പേജുകള്‍‌

2017, ജൂൺ 13, ചൊവ്വാഴ്ച

ഒരു മഴ യാത്ര




മഴയില്‍ ഒരു കാനന യാത്ര ഏറെ നാളായുള്ള ആഗ്രഹമാണ്. കൂടുതല്‍ ആസൂത്രണം ഒന്നുമില്ലാതെ ഞാനും ആത്മ സുഹൃത്തുക്കള്‍ ഷമീരും ശ്രീജിത്തും താഹയും ഓണാട്ടുകരയില്‍ നിന്നും ആതിരപ്പള്ളിക്ക് അതിരാവിലെ യാത്ര തിരിച്ചു.അതിപ്രഭാതം ആയതിനാല്‍ കാര്‍ യാത്ര അതി വേഗം ആയിരുന്നു.




അങ്കമാലി കഴിഞ്ഞു മൂക്കന്നൂര്‍ വഴി ആതിരപ്പള്ളിയിലേക്ക്. മൂക്കന്നൂര്‍ നിന്നും തുമ്പൂര്‍മുഴി ഡാം വഴിയാണ് യാത്ര. തുമ്പൂര്‍മുഴി ഇതും മുന്‍പ് പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ ചെക്ക്പോസ്റ്റ് ഉണ്ട്.അവിടെ പേര് വിവരങ്ങള്‍ നല്‍കി വേണം യാത്ര തുടരാന്‍.ചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍റെ എണ്ണപ്പന തോട്ടങ്ങളില്‍ കൂടിയാണ് നാം കടന്നു പോവുക.


ദൂരെ കാഴ്ചയായി തുമ്പൂര്‍മുഴി വെള്ളച്ചാട്ടം കണ്ടു.തുമ്പൂര്‍മുഴിയില്‍ എഴാറ്റുമുഖം പൈതൃക ഗ്രാമവും തൂക്കു പാലവും ഉള്‍പ്പെടെ ഏറെ നയനാനന്ദകരമായ കാഴ്ചകള്‍ ഉണ്ടെങ്കിലും അത് ഒഴിവാക്കി അതിരപ്പള്ളി യാത്ര തുടര്‍ന്നു.



ഇടയ്ക്ക് ചാലക്കുടി പുഴയുടെ സൗന്ദര്യം ചെറു മഴയില്‍ ആസ്വദിച്ചു.




സമയം ഏകദേശം 9 .30 ആയപ്പോള്‍ സ്വാഗതം ചെയ്തുള്ള അതിരപ്പള്ളി പഞ്ചായത്ത്‌ ബോര്‍ഡ്‌ കണ്ടു,അധിക ദൂരം എത്തും മുന്‍പേ പരസ്യങ്ങളില്‍ മാത്രം കണ്ടിട്ടുള്ള സില്‍വര്‍ സ്ട്രോം വാട്ടര്‍ പാര്‍ക്ക്‌ എത്തി.അതിരപ്പള്ളി എത്തുമ്പോള്‍ സന്ദര്‍ശകരുടെ ബാഹുല്യം അനുഭവപ്പെട്ടില്ല.മഴയും അവധിക്കാലം അവസാനിച്ചതും ആകാം.ടിക്കറ്റ്‌ കൌണ്ടര്‍ അടുത്ത് തന്നെ ദൂര കാഴ്ചയായി നമുക്ക് വെള്ളചാട്ടം കാണാം



.ഒരാള്‍ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക് .കവാടം കടന്ന് അര കിലോമീറ്റർ നടക്കുമ്പോഴേക്കും കേരളത്തിലെ ഏറ്റവും സുന്ദരമായ വെള്ളചാട്ടത്തിലേക്ക് നമ്മൾ എത്തും. രാജമൌലി ബാഹുബലിയുടെ ദ്രിശ്യ വിസ്മയങ്ങള്‍ ഒരുക്കിയ ആതിരപ്പള്ളി. പാറക്കെട്ടുകളും അതില്‍ അപകടകരമല്ലാത്ത നിലയിലുള്ള ജലവും സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉത്സാഹം പകരും





.കാഴ്ചയ്ക്ക് കൗതുകം ഒരുക്കി വാനര സേനയും ഉണ്ട് . താഴേക്ക്‌ അര കിലോമീറ്റര്‍ ഇറങ്ങിയാല്‍ മാത്രമേ വെള്ളച്ചാട്ടം അതിന്റെ ഭംഗിയില്‍ കാണാന്‍ കഴിയൂ.ചാലക്കുടിപുഴയില്‍ ഏകദേശം 24 മീറ്റർ ഉയരത്തിൽ പ്രകൃതി ഒരുക്കിയ ജല വിസ്മയം .ചാറ്റൽ മഴ ഞങ്ങളുടെ കാഴ്ചയ്ക്ക് കൂടുതൽ ചാരുത പകർന്നു .



ആതിരപ്പള്ളി കണ്ടു കഴിഞ്ഞു ഞങ്ങൾ അവിടെനിന്നും വാഴച്ചാലിനു തിരിച്ചു . ആ വഴിയിലാണ് ചാര്‍പ്പ വെള്ളച്ചാട്ടം.അവിടെയും കുറച്ചു സമയം ചിലവഴിച്ചു




വാഴച്ചാല്‍ എത്തിയപ്പോള്‍ നല്ല മഴ.നിബിഡ വനങ്ങൾക്ക് അടുത്തായി സുന്ദരമായ ഭൂപ്രകൃതിയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടം.



വാഴച്ചാല്‍ നിന്നുമാണ് കാനനയാത്ര ആരംഭിക്കുന്നത്.മലക്കപ്പാറ വരെയുള്ള യാത്രയ്ക്കായി അവിടെയുള്ള ഫോറെസ്റ്റ് സ്റ്റേഷന്‍ നിന്നും അനുമതി പാസ്‌ എടുക്കണം.മലക്കപ്പാറ ഏത്തേണ്ട സമയവും അതിൽ രേഖപ്പെടുത്തും .11 മണിക്ക് യാത്ര തുടഗിയ ഞങ്ങള്‍ 1 .30 മലക്കപ്പാറ എത്തണം . നമ്മുടെ വാഹനത്തില്‍ ഉള്ള പ്ലാസ്റ്റിക്‌ സാധനങ്ങളുടെ വിവരവും നല്‍കണം. കാട്ടിനുള്ളില്‍ പ്ലാസ്റ്റിക്‌നിക്ഷേപിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി.

കാട്ടിലെ മഴ ,അത് കെട്ടിട്ടേ ഉള്ളായിരുന്നു ,അത് അനുഭവിച്ചറിയാന്‍ കഴിഞ്ഞു. കാറിലെ യാത്രയേക്കാള്‍ ബൈക്ക് യാത്രികര്‍ക്കാണ് കൂടുതല്‍ ആസ്വാദ്യകരം. കാട്ടിലെ മഴയ്ക്ക് ഒരു സംഗീതമുണ്ട് മരചില്ലകളില്‍ നിന്നും കുതറി വീണു ഇലകളില്‍ തുള്ളിക്കളിക്കുന്ന മഴയുടെ സംഗീതം.കാട്ടിലെ മഴയും മഴക്കാടുകളുടെ സൗന്ദര്യവും ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മൃഗങ്ങള്‍ ഇറങ്ങാന്‍ സാധ്യത ഉള്ളതിനാൽ വാഹനം നിർത്തരുതെന്നാണ് നിർദേശം .എങ്കിലും പലപ്പോഴും കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ അറിയാതെ ഞങ്ങൾ ഇറങ്ങി പോയി .



വീതി കുറഞ്ഞ കാനന പാതയിൽ ഗതാഗത കുരുക്ക് ഉണ്ടായത് യാത്രയുടെ വേഗം കുറച്ചു .കൊടും കാടിലൂടെയുള്ള 30 കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ ആണ് മലക്കപ്പാറ എത്തുക.അവിടെ ആദ്യം കണ്ട ബിസ്മി ഹോട്ടല്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു. ചെറിയ കുറച്ചു കടകളും തേയില തോട്ടങ്ങളും അടങ്ങിയ ഒരു ചെറിയ മലയോര ഗ്രാമം ആണ് മലക്കപ്പാറ.മലക്കപ്പാറ നിറയെ തേയിലത്തോട്ടങ്ങള്‍ ആണ്,മൂന്നാറിനെ അനുസ്മരിപ്പിക്കും. മലക്കപ്പാറ എത്തിയപ്പോഴാണ് ഇനി തിരികെ വന്ന വഴി പോകേണ്ട പൊള്ളാച്ചി വഴി ചുറ്റി പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചത്.മലക്കപ്പാറയില്‍ ഫോറെസ്റ്റ് ചെക്ക്പോസ്റ്റ് ഉണ്ട് അവിടെ നമ്മള്‍ വാഴച്ചാല്‍ നിന്നും എടുത്ത പാസ്‌ തിരികെ നല്‍കണം.



മലക്കപ്പാറ നിന്നും നാല് കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍ തമിഴ്‌നാട്‌ ആയി.അപ്പോഴാണ് ശ്രദ്ധിച്ചത് കേരള അതിര്‍ത്തി വരെ ആതിരപ്പള്ളി പഞ്ചായത്ത്‌ ആണ്. ഈ കേരള അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് സ്വന്തം പഞ്ചായത്ത്‌ ഓഫീസ് എത്തണം എങ്കില്‍ മൂന്നു മണിക്കൂര്‍ അധികം യാത്ര ചെയ്ത് ആതിരപ്പള്ളി എത്തണം,അതും ബസുകള്‍ അപൂര്‍വമായി മാത്രം.ആതിരപ്പള്ളി പഞ്ചായത്തിന്റെ വിവരങ്ങള്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ 489 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രിതിയുള്ള വലിയൊരു പഞ്ചായത്ത്‌.ആലപ്പുഴ ജില്ലയുടെ മൂന്നില്‍ ഒന്ന് വരും,ബഹറിന്‍ രാജ്യത്തോട് അടുത്തുള്ള വിസ്ത്രിതി.

മലക്കപ്പാറയില്‍ നിന്ന് അടുത്തുള്ള ലക്ഷ്യ സ്ഥാനം വാല്‍പ്പാറയാണ്.ആ യാത്രയിലാണ് ഷോളയാര്‍ ഡാം.കനത്ത മഴ കാരണം ഷോളയാര്‍ ഡാമിലേക്ക് പോയില്ല.




ഏകദേശം ഒന്നര മണിക്കൂര്‍ യാത്രകൊണ്ട് വാല്‍പ്പാറ എത്തി. ചെറിയ ഒരു പട്ടണം ആണ് വാല്‍പ്പാറ.



വാല്‍പ്പാറ നിന്നും അടുത്ത് പോകേണ്ടത് പൊള്ളാച്ചിക്കാണ്.വീണ്ടും വിസ്മയകരമായ ഒരു കാനന യാത്ര കൂടി ഞങ്ങളെ തേടിയെത്തി. വാല്‍പ്പാറ നിന്നും ആളിയാര്‍ ഡാം വഴിയാണ് പൊള്ളാച്ചി എത്തേണ്ടത്. മുപ്പതിലധികം ഹെയര്‍പിന്‍ വളവുകള്‍ ചുറ്റി കൊടും കാടില്‍ കൂടി വീണ്ടും ഒരു യാത്ര. ഒരു വശത്തു കാട്‌ ,ഒരു വശത്തു ഡാമിന്റെ ദൂര കാഴ്ച . ഹെയര്‍പിന്‍ വളവുകള്‍ അവസാനിക്കുമ്പോള്‍ മങ്കി ഫാള്‍സ് എന്ന ചെറിയൊരു വെള്ളച്ചാട്ടം ഉണ്ട്.



മങ്കി ഫാൾസ് കഴിഞ്ഞു അര മണിക്കൂർ യാത്ര കൂടി കഴിയുമ്പോൾ ആളിയാർ ഡാം എത്തും . ചാലക്കുടിപ്പുഴയിലെ അപ്പർ ഷോളയാർ ഡാം ,പറമ്പിക്കുളം ഡാം , തൂണക്കടവ് ഡാം ,പെരുവാരിപ്പള്ളം ഡാം എന്നിവയിൽ നിന്നും പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളം നൽകുന്ന ജലം ആണ് ആളിയാർ ഡാമിലേക്ക് എത്തുന്നത് .നല്ല മഴയിൽ കുടയും ചൂടി ഞങ്ങൾ ആളിയാർ ഡാമിലേക്ക് .അഞ്ചു രൂപ പ്രവേശന പാസ് എടുക്കണം.ഡാം നിറയെ വെള്ളമില്ല . മനോഹരമായ കാഴ്ച്ചയാണ് ഡാം പരിസരം നമുക്ക് സമ്മാനിക്കുന്നത് .



ഡാം മുൻപിൽ തട്ട് കടകളിൽ വലിയ മത്സ്യം പൊരിച്ചു തൂക്കിയിട്ടത് കണ്ടപ്പോൾ വായിൽ വെള്ളമൂറി .പക്ഷെ പരീക്ഷണത്തെ പരാജയം ആയിരുന്നു .180 രൂപ നൽകി ഒരെണ്ണം വാങ്ങി എങ്കിലും വയറു കേടാക്കേണ്ട എന്ന് കരുതി ഒന്ന് രുചിച്ചു അവിടെ ഉപേക്ഷിച്ചു മടങ്ങി .



ഇനി കാഴ്ചകൾ ഒന്നുമില്ല ,സമയം അഞ്ചു കഴിഞ്ഞു ഇനി ലക്ഷ്യ സ്ഥാനം സ്വഗൃഹം. ആളിയാർ നിന്നും പൊള്ളാച്ചി എത്താതെ ആനമല വഴി കേരളത്തിലേക്ക് എത്താവുന്ന ഒരു വഴി ഗൂഗിൾ നിർദേശിച്ചു .അങ്ങനെ ആ വഴിയായി യാത്ര. അതി വിശാലവും മനോഹരവുമായ തെങ്ങിൻ തോപ്പുകൾ ആണ് ആനമല യാത്രയിൽ ഞങ്ങളെ ആകർഷിച്ചത് .

ആനമല നിന്നും തമിഴ്‌നാട്ടിലെ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് കടന്ന് കേരളം അതിർത്തിയിൽ എത്തി .പിന്നെ ഗോവിന്ദാപുരം ചെക്‌പോസ്റ് കടന്ന് മുതലമട , കൊല്ലങ്കോട് , നെന്മാറ ,വടക്കുംചേരി വഴി പാലക്കാടൻ മണ്ണിലൂ ടെ ഒരു യാത്ര . അങ്കമാലി എത്തി രാത്രി ഭക്ഷണവും കഴിഞ്ഞു വീട് എത്തിയപ്പോൾ രാത്രി 12 മണി. 18 മണിക്കൂർ കൊണ്ട് ഏകദേശം 565 കിലോമീറ്റര് യാത്ര ചെയ്തു .

ഒരിക്കലും മറക്കാത്ത ഒരു വിസ്‌മയ യാത്ര , കാട് വീണ്ടും വിളിക്കുന്നു ,കാട്ടിലെ മഴ വീണ്ടും വിളിക്കുന്നു.

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഉത്തരം താങ്ങുന്ന ജാതി സംഘടനകള്‍

വര്‍ത്തമാനകാല കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലകളില്‍ എന്‍എസ്സ്എസ്സ്,എസ്എന്‍ഡിപി യോഗം ഉള്‍പ്പെടയുള്ള ജാതി സംഘടനകള്‍ക്ക് യാതൊരുവിധമായ പ്രാധാന്യവുമില്ല.മണ്മറഞ്ഞ മഹാരഥന്മാരായ നേതാക്കളുടെ പൈതൃകത്തിന്റെ പേര് പറഞ്ഞു സമുദായത്തിന്റെ അപ്പോസ്തലന്മാരായി അഭിരമിക്കുന്ന ഈ സംഘടനകളുടെ ഇപ്പോഴത്തെ നേതാക്കളെ കൊണ്ട് സ്വസമുദായങ്ങള്‍ക്കോ പൊതു സമൂഹത്തിനോ ഒരുഗുണവുമില്ല.
കാലാകാലങ്ങളില്‍ മാറി മാറി വരുന്ന അധികാരികളെ കണ്ണുരുട്ടിയും കാല് പിടിച്ചും നേടുന്ന അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ കൊണ്ട് സമുദായ നേതൃത്വങ്ങളും അവരുടെ അനുചരന്മാരും സമ്പന്നരായി മാറുന്നു എന്നതില്‍ കഴിഞ്ഞു സമുദായ ക്ഷേമമോ സാമൂഹിക പുരോഗതിയോ ഒന്നും ഈ സംഘടനകള്‍ വഴി ഉണ്ടാകുന്നില്ല.ഈ സംഘടനകളുടെ എല്ലാം തലപ്പത്ത് സമ്പന്നമായ നേതൃത്വമാണുള്ളത്,അതുപയോഗിച്ചു ഇവര്‍ സൃഷ്ടിക്കുന്ന കൃത്രിമ ജനാതിപത്യ പ്രക്രിയകളില്‍ കൂടി കേറിയിരിക്കുന്ന കസേരകളില്‍ വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ ഇവര്‍ തുടരുന്നു.


സമുദായത്തിന്റെ പേര് പറഞ്ഞു വാങ്ങുന്ന വിദ്യാഭാസ സ്ഥാപങ്ങളില്‍ പ്രവേശനത്തിനും നിയമനത്തിനും ജാതിമത വ്യതാസം ഇല്ലാതെ വന്‍ തോതില്‍ കോഴ വാങ്ങുന്നു.ഏറ്റവും താഴെ തട്ടില്‍ നിന്ന് മുതല്‍ പിരിവുകളും നടത്തുന്നു.ഇതെല്ലാം കഴിഞ്ഞു തിരികെ സമുദായതിനോ പൊതു സമൂഹത്തിനോ എന്ത് നല്‍കി എന്ന് ചോദിച്ചാല്‍ കാര്യമായി പറയാന്‍ ഒന്നുമില്ല.പിന്നെ വലിയ പബ്ലിസിറ്റി നല്‍കി നടത്തുന്ന ചെറിയ എന്തെങ്കിലും സേവന സഹായങ്ങള്‍ കാണും,അതിപ്പോള്‍ ഏതൊരു ചാരിറ്റി സംഘടനകള്‍ക്കും ചെയ്യാവുന്നതാണ്.
പിന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്നാ പേരില്‍ ഇവര്‍ നടത്തുന്ന ഗീര്‍വാണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ സമുദായക്കാരായ മുഴുവന്‍ ആളുകളുടെയും വോട്ടുകള്‍ ഇവരുടെ കൈവശം ഫിക്സഡ് ഡിപ്പോസിറ്റ് ആണെന്ന് തോന്നിപോകും.രാഷ്ട്രീയമായി വളരെയധികം വേര്‍തിരിക്കപെട്ട,ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യതാസം നേര്തതായ കേരളത്തിന്റെ രാഷ്ടീയ ഭൂപടത്തില്‍ ഒരു പക്ഷെ ഒരു നിയമ സഭാ മണ്ഡലത്തില്‍ ഇവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാവുന്ന ആയിരം വോട്ടുകള്‍ പോലും നിര്‍ണ്ണയകമാണ്.അത് മനസിലാക്കിയാണ് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവര്‍ക്ക് ചുറ്റും കൂടുന്നത്.പക്ഷെ സമദൂരവും ശെരി ദൂരവും എന്നൊക്കെയുള്ള രണ്ടു വള്ളത്തില്‍ ചവിട്ടല്‍ മാറ്റി ഒറ്റയ്ക്ക് പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ചാല്‍ ഇവര്‍ക്കൊന്നും കെട്ടിവെച്ച കാശ് ഒറ്റ മണ്ഡലത്തിലും കിട്ടില്ല.


ഇന്നും വലിയൊരു പങ്കു ആളുകളില്‍ അന്തര്‍ലീനമായ ജാതീയമായ വികാരത്തെ അതീവ സമര്‍ത്ഥമായി ഉപയോഗിച്ച്കൊണ്ട് അതിന്റെ പേരില്‍ കെട്ടിപൊക്കപെട്ട ഒരു കടലാസ് കൂടാരമായി സമുദായ സംഘടനകള്‍ മാറി.ഈ സംഘടനകളില്‍ പ്രാഥമിക അംഗത്വമുള്ള മഹാ ഭൂരിപക്ഷത്തിനും ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ല അല്ലെങ്കില്‍ അവര്‍ അതില്‍ തത്പരരല്ല,അതുകൊണ്ടുതന്നെ ഈ നേതാക്കളുടെ തീട്ടൂരങ്ങള്‍ക്ക് അവര്‍ തങ്ങളുടെ സംഘ ശക്തിയെന്ന് അവകാശപ്പെടുന്ന മഹാ ഭൂരിപക്ഷം സമുദായ അംഗങ്ങളും പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.

2015, ജൂലൈ 4, ശനിയാഴ്‌ച

ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ്

1931 നു ശേഷം രാജ്യത്ത് ആദ്യമായി നടന്ന,ജാതി സെന്‍സസിന്‍റെ ആദ്യ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.ജാതി സെന്‍സസ് എന്ന് പൊതുവേ പറഞ്ഞെങ്കിലും സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ആയിരുന്നു നടന്നത്.ഏറെ രസകരം എന്ന് പറയട്ടെ പുറത്തുവിട്ട കണക്കുകളില്‍ ജാതി വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഒന്നുമില്ല.ആകെ ലഭ്യമാകുന്നത് പട്ടികജാതി പട്ടികവര്‍ഗ ജനസംഖ്യ അനുപാതം മാത്രം.

ഓരോ പത്തു വര്‍ഷവും നമ്മുടെ രാജ്യത്ത് നടക്കുന്ന സെന്‍സസില്‍ നിന്നും വിഭിന്നമാണ് ഈ സാമൂഹിക സാമ്പത്തിക  ജാതി സെന്‍സസ്.മാത്രമല്ല രണ്ടിലുമുള്ള വിവരങ്ങള്‍ തമ്മിലും കാര്യമായ അന്തരമുണ്ട്.ജനസംഖ്യാ സെന്‍സസ് നടന്നത് 2011 ഫെബ്രുവരിയിലാണ് എന്നാല്‍ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടന്നത് 2011,2012 വര്‍ഷങ്ങളില്‍ ആയിരുന്നു, ചില സംസ്ഥാനങ്ങളില്‍ അത് 2013 ആയി.ജനസംഖ്യാ സെന്‍സസ് പ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യ സ്വഭാവം ഉള്ളതാണ്,അത് എവിടെയും വെളിപ്പെടുതുകയില്ല.എന്നാല്‍ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് വഴി ശേഖരിച്ച വിവരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.125 വീടുകള്‍ ഉള്ള ഇരുപത്തിനാല് ലക്ഷം എനുമറേഷന്‍ ബ്ലോക്കുകള്‍ ആയി തിരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.ഗ്രാമങ്ങളില്‍ നിന്നുള്ള വിവര ശേഖരത്തിന്റെ നിയന്ത്രണം ഗ്രാമ വികസന വകുപ്പിനും നഗരങ്ങളില്‍ നിന്നുള്ള വിവര ശേഖരത്തിന്റെ നിയന്ത്രണം നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജന വകുപ്പിന്‍റെയും ജാതി വിവരങ്ങള്‍ അഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സെന്‍സസ് ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലും ആയിരുന്നു.

2015 ജൂലൈ മൂന്നിനു കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ടമായി പുറത്തുവിട്ട വിവരങ്ങളുടെ ചുരുക്കം ഇപ്രകാരമാണ്.



എല്ലാ വിവരങ്ങളും SECC വെബ്സൈറ്റില്‍ ലഭ്യമാണ്.ഓരോ ഗ്രാമങ്ങളെയും സംബന്ധിച്ച വിശദമായ വിവരങ്ങളും ഈ ലിങ്കില്‍  ലഭ്യമാണ്.കേരളത്തിലെ ജില്ലകളുടെയും ഗ്രാമങ്ങളുടെയും വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഈ സെന്‍സസ് വെളിപ്പെടുത്തുന്നത്.ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ക്ക്‌ ഇതുവരെ ഭരിച്ച ഭരണകൂടങ്ങള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.ആഗോളീകരണം,നവ ലിബറല്‍ നയങ്ങള്‍ ഒന്നുമല്ല ഇതിന്‍റെ കാരണങ്ങള്‍,ഉദാരീകരണം തുടങ്ങുന്നതിനു മുന്‍പും ഇത്തരം ഒരു സര്‍വ്വേ നടത്തിയാലും വിഭിന്നമായ ഒരു ഫലം ഉണ്ടാകുമായിരുന്നില്ല.

ഈ സര്‍വ്വേ വെളിപ്പെടുത്തിയ പ്രസക്തമായ ചില കാര്യങ്ങള്‍.പത്ര വാര്‍ത്തകളില്‍ കൂടുതല്‍ സമഗ്രത ഇല്ലാത്തത്കൊണ്ട്  SECC വെബ്സൈറ്റ് സന്ദര്‍ശിച്ചു സമാഹരിച്ച വിവരങ്ങള്‍

കുടുംബങ്ങളുടെ പൊതു ചിത്രം




വരുമാന മാര്‍ഗങ്ങള്‍ സെന്‍സസ് പ്രകാരം വെളിപ്പെടുത്തിയത്


കേരളവുമായി ബന്ധപെട്ട വിവരങ്ങള്‍ സംഗ്രഹ പട്ടികയില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ.ജില്ലയും വില്ലേജും തിരിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍



 വരുമാന ഘടന








ഭൂമിയുടെ അളവ്


ഈ വിവരങ്ങള്‍ എല്ലാം എനുമറെറ്റര്‍മാര്‍ക്ക് ഓരോ കുടുംബവും നല്‍കിയതില്‍ നിന്നും സംഗ്രഹിച്ചതാണ്.നല്‍കിയ വിവരങ്ങള്‍ ശെരിയാണോ എന്ന് പരിശോധിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഒരു പൂര്‍ണ്ണത അവകാശപ്പെടാന്‍ കഴിയില്ല ഈ വിവരങ്ങളില്‍.

സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഈ സര്‍വ്വേ വിവരങ്ങള്‍ സഹായിക്കും എന്ന് കരുതാം.ഒരു പക്ഷെ ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ജാതി തിരിച്ചുള്ള കണക്കുകളും പുറത്തു വന്നേക്കാം.




Related Posts Plugin for WordPress, Blogger...