഇതിഹാസത്തിലെ രവിയെ ആയിരിക്കും,തേവാരത് ശിവരാമന്‍ നായരുടെ  ഞാറ്റു പുരയിലെ ഏകാദ്ധ്യാപക വിദ്യാലയം.

ഒരു പക്ഷെ  നമ്മുടെ പൊതുസമൂഹത്തിനു ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പരിചിതമായിരിക്കില്ല.വിദ്യാലയങ്ങളുടെ സാന്ദ്രത ഗ്രാമങ്ങളിലുംനഗരങ്ങളിലും ഏറെ ഉള്ളപ്പോള്‍.എന്നാല്‍ കേരളത്തിലും ഉള്‍പ്രദേശങ്ങളില്‍, കൊടും വനങ്ങളില്‍   ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക്  ഉള്‍പ്പെടെ അറിവിന്റെ വെളിച്ചം പകരുന്ന  ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നിരവധി ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.

ആദിവാസി മേഖല, ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ 1997ൽ ആണ്  വിവിധ ഭാഗങ്ങളിൽ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്.ഏറെ പ്രതിസന്ധികൾ നേരിടേണ്ട സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുമെന്നതിനാൽ ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലായിരുന്നു.ഒടുവില്‍ ടിടിസി വേണമെന്ന നിബന്ധന ഒഴിവാക്കി,എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായി തീരുമാനിച്ചാണ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. ആദിവാസി മേഖലകളിലെ സാക്ഷരതാ പ്രവർത്തകരായിരുന്നു അദ്ധ്യാപകരിൽ  ഏറെയും. 

2013 മാര്‍ച്ച്‌ 11 നു കോതമംഗലം സ്വദേശിനിയായ ലിസി എന്ന ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക സ്കൂളിലേക്കുള്ള യാത്രയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു,ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോയ വാര്‍ത്ത‍.ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനി ഏകാദ്ധ്യാപകവിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു ലിസി.15 വര്‍ഷമായി ആ ബദല്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു ലിസി ടീച്ചര്‍.  പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാങ്ങാനായി 50 കിലോമീറ്റര്‍ അകലെയുള്ള കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് പോകുംവഴിയാണ്  ആന ആക്രമിച്ചത്.കുഞ്ചിപ്പാറയിലെ, ഈറ്റയും മുളയും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുള്ള സ്‌കൂളില്‍ 22 കുട്ടികളെയാണ് ലിസി ടീച്ചര്‍ പഠിപ്പിച്ചിരുന്നത്.ആദിവാസി കുടികളിലെ പുരുഷന്മാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനവും ഇവര്‍ നടത്തിയിരുന്നു.

                                                                         ലിസി ടീച്ചര്‍


ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ഉള്ള വിവിധ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍.ഇവിടേക്ക് പോകുന്ന അദ്ധ്യാപകരുടെ ദുരിതം സങ്കല്പ്പിക്കാവുന്നതിലും അപ്പുറമാണ്.ഇരുപത്തിയെട്ടു കുടികള്‍ ചേര്‍ന്നയിടമാണ്‌ ഇടമലക്കുടി. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്ത്‌ എന്ന നിലയില്‍ നമ്മള്‍ വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട് ഇടമലക്കുടിയെ പറ്റി.വാഹന സൗകര്യം അവസാനിക്കുന്നടുത്തു നിന്ന് കൊടും കാടില്‍കൂടി ഒരു ദിവസം മുഴുവന്‍ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് സ്കൂളില്‍ എത്തുവാന്‍ കഴിയൂ.
ഇവരുടെ ദുരിതയാത്രയെ പറ്റിയുള്ള ഒരു ലേഖനം താഴെ കാണുന്ന ലിങ്കില്‍ വായിക്കാം 

ഇടമലക്കുടിയുടെ ഇതിഹാസം

വന്യമൃഗങ്ങളുടെ ശല്യമുളള കൊടുംവനവും എത്തിപ്പെടാൻ ഏറെ പ്രയാസമുളള ഉൾപ്രദേശങ്ങളും താണ്ടി കുട്ടികളെ പഠിപ്പിക്കുന്ന ഇവര്‍ പേറുന്ന ദുരിതം വളരെ വലുതാണ്.തുച്ചമായ വേതനം,പലര്‍ക്കും മാസത്തില്‍ ഒരിക്കല്‍ മാത്രമേ വീട്ടില്‍ പോകാന്‍ കഴിയൂ.കൊടുംകാട്ടില്‍ ഇങ്ങനെ സ്കൂളിനുള്ളില്‍ തന്നെ അവര്‍ക്കും താമസിക്കേണ്ടി വരുന്നു.ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള അദ്ധ്യാപകര്‍ പലരും അവരെയും കൂട്ടിയാണ് കാട് കയറുന്നത്.

ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ നാലാം ക്ലാസ് വരെയാണ് ക്ലാസുകള്‍ ഉള്ളത്.അതിനുശേഷം ഈ കുട്ടികള്‍ സാധാരണ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുന്നു. ഈ കുട്ടികള്‍ക്ക് ശരിയായ അധ്യയനം നല്കാന്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എത്രമാത്രം പര്യാപ്തമാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷേ ഇത്തരം വിദ്യാലയങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കുട്ടികളില്‍ പലരും അറിവിന്റെ ലോകത്തേക്ക് കടക്കുക പോലുമില്ലായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ വരുന്നത് എങ്കിലും വകുപ്പിന് ഇവയുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ഇല്ല.സംസ്ഥാനത്ത് 354 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണുള്ളത്.354 വിദ്യാലയങ്ങളില്‍  ആയി 412 ജീവനക്കാരും 8487 വിദ്യാര്‍ഥികളുമുണ്ടെന്നാണ് സര്‍ക്കാറിന്‍െറ കണക്ക്.ഇതില്‍ 111  വിദ്യാലയങ്ങള്‍  പ്രൈമറി സ്കൂളുകളായി മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തെങ്കിലും ഇതുവരെ നടപ്പായില്ല.ഈ വിദ്യാലയങ്ങല പ്രൈമറി സ്കൂളുകള്‍ ആക്കുമ്പോള്‍ ഏറ്റവും ആശങ്കയിലാകുന്നത് ഇങ്ങനെ ഉയര്‍ത്തപ്പെടുന്ന സ്കൂളുകളിലെ അദ്ധ്യാപകരാണ്.പ്രൈമറി വിദ്യാലയങ്ങള്‍ ആകുന്നതോട് കൂടി ഇവിടെല്ലാം സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരാകാന്‍ വേണ്ട യോഗ്യത ഉള്ളവരെ നിയമിക്കേണ്ടി വരും.ഇപ്പോഴുള്ള പല അദ്ധ്യാപകര്‍ക്കും അതില്ല.



ഈ മേഘലയിലെ അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നിരവധിയാണ്.80% അദ്ധ്യാപകരും സ്ത്രീകളാണ്, ഇവര്‍ക്ക് വേണ്ട ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും മിക്ക സ്കൂളുകളിലും ഇല്ല.  ദുരിത യാത്രയും താമസിക്കാനുള്ള ബുദ്ധിമുട്ടുകളും ജോലിയുടെ പ്രത്യകത ആണെന്ന് ഇവര്‍ അംഗീകരിക്കുന്നു.പക്ഷെ ഇവര്‍ക്ക് കിട്ടുന്നത് തുച്ചമായ വേതനമാണ്,മാസം 3000 രൂപ മാത്രം.അതും കൃത്യമായി ലഭിക്കാറില്ല.അതിനു പുറമെയാണ് പ്രൈമറി വിദ്യാലയങ്ങള്‍ ആക്കുന്നതോടെ കുറെ പേര്‍ക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്കയും.

വേതനത്തിന്റെ ആകര്‍ഷണം മാത്രം കൊണ്ട് ആരും ഈ ജോലിക്ക് തയ്യാറാവും എന്ന് കരുതുന്നില്ല.അവര്‍ ഈ ജോലിയിലൂടെ പ്രകടിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധത കണ്ടില്ലെന്നു നടിക്കാനാവില്ല.ഏതാണ്ട് ഒരു സമര്‍പ്പണ മനോഭാവത്തോടെയാണ് പലരും ഇവിടെ ജോലി ചെയ്യുന്നത്.അദ്ധ്യാപനവും അതിനു പുറമേ  ഈ കുട്ടികള്‍ക്ക്  ഭക്ഷണം തയ്യാറാക്കിയും അവര്‍ക്കൊപ്പം കഴിഞ്ഞുമാണ് പലരും ജോലി ചെയ്യുന്നത്.ആദിവാസി മേഘലകളില്‍ പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാന്‍ തന്നെ ഇവര്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.അവധിക്കായി നാട്ടില്‍ പോയി വരുമ്പോള്‍ ചിലപ്പോള്‍ വീണ്ടും കുട്ടികളെ തേടി പോകണം ഊരുകളിലേക്ക്.ചിലപ്പോള്‍ കുട്ടികളെ കുളിപ്പിച്ച് വൃത്തിയാക്കേണ്ട ചുമതലയും ഇവര്‍ ഏറ്റെടുക്കുന്നു.

വാര്‍ത്താ പ്രാധാന്യം ഉള്ള പദ്ധതികള്‍ ,വലിയ മുതല്‍മുടക്കുകള്‍ ഉള്ള പ്രൊജക്റ്റ്‌കള്‍ ഇവയിലോക്കെയാണ് ഏവര്‍ക്കും താത്പര്യം.  മുഖ്യധാരക്ക് പ്രിയങ്കരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ അവഗണിക്കപ്പെടുന്നു.സ്ഥിര നിയമനവും കൂടുതൽ ശമ്പളവും നൽകുമെന്ന  സർക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ ഏറെ കാലമായുണ്ട് .പക്ഷെ   സ്കൂളുകളുടെ നിലവാരമുയർത്താൻ തീരുമാനിച്ച സർക്കാർ നിലവിലുളള അദ്ധ്യാപകരുടെ കാര്യത്തിൽ മൗനം പുലര്‍ത്തുന്നു.

ഈ അദ്ധ്യാപകര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.സംഘടനകള്‍ ഇല്ല സമരം ചെയ്യാന്‍.പക്ഷെ ഇവര്‍ ചെയ്യുന്ന സേവനം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും ആവില്ല.ഇക്കാലമത്രയും ഇവര്‍ സമൂഹത്തിനു ചെയ്ത സേവനം കണക്കിലെടുത്ത് ഒരാളെ പോലും പിരിച്ചു വിടാതെ ഏവര്‍ക്കും സ്ഥിരം നിയമനം ഉറപ്പുവരുത്തണം,ഇവര്‍ക്ക് സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം നല്‍കാനുള്ള നടപടികളും സ്വീകരിക്കണം.അതാണ് സര്‍ക്കാരിന് ഇവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം

( ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍)

2014 ജൂൺ 25, ബുധനാഴ്‌ച

കുബേരന്‍മാരും കുചേലന്മാരും


  ബ്‌ളേഡ് മാഫിയകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപ്പാക്കിയ "ഓപ്പറേഷന്‍ കുബേര" കേരള പോലീസ് സമീപകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറെ അഭിനന്ദനീയമായ ഒന്നാണ്.പുരാണത്തിലെ കുബേരന്‍ ഏതെങ്കിലും സാമ്പത്തിക അതിക്രമം കാണിച്ച കഥാപാത്രം ആയിരുന്നില്ല,അതുകൊണ്ടുതന്നെ ഈ പേരിന്‍റെ യുക്തിയില്‍ ഒരു അനൗചിത്യം ഉണ്ട്. എങ്കിലും സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.സാധാരണ മാഫിയ വിരുദ്ധ നടപടികള്‍ എല്ലാം മാധ്യമ ശ്രദ്ധ തീരുമ്പോള്‍ അതിന്റെ വഴിക്ക് ആകുന്നതാണ് നമ്മുടെ അനുഭവം,എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മറ്റു പല വിവാദ വിഷയങ്ങളിലേക്കും ശ്രദ്ധ മാറിയിട്ടും പോലീസ് ഓപ്പറേഷന്‍ കുബേരയുമായി മുന്‍പോട്ടു പോകുന്നത് നല്ലകാര്യം തന്നെ.പിന്നെ ഇക്കാലമത്രയും ഈ മാഫിയകള്‍ വളര്‍ന്നു പന്തലിച്ചത് നമ്മുടെ ഈ സര്‍ക്കാര്‍ സംവിധാനത്തിന് മുന്‍പിലാണ്.ഇപ്പോള്‍ റൈഡ് നടത്തുന്നവര്‍ ഇക്കാലം അത്രയും ബ്ലേഡ് മാഫിയാകളുടെ സംരക്ഷകരോ അവരുടെ ഇടപാടുകള്‍ക്ക് മധ്യസ്ഥരോ ആയിരുന്നു.

 കുറച്ചു കൊള്ളപലിശക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരും എന്നതിനപ്പുറം ഇത് സമൂഹത്തിനു എത്ര മാത്രം പ്രയോജനം ഉണ്ടാക്കുന്നു എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപെട്ട കാര്യം,അങ്ങനെ നോക്കുമ്പോള്‍ ഇതിന്റെ ഫലപ്രാപ്തിയെ കുറിച്ച് സന്ദേഹമുണ്ട്.
തിരുവനന്തപുരത് ഒരു കുടുംബം ബ്ലേഡ് മാഫിയയുടെ പീഡനം കൊണ്ട് കൂട്ട ആത്മഹത്യ ചെയ്തപ്പോഴാണ് ഓപ്പറേഷന്‍ കുബേര ആരംഭിക്കുന്നത്.



സ്വന്തം വരുമാനതിനും അപ്പുറമുള്ള ചിലവുകളിലേക്ക് ഓരോരുത്തര്‍ കടക്കുമ്പോള്‍(ആവശ്യവും അനാവശ്യവും ആകാം) ,ബിസിനസ്‌ പദ്ധതികള്‍ തുടങ്ങുകയോ,നവീകരിക്കുകയോ അതില്‍ വരുന്ന പരാജയങ്ങലോ അങ്ങനെ പലവിധ കാരണങ്ങള്‍ ആകാം ആളുകളെ ബ്ലേഡ് മാഫിയക്ക് മുന്‍പില്‍ എത്തിക്കുന്നത്.

ബാങ്കുകള്‍ കുറഞ്ഞ പലിശക്ക് പണം ലഭ്യമാക്കിയാല്‍ ബ്ലേഡ് മാഫിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും എന്നത് ശരിയല്ല.ബാങ്കിംഗ് സാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനത്ത് ആദ്യം ബാങ്ക് വായ്പ നോക്കി അത് സാധ്യമാകാത്തവര്‍ ആണ് ബ്ലേഡ് മാഫിയയെ സമീപിക്കുന്നത്.പലപ്പോഴും ജാമ്യം ആയി വസ്തുവോ സ്വര്‍ണമോ നല്കാന്‍ ഇല്ലാത്തവര്‍ക്ക് വലിയ ബാങ്ക് വായ്പ സാധ്യമല്ല,അത് ഇനിയും മാറുകയും ഇല്ല.ബാങ്കുകളില്‍ നിന്ന് കിട്ടാവുന്നതിനു അപ്പുറം ആവശ്യകത വരുമ്പോഴാണ് കൊള്ളപ്പലിശ ക്കാരെ സമീപിക്കുന്നത്.

 ഇതിലുള്ള മറ്റൊരു കാര്യം ഒരു കുബേരനും ഒരാള്‍ക്കും അങ്ങോട്ട്‌ ചെന്ന് പണം നല്‍കിയതല്ല.കൊള്ളപലിശ വാങ്ങിയത് ഒഴിവാക്കി കൊടുക്കണം,പക്ഷെ ഇത്തരം നടപടികള്‍ ഒരിക്കലും ആരുടേയും കയ്യില്‍ കഷ്ടപ്പെടാത്ത മുതല്‍ അനര്‍ഹമായി വന്നുചേരാന്‍ അവസരം ഉണ്ടാകരുത്.കുബെരന്മാര്‍ അഴിക്കകത്ത് ആകുമ്പോള്‍ അത് പണം കടം വാങ്ങിയവര്‍ക്ക് സൗജന്യമായി പണം കിട്ടുവാനുള്ള അവസരം ആയി മാറരുത്.

ഇതിൽ മറ്റൊരു രസകരമായ വസ്തുതയുണ്ട്,ഈ നടപടി തുടങ്ങിയപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ വളരെ ചെറിയ തുക കടം നല്‍കിയവര്‍ പോലും ബ്ലേഡ് മാഫിയയായി മാറി എന്നതാണ്.പണം കടം കൊടുത്തവര്‍ തിരികെ ചോദിച്ചാല്‍ ഉടനെ അവരെ ബ്ലേഡ് മാഫിയ ആക്കി ചിത്രീകരിച്ചു പരാതി നല്‍കുന്നു.പലയിടത്തും കുബേരന്മാരെ പിടിക്കാന്‍ പോയ പോലീസുകാര്‍ കണ്ടത് ദയനീയ സാഹചര്യം.സൌഹൃദത്തിന്റെയോ പരിചയതിന്റെയോ പേരില്‍ പണം നല്‍കുന്നത് ഒരിക്കലും മാഫിയയായി കാണരുത്.

ബ്ലേഡ് മാഫിയ കടം നല്‍കിയ പണം പൂര്‍ണ്ണമായും അവരുടെതല്ല ഒരിക്കലും.വന്‍ തോതിലുള്ള ബിനാമി പണം ബ്ലേഡ് മാഫിയ ഉപയോഗിക്കുന്നുണ്ട്.ഇത്തരത്തിലുള്ള കള്ളപ്പണം പെരുപ്പിക്കല്‍ ആണ് ബ്ലേഡ് മാഫിയ ചെയ്യുന്ന ഒരുകാര്യം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉള്‍പ്പെടെ കണക്കില്‍ പെടാത്ത പല പണവും ഇങ്ങനെ കള്ളപ്പണമായി ബ്ലേഡ് മാഫിയ ഉപയോഗിക്കുന്നുണ്ട്.ഇതു മാത്രമല്ല ചെറിയ അത്യാഗ്രഹം കൊണ്ട് കൂടുതല്‍ പലിശ പ്രതീക്ഷിച്ചു തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ബ്ലേഡ് മാഫിയകള്‍ക്ക് നല്‍കിയവരും ഉണ്ട്.



ബ്ലേഡ് മാഫിയ എന്നു പറയുമ്പോള്‍ അതില്‍ വന്‍കിട ചിട്ടി കമ്പനികളും മറ്റു NBFC (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി)കളും നടത്തുന്ന പല നിയമവിരുദ്ധ നടപടികളും സ്വാഭാവികമായി വരും.പക്ഷെ അവരൊക്കെ "ഓപ്പറേഷന്‍ കുബേര"യില്‍ വേണ്ട രീതിയില്‍ പിടിക്കപ്പെട്ടിട്ടില്ല.നിയമത്തിലെ പഴുതുകള്‍ തന്നെയാണ് ഇതിനുള്ള ഒരു കാരണം.

 ചെക്കുകള്‍, പ്രോമിസറി നോട്ട്സ് ഇവ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ വാങ്ങുന്നത് നിയമവിരുദ്ധം തന്നെ.അതാണ് ഇപ്പോള്‍ റൈഡ്കള്‍ വഴിപിടിച്ചെടുക്കുന്നതും.പക്ഷെ  നിയമത്തിനു മുന്‍പില്‍ പലപ്പോഴും ഈ ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോടുകളും ദുരുപയോഗം ചെയ്യപ്പെടുകയും ഇരകള്‍ കെണിയില്‍ വീഴുകയും ചെയ്യുന്നുണ്ട്.

സര്‍ക്കാരിനു ഈ കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് ഒന്ന് നിയമവിരുദ്ധമായ രീതിയില്‍ ഉള്ള ഇത്തരം പണമിടപാടുകളുടെ നിരോധനം ആണ്.ഇത്തരം അനധികൃത പണമിടപാട്കളുടെ വേരറക്കും വരെ ഓപ്പറേഷന്‍ കുബേര" തുടരുമെന്ന് പ്രതീക്ഷിക്കാം.മറ്റൊന്ന് കള്ളപ്പനതിന്റെ ലഭ്യത കുറയ്ക്കുക എന്നത് തന്നെ.ഹവാല പണമായും കൈകൂലി ആയും മണല്‍ ഖനനം നടത്തിയും ഒക്കെ ആര്‍ജിക്കുന്ന പണം വന്‍തോതില്‍ പലിശ ഇടപാടുകള്‍ക്ക് ആയി മാര്‍കെറ്റില്‍ എത്തുന്നത് ഒഴിവാക്കുക.

ഏറ്റവും കൂടുതല്‍ ബ്ലേഡ് മാഫിയാകളുടെ കെണിയില്‍ പെട്ടിരിക്കുന്നത് കൂടുതലും ഇടത്തരക്കാര്‍ ആണ്.വന്‍ പലിശക്ക് പണം കടം വാങ്ങി ബിസിനസ്‌ ചെയ്ത് വിജയിക്കാം എന്ന് കരുതുന്നവര്‍,പണം കടം വാങ്ങി ചൂതാട്ടം നടത്തുന്നവര്‍ അങ്ങനെ നമ്മുടെ അത്യാഗ്രഹം തന്നെയാണ് പലപ്പോഴും ബ്ലേഡ് മാഫിയകളെ വളര്‍ത്തുന്നത്.വിവാഹം,രോഗചികിത്സ പോലെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്ക് വാങ്ങി കെണിയില്‍ പെടുന്നവരെക്കാള്‍ കൂടുതല്‍ ഇത്തരം അനവശ്യമായ കടമെടുക്കലുകള്‍ നടത്തിയവര്‍ ആണ്.കയ്യില്‍ മുതല്‍ ഇല്ലാതെ പണം കടം വാങ്ങി ആ പലിശ നല്‍കാന്‍ വീണ്ടും കടം വാങ്ങി ഒരിക്കലും അഴിയാത്ത കുരുക്കില്‍ പെട്ട് ആത്മഹത്യയില്‍ അവസാനിക്കുന്ന നിരവധി അനുഭവങ്ങള്‍.



കടമെടുക്കുന്നതില്‍ സമൂഹം സ്വയം ഉണ്ടാക്കുന്ന നിയന്ത്രണം ആണ് ഇതിന്റെ ശാശ്വതവും പ്രയാസകരവുമായ പരിഹാരം


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
Related Posts Plugin for WordPress, Blogger...