പേജുകള്‍‌

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

പ്രായോഗിക വാദികളും പ്രതിശ്ചായ വാദികളും

പ്രായോഗിക വാദികളും പ്രതിശ്ചായ വാദികളും തമ്മിലുള്ള ഫുട്ബോള്‍ മത്സരം അപ്രതീക്ഷിതം ആയിരുന്നു.പ്രതിശ്ചായ വാദികളുടെ ധീരനായ നായകന്‍ എതിര്‍ പ്രതിരോധ നിര സജ്ജമാകും മുന്‍പേ ഗോള്‍ അടിച്ചു സ്വന്തം ടീമിനെ മുന്‍പില്‍ എത്തിച്ചപ്പോഴാണ് കളി തുടങ്ങിയ കാര്യം കാണികളായ കേരളപുരം നിവാസികള്‍ അറിഞ്ഞത്.

ആദ്യ ഗോളിന് ശേഷം കളി വിരസമായി മാറി.പ്രായോഗിക വാദികളുടെ സ്പോണ്‍സര്‍മാര്‍ ആയ മുതലാളികളുടെ സംഘടന പരാജയം ഭയന്ന് മത്സരം നിര്‍ത്തിവെക്കണം എന്ന് ആവശ്യപെട്ട് വ്യവഹാരത്തിന് ശ്രമിച്ചു.

കാണികളില്‍ കൂടുതലും പ്രായോഗിക വാദികളുടെ ആരാധകര്‍ ആയിരുന്നു,പക്ഷെ അവര്‍ക്ക് സ്വന്തം ടീമിനായി  ആവേശ പ്രകടനം നടത്താന്‍ മടി,അതുകൊണ്ട് അവര്‍ നിശബ്ദര്‍ ആയിരുന്നു.ചിലരാകട്ടെ പ്രതിശ്ചായ വാദികളുടെ അക്രമം ഭയന്നു ,മനസില്‍ പ്രായോഗിക വാദികളെ പിന്തുണച്ചു കൊണ്ട് പ്രതിശ്ചായവാദികള്‍ക്കായി കയ്യടിച്ചു.

എണ്ണത്തില്‍ കുറവായിരുന്നു എങ്കിലും  പ്രതിശ്ചായ വാദികളുടെ പിന്തുണക്കാരായ കാണികള്‍ ആദ്യ ഗോള്‍ വീണപ്പോള്‍ മുതല്‍ ആനന്ദനൃത്തം തുടങ്ങി.പ്രായോഗിക വാദികളുടെ ടീമിനെയും നായകനെയും ആരാധകരെയും അവര്‍ പുലഭ്യം പറഞ്ഞു.

ഡല്‍ഹിക്കാരി ആയ റഫറിക്ക് ഇപ്പോള്‍ പഴയപോലെ ഹൈകമാന്‍ഡിംഗ് പവര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ ഗ്രൗണ്ടില്‍ കാഴ്ചക്കാരിയായി നോക്കികൊണ്ടിരുന്നു.

കളി പതുക്കെ ആവേശം പൂണ്ടു.പ്രതിശ്ചായ വാദികളുടെ ടീം സുസജ്ജം ആയിരുന്നു.ആദ്യ ഗോള്‍ അടിച്ച ശേഷം ധീരനായ നായകന്‍ സെന്‍ട്രല്‍ ഡിഫന്‍സ്ലേക്ക് ഇറങ്ങിനിന്ന് ജയം ഉറപ്പിക്കാന്‍ ശ്രമിച്ചു.ഒപ്പം പ്രായോഗിക വാദികളുടെ നായകനെ ഫൌള്‍ ചെയ്യാനുള്ള നീക്കങ്ങളും ഇടക്ക് നടത്തി.ലെഫ്റ്റ് ബാക്ക് ആയി തൃശൂര്‍കാരന്‍ താടിക്കാരനെയും റൈറ്റ് ബാക്ക് ആയി കൊല്ലക്കാരന്‍ വാപോയ കോടാലിയെയും നിര്‍ത്തിയതോടെ പ്രതിരോധം സുസജ്ജമായി.

പ്രതിശ്ചായ വാദികളുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയ ളോഹക്കാരന്‍ അതിശക്തമായ മുന്നേറ്റങ്ങള്‍ നടത്തികൊണ്ടിരുന്നു.അയാള്‍ക്ക് വലിയ ഗ്രൌണ്ട് സപ്പോര്‍ട്ട് ആയിരുന്നു.അയാളുടെ ഓരോ നീക്കത്തിനും അയാളുടെ അതെ വേഷം ധരിച്ചെത്തിയ ഗ്രൗണ്ടില്‍ ഉള്ള കാണികള്‍ പിന്തുണ നല്‍കികൊണ്ടിരുന്നു.

പ്രായോഗികവാദികളുടെ നീക്കങ്ങള്‍ ദുര്‍ബലമായിരുന്നു.ചേര്‍ത്തലക്കാരന്‍ കഷണ്ടി സ്ട്രൈക്കര്‍ക്ക് ഫലപ്രദമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കഴിഞ്ഞില്ല.മിഡ് ഫീല്‍ഡ്ല്‍ ഉള്ള   കോഴിക്കോട്ടുകാരന്‍ ആയ കിങ്ങിണി നടത്തിയ നീക്കങ്ങള്‍ ഒന്നും ഫലം കണ്ടില്ല.  പ്രായോഗികവാദികള്‍ക്ക്  ഗോളി ഇല്ലാത്തത് കൊണ്ട് പ്രതിരോധം കാക്കേണ്ട തൃപ്പൂണിത്തുറക്കാരനായ പുംഗവന് ഇരട്ടി ജോലി ആയിരുന്നു.പ്രതിശ്ചായ വാദികളുടെ അക്രമത്തിനു മുന്‍പില്‍ എപ്പോഴും അയാള്‍ ചൂളി പോയി.

പ്രായോഗികവാദികളുടെ നായകന്‍ പുതുപ്പള്ളിക്കാരന്‍ യാതൊരു നീക്കവും നടത്താതെ ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു.പരാജയം ഉറപ്പിച്ച  ആ നീക്കങ്ങള്‍ കണ്ടാല്‍  അദേഹം എതിര്‍ ടീം നായകന്റെ ഫൌള്‍ ഒഴിവാക്കാന്‍ മാത്രം ശ്രമിക്കുകയാണെന്ന് തോന്നി പോകും

കളി അവസാന നിമിഷതിലേക്ക് നീങ്ങിയതോടെ ആവേശം മൂത്തു.അതിനിടയില്‍ പ്രായോഗിക വാദികളുടെ സ്പോന്‍സര്‍മാരായ മുതലാളികള്‍ പരാജയം ഉറപ്പിച്ചു വ്യവഹാരത്തിലൂടെ കളി നിര്‍ത്തിവെക്കാന്‍ ശ്രമിച്ചു.ആ ഫൌള്‍ പ്ലേ വന്നതോടെ പ്രതിശ്ചായ വാദികളുടെ ടീമിലുള്ളവരുടെ ആവേശം മൂത്തു.

അതുവരെ ദുര്‍ബല നീക്കങ്ങള്‍ നടത്തി കൊണ്ടിരുന്ന പ്രതിശ്ചായ വാദികളുടെ മലപ്പുറത്ത്കാരന്‍ മിഡ്ഫീല്‍ഡര്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തികൊണ്ട് ഗോള്‍ പോസ്റ്റിലേക്ക് മുന്നേറി. ജയം ഉറപ്പിച്ചേ പിന്മാരൂ എന്ന രീതിയില്‍ ആയി അയാളുടെ നീക്കങ്ങള്‍.

പ്രായോഗിക വാദികളുടെ നിരയില്‍ ഉള്ള പൊക്കം കുറഞ്ഞ തിരുവനന്തപുരതുകാരന്‍ അതിനിടയില്‍ ഒരു മുന്നേറ്റം നടത്തി  പക്ഷെ പ്രതിശ്ചായ വാദികളുടെ പ്രതിരോധ ഭടന്‍മാര്‍ ആയ തൃശൂര്‍ക്കാരന്‍ താടിയും കൊല്ലക്കാരനും കൂടി അത് തട്ടിയകറ്റി.

പ്രായോഗിക വാദികളുടെ മധ്യനിരയില്‍ കളിച്ച പാലാക്കാരന്റെ നീക്കങ്ങള്‍ കളിയെ അവസാന  നിമിഷത്തില്‍ കൂടുതല്‍ രസകരമാക്കി.അദേഹം സെല്‍ഫ് ഗോള്‍ അടിക്കുവാണോ ടീം മാറി കളിക്കുകയാണോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല.എന്തായാലും പ്രതിശ്ചായ വാദികളുടെ നായകന് അയാള്‍ കൃത്യമായി പന്ത് എത്തിച്ചുകൊടുത്തു.

കളിഇഞ്ചുറിടൈമിലേക്ക് നീങ്ങി.പ്രതിശ്ചായ വാദികളുടെ നായകന്‍ ജയം ഉറപ്പിച്ചു,ഇനി സമനില ആയാലും വേണ്ടില്ല എതിര്‍ നായകനെ ഒന്ന് ഫൌള്‍ കൂടി ചെയ്താല്‍ ലക്ഷ്യം പൂര്‍ത്തിയാകും എന്നതായിരുന്നു അദേഹത്തിന്റെ ചിന്ത.

പ്രായോഗിക വാദികളുടെ നായകന് അവസാന നിമിഷം ആയപ്പോള്‍ ജയം ഉറപ്പിച്ചേ തീരൂ എന്നായി.അദേഹത്തിന് ഒരു കാര്യം മനസിലായി കേളി ശൈലി മാറ്റാതെ കളി ജയിക്കില്ല.അങ്ങനെ പ്രായോഗിക ശൈലിയില്‍ അതുവരെ നീക്കം നടത്തിയ അദേഹം പെട്ടെന്ന് പ്രതിശ്ചായ ശൈലിയിലേക്ക് കളി മാറ്റി.അവസാന നിമിഷത്തിലെ അദേഹത്തിന്റെ ശൈലിമാറ്റം കണ്ടു പ്രതിശ്ചായ വാദികള്‍ അമ്പരന്നു,ആ അമ്പരപ്പ് മുതലാക്കി അദേഹംഒറ്റയ്ക്ക് പന്തുമായി മുന്നേറി.ആര്‍ക്കും പ്രതിരോധിക്കാന്‍ ആയില്ല.
പ്രതിശ്ചായവാദികളുടെ അമ്പരപ്പ് മാറും മുന്‍പ് അദേഹം ഗോള്‍ അടിച്ചു.ബൌണ്‍സ് ചെയ്തു വന്ന പന്ത് വീണ്ടും ഗോള്‍ അടിക്കാന്‍ അയാള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടായില്ല,എന്തെന്നാല്‍ അതുവരെ കളം നിറഞ്ഞു നിന്ന പ്രതിശ്ചായവാദികള്‍ കളി മറന്ന പോലെ നോക്കി നിന്നു,പ്രായോഗിക വാദികളുടെ പുതുപ്പള്ളിക്കാരന്‍ നായകന്‍ തുരുതുരാ ഗോള്‍ അടിച്ചു ടീമിന്റെ ജയം ഉറപ്പിച്ചു.

കളി തോറ്റ പ്രതിശ്ചായ വാദികള്‍ നാണക്കേടിന് ഇടയിലും പറഞ്ഞു ഞങ്ങളുടെ കേളി ശൈലി ആണ് ജയിച്ചത്.സ്വന്തം ടീം തോറ്റെങ്കിലും പ്രതിശ്ചായ വാദികളുടെ ഫാന്‍സ്‌ ആഹ്ലാദ നൃത്തം തുടങ്ങി.

കളി ജയിച്ച പ്രായോഗിക വാദികളുടെ ആരാധകര്‍ നിശബ്ദത തുടര്‍ന്നു,അവര്‍ക്ക്  ടീം ജയിച്ചെങ്കിലും ആഹ്ലാദിക്കാന്‍ ഒന്നുമില്ല.

ടീം സ്പോണ്‍സര്‍മാര്‍ ആയ മുതലാളിമാര്‍ വ്യവഹാരത്തില്‍ കൂടി ഈ കളി ഫൌള്‍ ആണെന്ന് പ്രഖ്യാപിപ്പിക്കും എന്ന വിദൂര പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുന്നു


2014, ജൂലൈ 29, ചൊവ്വാഴ്ച

അറിയപ്പെടാത്ത നക്ഷത്രങ്ങള്‍

കൂമന്‍ കാവില്‍ ബസ്‌ ഇറങ്ങി ഖസാക്കിലേക്ക് പോകുന്ന രവി.ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ മലയാളികള്‍ക്കും ഓര്‍മ വരുന്നത് ഖസാക്കിന്‍റെ ഇതിഹാസത്തിലെ രവിയെ ആയിരിക്കും,തേവാരത് ശിവരാമന്‍ നായരുടെ  ഞാറ്റു പുരയിലെ ഏകാദ്ധ്യാപക വിദ്യാലയം.

ഒരു പക്ഷെ  നമ്മുടെ പൊതുസമൂഹത്തിനു ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പരിചിതമായിരിക്കില്ല.വിദ്യാലയങ്ങളുടെ സാന്ദ്രത ഗ്രാമങ്ങളിലുംനഗരങ്ങളിലും ഏറെ ഉള്ളപ്പോള്‍.എന്നാല്‍ കേരളത്തിലും ഉള്‍പ്രദേശങ്ങളില്‍, കൊടും വനങ്ങളില്‍   ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക്  ഉള്‍പ്പെടെ അറിവിന്റെ വെളിച്ചം പകരുന്ന  ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നിരവധി ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.

ആദിവാസി മേഖല, ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ 1997ൽ ആണ്  വിവിധ ഭാഗങ്ങളിൽ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്.ഏറെ പ്രതിസന്ധികൾ നേരിടേണ്ട സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുമെന്നതിനാൽ ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലായിരുന്നു.ഒടുവില്‍ ടിടിസി വേണമെന്ന നിബന്ധന ഒഴിവാക്കി,എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായി തീരുമാനിച്ചാണ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. ആദിവാസി മേഖലകളിലെ സാക്ഷരതാ പ്രവർത്തകരായിരുന്നു അദ്ധ്യാപകരിൽ  ഏറെയും. 

2013 മാര്‍ച്ച്‌ 11 നു കോതമംഗലം സ്വദേശിനിയായ ലിസി എന്ന ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക സ്കൂളിലേക്കുള്ള യാത്രയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു,ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോയ വാര്‍ത്ത‍.ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനി ഏകാദ്ധ്യാപകവിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു ലിസി.15 വര്‍ഷമായി ആ ബദല്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു ലിസി ടീച്ചര്‍.  പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാങ്ങാനായി 50 കിലോമീറ്റര്‍ അകലെയുള്ള കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് പോകുംവഴിയാണ്  ആന ആക്രമിച്ചത്.കുഞ്ചിപ്പാറയിലെ, ഈറ്റയും മുളയും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുള്ള സ്‌കൂളില്‍ 22 കുട്ടികളെയാണ് ലിസി ടീച്ചര്‍ പഠിപ്പിച്ചിരുന്നത്.ആദിവാസി കുടികളിലെ പുരുഷന്മാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനവും ഇവര്‍ നടത്തിയിരുന്നു.

                                                                         ലിസി ടീച്ചര്‍


ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ഉള്ള വിവിധ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍.ഇവിടേക്ക് പോകുന്ന അദ്ധ്യാപകരുടെ ദുരിതം സങ്കല്പ്പിക്കാവുന്നതിലും അപ്പുറമാണ്.ഇരുപത്തിയെട്ടു കുടികള്‍ ചേര്‍ന്നയിടമാണ്‌ ഇടമലക്കുടി. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്ത്‌ എന്ന നിലയില്‍ നമ്മള്‍ വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട് ഇടമലക്കുടിയെ പറ്റി.വാഹന സൗകര്യം അവസാനിക്കുന്നടുത്തു നിന്ന് കൊടും കാടില്‍കൂടി ഒരു ദിവസം മുഴുവന്‍ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് സ്കൂളില്‍ എത്തുവാന്‍ കഴിയൂ.
ഇവരുടെ ദുരിതയാത്രയെ പറ്റിയുള്ള ഒരു ലേഖനം താഴെ കാണുന്ന ലിങ്കില്‍ വായിക്കാം 

ഇടമലക്കുടിയുടെ ഇതിഹാസം

വന്യമൃഗങ്ങളുടെ ശല്യമുളള കൊടുംവനവും എത്തിപ്പെടാൻ ഏറെ പ്രയാസമുളള ഉൾപ്രദേശങ്ങളും താണ്ടി കുട്ടികളെ പഠിപ്പിക്കുന്ന ഇവര്‍ പേറുന്ന ദുരിതം വളരെ വലുതാണ്.തുച്ചമായ വേതനം,പലര്‍ക്കും മാസത്തില്‍ ഒരിക്കല്‍ മാത്രമേ വീട്ടില്‍ പോകാന്‍ കഴിയൂ.കൊടുംകാട്ടില്‍ ഇങ്ങനെ സ്കൂളിനുള്ളില്‍ തന്നെ അവര്‍ക്കും താമസിക്കേണ്ടി വരുന്നു.ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള അദ്ധ്യാപകര്‍ പലരും അവരെയും കൂട്ടിയാണ് കാട് കയറുന്നത്.

ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ നാലാം ക്ലാസ് വരെയാണ് ക്ലാസുകള്‍ ഉള്ളത്.അതിനുശേഷം ഈ കുട്ടികള്‍ സാധാരണ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുന്നു. ഈ കുട്ടികള്‍ക്ക് ശരിയായ അധ്യയനം നല്കാന്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എത്രമാത്രം പര്യാപ്തമാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷേ ഇത്തരം വിദ്യാലയങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കുട്ടികളില്‍ പലരും അറിവിന്റെ ലോകത്തേക്ക് കടക്കുക പോലുമില്ലായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ വരുന്നത് എങ്കിലും വകുപ്പിന് ഇവയുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ഇല്ല.സംസ്ഥാനത്ത് 354 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണുള്ളത്.354 വിദ്യാലയങ്ങളില്‍  ആയി 412 ജീവനക്കാരും 8487 വിദ്യാര്‍ഥികളുമുണ്ടെന്നാണ് സര്‍ക്കാറിന്‍െറ കണക്ക്.ഇതില്‍ 111  വിദ്യാലയങ്ങള്‍  പ്രൈമറി സ്കൂളുകളായി മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തെങ്കിലും ഇതുവരെ നടപ്പായില്ല.ഈ വിദ്യാലയങ്ങല പ്രൈമറി സ്കൂളുകള്‍ ആക്കുമ്പോള്‍ ഏറ്റവും ആശങ്കയിലാകുന്നത് ഇങ്ങനെ ഉയര്‍ത്തപ്പെടുന്ന സ്കൂളുകളിലെ അദ്ധ്യാപകരാണ്.പ്രൈമറി വിദ്യാലയങ്ങള്‍ ആകുന്നതോട് കൂടി ഇവിടെല്ലാം സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരാകാന്‍ വേണ്ട യോഗ്യത ഉള്ളവരെ നിയമിക്കേണ്ടി വരും.ഇപ്പോഴുള്ള പല അദ്ധ്യാപകര്‍ക്കും അതില്ല.ഈ മേഘലയിലെ അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നിരവധിയാണ്.80% അദ്ധ്യാപകരും സ്ത്രീകളാണ്, ഇവര്‍ക്ക് വേണ്ട ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും മിക്ക സ്കൂളുകളിലും ഇല്ല.  ദുരിത യാത്രയും താമസിക്കാനുള്ള ബുദ്ധിമുട്ടുകളും ജോലിയുടെ പ്രത്യകത ആണെന്ന് ഇവര്‍ അംഗീകരിക്കുന്നു.പക്ഷെ ഇവര്‍ക്ക് കിട്ടുന്നത് തുച്ചമായ വേതനമാണ്,മാസം 3000 രൂപ മാത്രം.അതും കൃത്യമായി ലഭിക്കാറില്ല.അതിനു പുറമെയാണ് പ്രൈമറി വിദ്യാലയങ്ങള്‍ ആക്കുന്നതോടെ കുറെ പേര്‍ക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്കയും.

വേതനത്തിന്റെ ആകര്‍ഷണം മാത്രം കൊണ്ട് ആരും ഈ ജോലിക്ക് തയ്യാറാവും എന്ന് കരുതുന്നില്ല.അവര്‍ ഈ ജോലിയിലൂടെ പ്രകടിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധത കണ്ടില്ലെന്നു നടിക്കാനാവില്ല.ഏതാണ്ട് ഒരു സമര്‍പ്പണ മനോഭാവത്തോടെയാണ് പലരും ഇവിടെ ജോലി ചെയ്യുന്നത്.അദ്ധ്യാപനവും അതിനു പുറമേ  ഈ കുട്ടികള്‍ക്ക്  ഭക്ഷണം തയ്യാറാക്കിയും അവര്‍ക്കൊപ്പം കഴിഞ്ഞുമാണ് പലരും ജോലി ചെയ്യുന്നത്.ആദിവാസി മേഘലകളില്‍ പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാന്‍ തന്നെ ഇവര്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.അവധിക്കായി നാട്ടില്‍ പോയി വരുമ്പോള്‍ ചിലപ്പോള്‍ വീണ്ടും കുട്ടികളെ തേടി പോകണം ഊരുകളിലേക്ക്.ചിലപ്പോള്‍ കുട്ടികളെ കുളിപ്പിച്ച് വൃത്തിയാക്കേണ്ട ചുമതലയും ഇവര്‍ ഏറ്റെടുക്കുന്നു.

വാര്‍ത്താ പ്രാധാന്യം ഉള്ള പദ്ധതികള്‍ ,വലിയ മുതല്‍മുടക്കുകള്‍ ഉള്ള പ്രൊജക്റ്റ്‌കള്‍ ഇവയിലോക്കെയാണ് ഏവര്‍ക്കും താത്പര്യം.  മുഖ്യധാരക്ക് പ്രിയങ്കരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ അവഗണിക്കപ്പെടുന്നു.സ്ഥിര നിയമനവും കൂടുതൽ ശമ്പളവും നൽകുമെന്ന  സർക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ ഏറെ കാലമായുണ്ട് .പക്ഷെ   സ്കൂളുകളുടെ നിലവാരമുയർത്താൻ തീരുമാനിച്ച സർക്കാർ നിലവിലുളള അദ്ധ്യാപകരുടെ കാര്യത്തിൽ മൗനം പുലര്‍ത്തുന്നു.

ഈ അദ്ധ്യാപകര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.സംഘടനകള്‍ ഇല്ല സമരം ചെയ്യാന്‍.പക്ഷെ ഇവര്‍ ചെയ്യുന്ന സേവനം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും ആവില്ല.ഇക്കാലമത്രയും ഇവര്‍ സമൂഹത്തിനു ചെയ്ത സേവനം കണക്കിലെടുത്ത് ഒരാളെ പോലും പിരിച്ചു വിടാതെ ഏവര്‍ക്കും സ്ഥിരം നിയമനം ഉറപ്പുവരുത്തണം,ഇവര്‍ക്ക് സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം നല്‍കാനുള്ള നടപടികളും സ്വീകരിക്കണം.അതാണ് സര്‍ക്കാരിന് ഇവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം

( ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍)

2014, ജൂൺ 25, ബുധനാഴ്‌ച

കുബേരന്‍മാരും കുചേലന്മാരും


  ബ്‌ളേഡ് മാഫിയകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപ്പാക്കിയ "ഓപ്പറേഷന്‍ കുബേര" കേരള പോലീസ് സമീപകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറെ അഭിനന്ദനീയമായ ഒന്നാണ്.പുരാണത്തിലെ കുബേരന്‍ ഏതെങ്കിലും സാമ്പത്തിക അതിക്രമം കാണിച്ച കഥാപാത്രം ആയിരുന്നില്ല,അതുകൊണ്ടുതന്നെ ഈ പേരിന്‍റെ യുക്തിയില്‍ ഒരു അനൗചിത്യം ഉണ്ട്. എങ്കിലും സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.സാധാരണ മാഫിയ വിരുദ്ധ നടപടികള്‍ എല്ലാം മാധ്യമ ശ്രദ്ധ തീരുമ്പോള്‍ അതിന്റെ വഴിക്ക് ആകുന്നതാണ് നമ്മുടെ അനുഭവം,എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മറ്റു പല വിവാദ വിഷയങ്ങളിലേക്കും ശ്രദ്ധ മാറിയിട്ടും പോലീസ് ഓപ്പറേഷന്‍ കുബേരയുമായി മുന്‍പോട്ടു പോകുന്നത് നല്ലകാര്യം തന്നെ.പിന്നെ ഇക്കാലമത്രയും ഈ മാഫിയകള്‍ വളര്‍ന്നു പന്തലിച്ചത് നമ്മുടെ ഈ സര്‍ക്കാര്‍ സംവിധാനത്തിന് മുന്‍പിലാണ്.ഇപ്പോള്‍ റൈഡ് നടത്തുന്നവര്‍ ഇക്കാലം അത്രയും ബ്ലേഡ് മാഫിയാകളുടെ സംരക്ഷകരോ അവരുടെ ഇടപാടുകള്‍ക്ക് മധ്യസ്ഥരോ ആയിരുന്നു.

 കുറച്ചു കൊള്ളപലിശക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരും എന്നതിനപ്പുറം ഇത് സമൂഹത്തിനു എത്ര മാത്രം പ്രയോജനം ഉണ്ടാക്കുന്നു എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപെട്ട കാര്യം,അങ്ങനെ നോക്കുമ്പോള്‍ ഇതിന്റെ ഫലപ്രാപ്തിയെ കുറിച്ച് സന്ദേഹമുണ്ട്.
തിരുവനന്തപുരത് ഒരു കുടുംബം ബ്ലേഡ് മാഫിയയുടെ പീഡനം കൊണ്ട് കൂട്ട ആത്മഹത്യ ചെയ്തപ്പോഴാണ് ഓപ്പറേഷന്‍ കുബേര ആരംഭിക്കുന്നത്.സ്വന്തം വരുമാനതിനും അപ്പുറമുള്ള ചിലവുകളിലേക്ക് ഓരോരുത്തര്‍ കടക്കുമ്പോള്‍(ആവശ്യവും അനാവശ്യവും ആകാം) ,ബിസിനസ്‌ പദ്ധതികള്‍ തുടങ്ങുകയോ,നവീകരിക്കുകയോ അതില്‍ വരുന്ന പരാജയങ്ങലോ അങ്ങനെ പലവിധ കാരണങ്ങള്‍ ആകാം ആളുകളെ ബ്ലേഡ് മാഫിയക്ക് മുന്‍പില്‍ എത്തിക്കുന്നത്.

ബാങ്കുകള്‍ കുറഞ്ഞ പലിശക്ക് പണം ലഭ്യമാക്കിയാല്‍ ബ്ലേഡ് മാഫിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും എന്നത് ശരിയല്ല.ബാങ്കിംഗ് സാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനത്ത് ആദ്യം ബാങ്ക് വായ്പ നോക്കി അത് സാധ്യമാകാത്തവര്‍ ആണ് ബ്ലേഡ് മാഫിയയെ സമീപിക്കുന്നത്.പലപ്പോഴും ജാമ്യം ആയി വസ്തുവോ സ്വര്‍ണമോ നല്കാന്‍ ഇല്ലാത്തവര്‍ക്ക് വലിയ ബാങ്ക് വായ്പ സാധ്യമല്ല,അത് ഇനിയും മാറുകയും ഇല്ല.ബാങ്കുകളില്‍ നിന്ന് കിട്ടാവുന്നതിനു അപ്പുറം ആവശ്യകത വരുമ്പോഴാണ് കൊള്ളപ്പലിശ ക്കാരെ സമീപിക്കുന്നത്.

 ഇതിലുള്ള മറ്റൊരു കാര്യം ഒരു കുബേരനും ഒരാള്‍ക്കും അങ്ങോട്ട്‌ ചെന്ന് പണം നല്‍കിയതല്ല.കൊള്ളപലിശ വാങ്ങിയത് ഒഴിവാക്കി കൊടുക്കണം,പക്ഷെ ഇത്തരം നടപടികള്‍ ഒരിക്കലും ആരുടേയും കയ്യില്‍ കഷ്ടപ്പെടാത്ത മുതല്‍ അനര്‍ഹമായി വന്നുചേരാന്‍ അവസരം ഉണ്ടാകരുത്.കുബെരന്മാര്‍ അഴിക്കകത്ത് ആകുമ്പോള്‍ അത് പണം കടം വാങ്ങിയവര്‍ക്ക് സൗജന്യമായി പണം കിട്ടുവാനുള്ള അവസരം ആയി മാറരുത്.

ഇതിൽ മറ്റൊരു രസകരമായ വസ്തുതയുണ്ട്,ഈ നടപടി തുടങ്ങിയപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ വളരെ ചെറിയ തുക കടം നല്‍കിയവര്‍ പോലും ബ്ലേഡ് മാഫിയയായി മാറി എന്നതാണ്.പണം കടം കൊടുത്തവര്‍ തിരികെ ചോദിച്ചാല്‍ ഉടനെ അവരെ ബ്ലേഡ് മാഫിയ ആക്കി ചിത്രീകരിച്ചു പരാതി നല്‍കുന്നു.പലയിടത്തും കുബേരന്മാരെ പിടിക്കാന്‍ പോയ പോലീസുകാര്‍ കണ്ടത് ദയനീയ സാഹചര്യം.സൌഹൃദത്തിന്റെയോ പരിചയതിന്റെയോ പേരില്‍ പണം നല്‍കുന്നത് ഒരിക്കലും മാഫിയയായി കാണരുത്.

ബ്ലേഡ് മാഫിയ കടം നല്‍കിയ പണം പൂര്‍ണ്ണമായും അവരുടെതല്ല ഒരിക്കലും.വന്‍ തോതിലുള്ള ബിനാമി പണം ബ്ലേഡ് മാഫിയ ഉപയോഗിക്കുന്നുണ്ട്.ഇത്തരത്തിലുള്ള കള്ളപ്പണം പെരുപ്പിക്കല്‍ ആണ് ബ്ലേഡ് മാഫിയ ചെയ്യുന്ന ഒരുകാര്യം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉള്‍പ്പെടെ കണക്കില്‍ പെടാത്ത പല പണവും ഇങ്ങനെ കള്ളപ്പണമായി ബ്ലേഡ് മാഫിയ ഉപയോഗിക്കുന്നുണ്ട്.ഇതു മാത്രമല്ല ചെറിയ അത്യാഗ്രഹം കൊണ്ട് കൂടുതല്‍ പലിശ പ്രതീക്ഷിച്ചു തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ബ്ലേഡ് മാഫിയകള്‍ക്ക് നല്‍കിയവരും ഉണ്ട്.ബ്ലേഡ് മാഫിയ എന്നു പറയുമ്പോള്‍ അതില്‍ വന്‍കിട ചിട്ടി കമ്പനികളും മറ്റു NBFC (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി)കളും നടത്തുന്ന പല നിയമവിരുദ്ധ നടപടികളും സ്വാഭാവികമായി വരും.പക്ഷെ അവരൊക്കെ "ഓപ്പറേഷന്‍ കുബേര"യില്‍ വേണ്ട രീതിയില്‍ പിടിക്കപ്പെട്ടിട്ടില്ല.നിയമത്തിലെ പഴുതുകള്‍ തന്നെയാണ് ഇതിനുള്ള ഒരു കാരണം.

 ചെക്കുകള്‍, പ്രോമിസറി നോട്ട്സ് ഇവ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ വാങ്ങുന്നത് നിയമവിരുദ്ധം തന്നെ.അതാണ് ഇപ്പോള്‍ റൈഡ്കള്‍ വഴിപിടിച്ചെടുക്കുന്നതും.പക്ഷെ  നിയമത്തിനു മുന്‍പില്‍ പലപ്പോഴും ഈ ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോടുകളും ദുരുപയോഗം ചെയ്യപ്പെടുകയും ഇരകള്‍ കെണിയില്‍ വീഴുകയും ചെയ്യുന്നുണ്ട്.

സര്‍ക്കാരിനു ഈ കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് ഒന്ന് നിയമവിരുദ്ധമായ രീതിയില്‍ ഉള്ള ഇത്തരം പണമിടപാടുകളുടെ നിരോധനം ആണ്.ഇത്തരം അനധികൃത പണമിടപാട്കളുടെ വേരറക്കും വരെ ഓപ്പറേഷന്‍ കുബേര" തുടരുമെന്ന് പ്രതീക്ഷിക്കാം.മറ്റൊന്ന് കള്ളപ്പനതിന്റെ ലഭ്യത കുറയ്ക്കുക എന്നത് തന്നെ.ഹവാല പണമായും കൈകൂലി ആയും മണല്‍ ഖനനം നടത്തിയും ഒക്കെ ആര്‍ജിക്കുന്ന പണം വന്‍തോതില്‍ പലിശ ഇടപാടുകള്‍ക്ക് ആയി മാര്‍കെറ്റില്‍ എത്തുന്നത് ഒഴിവാക്കുക.

ഏറ്റവും കൂടുതല്‍ ബ്ലേഡ് മാഫിയാകളുടെ കെണിയില്‍ പെട്ടിരിക്കുന്നത് കൂടുതലും ഇടത്തരക്കാര്‍ ആണ്.വന്‍ പലിശക്ക് പണം കടം വാങ്ങി ബിസിനസ്‌ ചെയ്ത് വിജയിക്കാം എന്ന് കരുതുന്നവര്‍,പണം കടം വാങ്ങി ചൂതാട്ടം നടത്തുന്നവര്‍ അങ്ങനെ നമ്മുടെ അത്യാഗ്രഹം തന്നെയാണ് പലപ്പോഴും ബ്ലേഡ് മാഫിയകളെ വളര്‍ത്തുന്നത്.വിവാഹം,രോഗചികിത്സ പോലെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്ക് വാങ്ങി കെണിയില്‍ പെടുന്നവരെക്കാള്‍ കൂടുതല്‍ ഇത്തരം അനവശ്യമായ കടമെടുക്കലുകള്‍ നടത്തിയവര്‍ ആണ്.കയ്യില്‍ മുതല്‍ ഇല്ലാതെ പണം കടം വാങ്ങി ആ പലിശ നല്‍കാന്‍ വീണ്ടും കടം വാങ്ങി ഒരിക്കലും അഴിയാത്ത കുരുക്കില്‍ പെട്ട് ആത്മഹത്യയില്‍ അവസാനിക്കുന്ന നിരവധി അനുഭവങ്ങള്‍.കടമെടുക്കുന്നതില്‍ സമൂഹം സ്വയം ഉണ്ടാക്കുന്ന നിയന്ത്രണം ആണ് ഇതിന്റെ ശാശ്വതവും പ്രയാസകരവുമായ പരിഹാരം


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2014, മേയ് 7, ബുധനാഴ്‌ച

ബ്ലോഗിങ്ങിനു ഒരു വയസ്

കാഴ്ചക്കാരന്‍ എന്റെ ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം ആയി.

2013 മെയ്‌ 3 നു ആണ് ആദ്യത്തെ പോസ്റ്റിങ്ങ്‌  ഈ ബ്ലോഗില്‍ ഞാന്‍ നടത്തിയത്.

വിഴിഞ്ഞം സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുമ്പോള്‍,ഇതായിരുന്നു ആദ്യത്തെ പോസ്റ്റ്‌.

പിന്നെയും കുറച്ചു പോസ്റ്റുകള്‍.അതിനെ വായിക്കാനും അഭിപ്രായം പറയാനും തെറ്റുകള്‍ തിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ തരാനും നിരവധി സുഹൃത്തുക്കള്‍ ഉണ്ടായി.ബ്ലോഗിങ് ലോകത്തെ സജീവ സാന്നിധ്യങ്ങള്‍ ആയ പലരുമായും പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയൊരു സൌഭാഗ്യമായി.
ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ്ന്റെ രണ്ടു കൂട്ടായ്മകളും കൂടുതല്‍ ബ്ലോഗുകളെ അറിയാനും ബ്ലോഗര്‍മാരെ പരിചയപ്പെടാനും സഹായിച്ചു,പുതിയ ബ്ലോഗര്‍മാരെ വിലയിരുത്തുന്ന വരികള്‍ക്കിടയില്‍ എന്ന ബ്ലോഗ്‌ നിരൂപണത്തില്‍ ഈ ബ്ലോഗ്‌ പരാമര്ശിക്കപ്പെടാനുള്ള ഭാഗ്യവും ഉണ്ടായി.

ജോലിയിലെ തിരക്കു കാരണം ഒരു മാസത്തില്‍ അധികമായി ബ്ലോഗില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.കൂട്ടുകാരുടെ പല രചനകളും വായിക്കാനും സമയം കിട്ടിയില്ല.സത്യം പറഞ്ഞാല്‍ ഇന്നു അവിചാരിതമായി ബ്ലോഗിലേക്ക് എത്തിയപ്പോഴാണ്  ഈ ബ്ലോഗ്‌ ഒരു വര്‍ഷമായി എന്നറിയുന്നത്.അപ്പോള്‍ മനസ്സില്‍ തോനിയതാണ് ഈ കുറിപ്പ്.ഓരോ തവണയും ഓരോ കുറിപ്പുകള്‍ എഴുതുമ്പോള്‍ ബ്ലോഗിങ് ലോകത്തെ കൂട്ടുകാര്‍ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം.എല്ലാവര്‍ക്കും നന്ദി.

2014, മാർച്ച് 6, വ്യാഴാഴ്‌ച

ചെട്ടികുളങ്ങര കുംഭഭരണി

ഒരു നഷ്ടബോധത്തോടെയുള്ള കുറിപ്പാണിത്.ജീവിതത്തില്‍ ആദ്യമായി കുംഭഭരണി ആഘോഷിക്കാന്‍ ആവതെയിരിക്കുന്നു.ഓണാട്ടുകരക്കാര്‍ മുഴുവന്‍ കൊണ്ടാടുന്ന ചെട്ടികുളങ്ങര കുംഭഭരണി,പിന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ ഗ്രാമദേവത വടക്കന്‍കോയിക്കല്‍ അമ്മയുടെ കുംഭഭരണി ഉത്സവം.ചെട്ടികുളങ്ങര കുംഭഭരണി,ഓണാട്ടുകരയുടെ ദേശിയ ഉത്സവമാണ്.     

(കൊല്ലം ആലപ്പുഴ ജില്ലകളിലുള്ള കരുനാഗപ്പള്ളി, കാർതികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും  മറ്റുചില ദേശങ്ങളും ചേരുന്നതാണ് ഓണാട്ടുകര). ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിശേഷിപ്പിക്കും.ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.കാഴ്ച്ചയുടെ വിസ്മയവും ഭക്തിയുടെ പൂര്ന്നതയും ഒന്നിച്ചു ചേരുന്ന ദിവസമാണ് കുംഭഭരണി. ഭക്തജനലക്ഷങ്ങള്‍ ദേവീപ്രസാദത്തിനായും കെട്ടു കാഴ്ചകള്‍ ദര്ശിക്കനുമയ് ഇന്നു ദേവി  സന്നിധിയില്‍ എത്തും

ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു 13 കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണു കുംഭഭരണിയുടെ സവിശേഷത. ഗ്രാമ വീഥികളിലൂടെ ആചാര പെരുമയില്‍ വ്രത ശുദ്ധിയോടെ കരക്കാര്‍ ഒരുക്കിയ അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രനടയിലെത്തി അമ്മയെ തൊഴുത് കാഴ്ചക്കണ്ടത്തില്‍ അണിനിരക്കുന്നതു കാണാന്‍ ഭക്ത സഹസ്രങ്ങള്‍ ക്ഷേത്രത്തിലേക്ക് എന്ന് ഒഴുകിയെത്തും.ഓണാട്ടുകരയുടെ തനിമയാര്‍ന്ന ആചാരങ്ങളും ചിത്ര, ശില്‍പ, സംഗീത കലകളിലെ വൈദഗ്ധ്യവും സമന്വയിക്കുന്നവയാണ്  ഓരോ കാഴ്ചകളും.

ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ് ക്ഷേത്രവുമായി ബന്ധപെട്ട കരകള്‍.ശിവരാത്രി ദിവസം എല്ലാ കരക്കാരും കെട്ടുകാഴ്ച നിര്‍മ്മാണത്തിനുള്ള ഉരുപ്പടികള്‍ പുറത്തെടുക്കും ഭരണി ദിവസം ആകുമ്പോള്‍ അത് മനം മയക്കുന്ന സുന്ദര രൂപമായി മാറും.


  കരക്കാര്‍ കെട്ടുകാഴ്ച ഒരുക്കുന്നതിന്റെ ചിത്രമാണ്‌ താഴെ
ഓരോ കരക്കാരും ഒരുക്കുന്ന കെട്ടുകാഴ്ചകള്‍ ഒന്ന് നോക്കാം


ഈരേഴ(തെക്ക്) കരയുടെ കുതിര
ഈരേഴ(വടക്ക്) കരയുടെ കുതിര

കൈത(തെക്ക്) കരയുടെ കുതിര
കൈത(വടക്ക്) കരയുടെ കുതിരകണ്ണമംഗലം (തെക്ക്) കരയുടെ തേര്
കണ്ണമംഗലം (വടക്ക്) കരയുടെ തേര്
പേള കരയുടെ കുതിര
കടവൂര്‍ കരയുടെ തേര്ആഞ്ഞിലിപ്രയുടെ തേര്
മറ്റം(വടക്ക്) കരയുടെ ഭീമന്‍

മറ്റം(തെക്ക്) കരയുടെ ഹനുമാന്‍ പാഞ്ചാലി

മേനാംപള്ളിയുടെ തേര്
നടക്കാവ്ന്‍റെ കുതിരഓരോ കരകളില്‍ നിന്ന് എത്തുന്ന കെട്ടുകാഴ്ചകള്‍  വൈകുന്നേരം ക്ഷേത്രത്തില്‍ എത്തി അമ്മയെ വണങ്ങി കാഴ്ച കണ്ടത്തിലേക്ക്‌ ഇറങ്ങുമ്പോഴേക്കും ഉത്സവആവേശം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും
ചെട്ടികുളങ്ങര കുംഭഭരണി എന്ന് കേള്‍ക്കുമ്പോള്‍ മറ്റു നാട്ടുകാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ആണ്.പക്ഷെ ഭരണി ഉത്സവത്തിന്റെ വിശേഷങ്ങള്‍ അനവധിയാണ്.


പതിമൂന്നു കരകളിലും ശിവരാത്രി മുതല്‍ കെട്ടുകാഴ്ചകള്‍ ഒരുക്കുമ്പോള്‍ ആ സ്ഥലത്ത് ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി.ഇലയും,തടയും,പ്ലാവിലയുമാണ് ഇപ്പോഴും കഴിക്കാനായി ഉപയോഗിക്കുന്നത്
ദേവിയുടെ ഏറ്റവും ഇഷ്ട വഴിപാടായ കുട്ടിയോട്ട സമര്‍പ്പണം ആണ് ഭരണി ദിവസത്തെ ഒരു പ്രധാന ചടങ്ങ്.കുത്തിയോട്ട വഴിപാട്‌ വളരെ ചിലവേറിയതാണ്.ഒരു കോടി രൂപ വരെ ആകും ചില ഭക്തര്‍ക്ക്‌.

കുത്തിയോട്ടം എന്ന അനുഷ്ഠാന കല ഓണാട്ടുകരയില്‍ ഏറെ പ്രചാരത്തില്‍ ഉള്ള ഒന്നാണ്.വഴിപാട്‌ നല്‍കുന്ന വീടുകളില്‍ ശിവരാത്രി മുതല്‍ കുത്തിയോട്ട ചുവടുകള്‍ തുടങ്ങും.അതോടെ ഉത്സവ മേളമായി.ഭരണി ദിവസം രാവിലെ നേര്ച്ച കുതിയോട്ടങ്ങള്‍ ഘോഷയാത്രയായി ദേവി സന്നിധിയില്‍ എത്തുംവേറെയുമുണ്ട് വിശേഷങ്ങള്‍.അന്നേ ദിവസം സദ്യ വിളമ്പുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട വിഭവമാണ് കൊഞ്ചും മാങ്ങ.കൊഞ്ചും മാങ്ങ കൂട്ടാതെ ചെട്ടികുളങ്ങരക്കാര്ക്ക് ഭരണിസദ്യയില്ല
ഭരണി ആവുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഭരണി ചന്തതുടങ്ങും.ഓണാട്ടുകരയുടെ കാര്‍ഷിക സംസ്കൃതി വിളിച്ചോതുന്ന ഭരണി ചന്തയില്‍ എല്ലാ വിത്ത് ഇനങ്ങളും കാര്‍ഷിക ഉപകരണങ്ങളും ലഭ്യമാണ്.
കുംഭ ഭരണി കൊണ്ട് ചെട്ടികുളങ്ങരയിലെ ഉത്സവം അവസാനിക്കുന്നില്ല.കുംഭഭരണി കഴിഞ്ഞു പിന്നീടു കരക്കാരുടെ എതിരെല്പ്പു ഉത്സവം,പതിമൂന്നു ദിവസങ്ങളിലായി.ഉത്സവത്തിനു സമാപനം കുറിക്കുന്നത് മീന മാസത്തിലെ അശ്വതി ഉത്സവ കെട്ടുകാഴ്ചയോടെയാണ്.ദേവിക്ക് കൊടുങ്ങല്ലൂര്‍ക്കുള്ള യാത്രയപ്പും അന്ന് നല്‍കും.മീനത്തിലെ ഭരണി ദിവസം ക്ഷേത്ര നട തുറക്കില്ല.കാര്‍ത്തിക ദിവസം ദേവി തിരിചെതുമെന്നു വിശ്വസം.

 ഇങ്ങനെ ചെട്ടികുളങ്ങര കുംഭ ഭരണിക്ക് വിശേഷങ്ങള്‍ അനവധിയാണ്.പക്ഷെ ഓണാട്ടുകരയില്‍ എന്റ ഗ്രാമക്കാര്‍ മാത്രം അന്ന് വേറൊരു ആഘോഷത്തിലാണ്‌.ഞങ്ങളുടെ ഗ്രാമത്തിലെ വടക്കന്‍കോയിക്കല്‍ ക്ഷേത്രത്തിലും ഉത്സവം കുംഭഭരണി തന്നെ.ഞങ്ങള്‍ അതുകൊണ്ട് ഇവിടുത്തെ ഉത്സവം കഴിഞ്ഞു രാത്രിയില്‍ ആകും ചെട്ടികുളങ്ങര എത്താന്‍,പലര്‍ക്കും അതിനു സാധിക്കുകയും ഇല്ല.


വടക്കന്‍കോയിക്കല്‍ ക്ഷേത്രം
ജീവിതത്തില്‍ ആദ്യമായാണ് ഭരണി ഉത്സവത്തിനു നാട്ടില്‍ ഇല്ലാതെയിരിക്കുന്നത്.നീണ്ടു പോകുന്ന പ്രവാസം ഇനിയും ഇത്തരം നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം.
ചിത്രങ്ങള്‍ക്ക് കടപ്പാട്-ക്ഷേത്ര വെബ്‌ സൈറ്റ്,കൂട്ടുകാരുടെ ഫേസ്ബുക്ക്‌ ചിത്രങ്ങള്‍,മാതൃഭൂമി പത്രം

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വിശുദ്ധ നരകത്തിലെ കാണാ കാഴ്ചകള്‍


സൈബര്‍ ലോകത്ത് രണ്ടു ദിവസമായുള്ള ഏറ്റവും വലിയ വാര്‍ത്ത‍,പത്ര മാധ്യമങ്ങള്‍ ഒന്നിച്ചു മുക്കിയ വാര്‍ത്ത‍,ചില ചാനലുകള്‍ ഭാഗികമായി മാത്രം നല്‍കിയ ഒരു വാര്‍ത്ത‍ അതാണ് കേരളത്തിലെ ആള്‍ ദൈവങ്ങളില്‍ പ്രമുഖയായ അമൃതാനന്ദമയിയുടെ പ്രധാനശിഷ്യയും മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതി ആമസോണ്‍ പ്രസിദ്ധീകരിച്ചികുന്ന ഹോളി ഹെല്‍: എ മെമ്മോയിര്‍ ഓഫ്‌ ഫെയ്‌ത്ത്‌, ഡിവോഷന്‍, ആന്‍ഡ്‌ പ്യൂവര്‍ മാഡ്‌നെസ്‌' (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്‌ ) എന്ന പുസ്തകം.ആള്‍ദൈവങ്ങളെ പറ്റി സാമാന്യ ബോധം ഉള്ള ആര്‍ക്കും ഈ വെളിപ്പെടുത്തലുകള്‍ എന്തെങ്കിലും ഞെട്ടല്‍ ഉണ്ടാക്കുകയോ ഒരു പുതുമയുള്ള വാര്‍ത്തയായി തോന്നുകയോ ചെയ്യില്ല.പക്ഷെ സ്വന്തം ജീവിതത്തിനു സംഭവിച്ച താളപിഴകളെ,താന്‍ കണ്ട അരുതാത്ത കാഴ്ചകളെ ,ആത്മീയതയുടെ പേരില്‍ കെട്ടിപ്പൊക്കിയ ഒരു കപട സാമ്രാജ്യത്തിന്റെ അണിയറകഥകളെയാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.അതുകൊണ്ട്തന്നെ സാമാന്യ വത്കരിച്ചു പൊതു സമൂഹം നടത്തുന്ന വിമര്‍ശനങ്ങളെക്കാള്‍  പതിന്മടങ്ങ്‌ ഗൌരവം ഈ വെളിപ്പെടുതലുകള്‍ക്ക് ഉണ്ട്.
ഇത്തരം വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഇത് ആദ്യമല്ല. ആശ്രമത്തില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അറെസ്റ്റ്‌ ചെയ്യുകയും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്ത സത്‌നാം സിങ്ങ് എന്ന യുവാവിന്റെ മരണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കൊടുങ്ങല്ലൂര്‍ നാരായണന്‍കുട്ടി വള്ളിക്കാവില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം ,അമ്മയുടെ സ്വന്തം സഹോദരന്‍ സുഭഗന്‍ തൂങ്ങി മരിച്ചത് തുടങ്ങി ഒട്ടേറെ സംഭവങ്ങളില്‍ അമൃതാനന്ദമയിമഠം ആരോപണ വിധേയമായിട്ടുണ്ട്.പക്ഷെ അപ്പോഴൊക്കെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ഉപയോഗിച്ചു അവ അട്ടിമറിക്കുകയാണ് ചെയ്തത്.

ഒരു സ്ത്രീ എന്ന നിലയില്‍ ഗായത്രിക്ക് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങള്‍ , അമൃതാനന്ദമയിക്ക് സ്വിസ് ബാങ്ക്ല്‍  ഉള്‍പ്പെടെയുള്ള കോടികളുടെ കള്ളപ്പണം തുടങ്ങിയവയാണ് ഇവരുടെ ആരോപണങ്ങളിലെ കാതലായ കാര്യങ്ങള്‍. സ്വര്‍ണവും മറ്റും ആശ്രമത്തിലെ ശീതീകരണികളില്‍ സൂക്ഷിച്ചിരിക്കുകയാണ്‌, പത്തുകോടി ഡോളറിന്റെയെങ്കിലും നിക്ഷേപം ഇവര്‍ക്കുണ്ടെന്നും പുസ്തകത്തില്‍  പറയുന്നു. ആശ്രമത്തെ അപമാനിക്കാതിരിക്കാന്‍ വിദേശത്ത്‌ ഗെയിലിന് സ്വന്തമായി ഒരാശ്രമം പണിത് തരാമെന്ന അഭ്യർത്ഥനയും ദൂതന്മാരിലൂടെ അമ്മ വെച്ചുവെന്ന് പുസ്തകം പറയുന്നുണ്ട്


സത്യവും നീതിയും ആശിക്കുന്നവര്‍ക്ക് ഒരു ശതമാനം പോലും ആശാവഹമായ രീതിയിലല്ല കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.ആദ്യം തന്നെ ഇവിടുത്തെ പത്ര മാധ്യമങ്ങള്‍ വാര്‍ത്ത‍ പൂര്‍ണ്ണമായും തമസ്കരിച്ചു.മാതൃഭൂമി പത്രം അവരുടെ ഔദ്യോകിക ജിഹ്വ ആയത് കൊണ്ട് മറിച്ചു പ്രതീക്ഷിക്കേണ്ട,പക്ഷെ മറ്റു പത്രങ്ങളും സമാനമായ രീതി തുടര്‍ന്നു.ചാനലുകള്‍ കുറച്ചുകൂടി മാധ്യമ ധര്‍മ്മം പാലിച്ചു.ഇന്‍ഡ്യ വിഷന്‍ റിപ്പോര്‍ട്ടര്‍ മീഡിയ വന്‍ ചാനലുകള്‍ ഇത് ചര്‍ച്ച ചെയ്യാന്‍ തയ്യാറായി. സൈബര്‍ ലോകത്ത് മാത്രമാണ് വിഷയം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. വികിലീക്സ് വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ ആധികാരികമായിവാര്‍ത്ത‍ നല്‍കിയ മാധ്യമങ്ങള്‍, ചെറിയവെളിപ്പെടുത്തലുകളില്‍ നിന്നും വാര്‍ത്ത‍ വിസ്ഫോടനം സൃഷ്ടിച്ച മാധ്യമങ്ങള്‍ പലതും ഈ വിഷയത്തില്‍ ഒരു എക്സ്ക്ലുസിവ് റിപ്പോര്‍ട്ട്‌കളും പുറത്തു വിടുന്നില്ല.

രാഷ്ട്രീയ നേതാക്കള്‍ ആരും പ്രതികരിച്ചു കണ്ടില്ല.അകെ പ്രതികരിച്ചത് സിപിഎം നേതാവ് പി ജയരാജന്‍. പ്രതികരണം വാര്‍ത്തയായപ്പോള്‍ പേജില്‍ നിന്നു പ്രതികരണം നീക്കുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടെന്നും അതില്‍ തന്‍റെ സമ്മതമില്ലാതെയാണ് പോസ്റ്റ്‌ വന്നതെന്നും അതേ പേജില്‍ പുതിയ പോസ്റ്റ് ഇട്ടു അദേഹം സ്വയം ഇളിഭ്യനായി. ഇവിടുത്തെ ബുദ്ധിജീവികള്‍ അപകടകരമായ മൌനം പാലിക്കുന്നു.കാള പെട്ടെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന പ്രതികരണ തൊഴിലാളികള്‍ ഒന്നും പറഞ്ഞു കേട്ടില്ല.വിവിധ വിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന പ്രതിപക്ഷ നേതാവ് വിഎസ്സു അച്യുതാനന്ദനോ ആദര്ശ പരിവേഷത്തോടെ കോണ്‍ഗ്രസ്‌ തലപ്പത്ത്എത്തിയ വിഎം സുധീരനോ സംഭവം അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.


ഗായത്രി പൂര്‍ണ്ണ വിശുദ്ധ ആണെന്ന് പറയുന്നില്ല.പക്ഷെ ഇത്രയും ആധികാരികമായി ഇരുപത് വര്ഷം കൂടെ കഴിഞ്ഞവര്‍ പറയുമ്പോള്‍ അത് മുഴുവന്‍  കള്ളമാണെന്ന് പറയുവാന്‍ രാഹുല്‍ ഈശ്വരന്‍മാര്‍ക്കെ കഴിയൂ
കളങ്കിത സാമ്രാജ്യങ്ങള്‍ പലപ്പോഴും തകര്‍ന്നു തരിപ്പണം ആകുന്നത് ഇത്തരം വെളിപ്പെടുതലുകളിലുടെയാണ്.അതുകൊണ്ട് തന്നെ  ഇത്തരം വിഷയങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയണം.പക്ഷെ സൈബര്‍ ഇടങ്ങള്‍ അല്ലാതെ മറ്റൊരു വേദിയുംഇപ്പോള്‍ കാണുന്നില്ല.ആദ്യം നിശബ്ദര്‍ ആയിരുന്നെങ്കിലും ഓണ്‍ലൈന്‍ രംഗത്ത് ഇപ്പോള്‍ പ്രതിരോധവുമായി അവരുടെ  അനുഭാവികള്‍ വന്നിട്ടുണ്ട്.വിചിത്രമായ വാദങ്ങളാണ് പലരും ഉന്നയിക്കുന്നത്.ഈ സംഭവത്തെ ഹിന്ദു മതത്തിനു എതിരെയുള്ള അക്രമം എന്ന വിശേഷണം  കേള്‍ക്കുമ്പോള്‍ ചിരിക്കാതെ ഇരിക്കാനാവില്ല. ആള്‍ദൈവത്തിന്റെ അവിഹിത സാമ്രാജ്യത്തെ ആത്മീയത എന്ന പവിത്രമായ വാക്കുമായി കൂട്ടി കിഴക്കുന്ന ദയനീയമായ പ്രതികരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.പിന്നെ മറ്റൊന്ന് പറയുന്നത് അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്.സ്ഥാപനവത്കരിക്കപെട്ട അവരുടെ കപട ആത്മീയതക്ക് പിടിച്ചു നില്ക്കാന്‍ ഇത്തരം കുറച്ചു സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയേ തീരൂ.കോടികള്‍ സംഭാവനയായി സ്വീകരിക്കുമ്പോള്‍ കുറെയൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചില്ല എങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല.ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകകള്‍ മദര്‍ തെര്സയെ പോലുള്ളവര്‍ കാണിച്ചു തന്നിട്ടുല്ലപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ ആര്‍ക്കും തിരിച്ചരിയവുന്നതെയുള്ളൂ. കോര്‍പ്പറേറ്റ് ശൈലിയില്‍ നടത്തുന്ന ആരോഗ്യ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് മറ്റു സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളുമായി എന്ത് വ്യതസമാനുള്ളത്.

മതത്തിന്റെ പേരില്‍ കച്ചവട തന്ത്രങ്ങള്‍ ആര് പയറ്റിയാലും എതിര്‍ക്കപ്പെടെണ്ടാതാണ് അത് കെപി യോഹന്നാന്‍ ആയാലും കാന്തപുരം ആയാലും ശ്രീ ശ്രീ രവിശങ്കര്‍ ആയാലും ഒരുപോലെയാണ്.ആള്‍ ദൈവ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന കാര്യം ഇപ്പോള്‍ മതമാണ്‌.
അമൃതാനന്ദമയിയെ വിമര്‍ശിച്ചാല്‍ അവര്‍ ഹിന്ദു വിരുദ്ധര്‍. മുരിങ്ങൂര്‍ലെ കാണാ കാഴ്ചകള്‍ പറഞ്ഞാല്‍ ക്രൈസ്തവ വിരോധി, കാന്തപുരത്തെ പറഞ്ഞാല്‍ അവന്‍ ഹിന്ദു വര്‍ഗീയവാദി.ഇത്തരം ആള്‍ദൈവങ്ങള്‍ ഇതു മതക്കാര്‍ ആണെങ്കിലും അവരെ എല്ലാം എതിര്‍ക്കുന്ന എല്ലാ മതത്തിലും പെട്ട വലിയൊരു വിഭാഗം ആള്‍ക്കാര്‍ ഇവിടുണ്ട്.(മതം നോക്കി ആവേശം തുളുമ്പുന്ന വര്‍ഗീയ വാദികളും ഉണ്ട്) എല്ലാആള്‍ ദൈവങ്ങളുടെയും വികൃത മുഖം സമൂഹത്തിനു മുന്‍പില്‍ വെളിപ്പെട്ടിട്ടുള്ളതാണ്.
കുറ്റം ചെയ്യുന്നവര്‍ പലപ്പോഴും മൌനം പാലിക്കും,വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാവതിരിക്കാന്‍.അതാണ് ഇവിടെയും അവര്‍ ചെയ്യുന്നത്.പക്ഷെആവരുടെ മൌനം അമ്മയുടെവിശാലമായ മനസിന്റെ ഔന്നത്യം എന്നാണ് ചിലരുടെ വാദം.

ഒരു സ്ത്രീ എന്ന നിലയില്‍ ഗായത്രിക്ക് ഏറ്റ ലൈംഗിക പീഡനങ്ങള്‍ , സ്വിസ് ബാങ്ക് അക്കൗണ്ട്‌ ഉള്‍പ്പെടെയുള്ള കണക്കില്‍ പെടതെയുള്ള കോടികളുടെ കള്ളപ്പണം ഈ ആരോപണങ്ങളില്‍ രണ്ടിലും ഒരു പ്രാഥമിക അന്വേഷണം എങ്കിലും സാധ്യമാണെന്ന് സാമാന്യ നിയമ ജ്ഞാനം ഉള്ള  ആര്‍ക്കും അറിയാവുന്ന കാര്യമാണ്.പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കേസുകളില്‍ പിന്നീടുള്ള വെളിപ്പെടുത്തലുകളുടെ പേരില്‍ കേസ് എടുക്കുന്ന കേരള പോലീസിന് ഈ വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കാന്‍ കഴിയുന്നില്ല.പക്ഷെ അമൃതാനന്ദമയിക്ക് എതിരെ സോഷ്യൽ മീഡിയകളിൽ അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു.ഇതാണ് ഇവിടുത്തെ നിയമവും നീതിയും.ഇനി സംഭവിക്കാന്‍ പോകുന്നത് ഈ പുസ്തകം കേരളത്തില്‍ നിരോധിക്കും.സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ച കുറെപേര്‍ക്കെതിരെ സൈബര്‍ നിയമ പ്രകാരം കേസ്,പിന്നീടു അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ചു ആ കേസ് പിന്‍വലിക്കും.
പുതിയൊരു സെന്‍സേഷന്‍ല്‍ വാര്‍ത്ത‍ വരുമ്പോള്‍ സൈബര്‍ലോകം പതുക്കെ വിഷയം മറക്കും.അതും കഴിയുമ്പോള്‍  മുഖ്യധാര മാധ്യമങ്ങളില്‍ അമ്മയുമായി അഭിമുഖം, എല്ലാ അപവാദ കഥകളെയും അതി ജീവിച്ചു വന്ന അമ്മയുമായി.  അമ്മ എല്ലാ മക്കളോടും ക്ഷമിക്കും

ചിത്രങ്ങള്‍ക്ക് കടപ്പാട്-ഗൂഗിള്‍,ഗൈല്‍ന്‍റെ ഫേസ്ബുക്ക്‌പേജ്

2014, ജനുവരി 6, തിങ്കളാഴ്‌ച

കോളേജുകൾക്ക് സ്വയംഭരണം നല്കുകമ്പോള്‍

ഉന്നത വിദ്യഭ്യാസ മേഖലയില്‍ തത്വദീക്ഷയില്ലാതെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ച ശേഷം നമ്മുടെ ഉന്നത വിദ്യഭ്യാസ രംഗത്ത് നടപ്പാകുന്ന അടുത്ത തുഗ്ലക്കന്‍ പരിഷ്ക്കാരമാണ് സംസ്ഥാനത്തെ സര്ക്കാര്‍, എയ്ഡഡ് കോളേജുകള്ക്കും  പ്രൊഫഷണല്‍ കോളേജുകള്ക്കും  സ്വയംഭരണം നല്കാാനുള്ള തീരുമാനം. അഴിമതിയും സ്വജനപക്ഷപാതവും ഒടുവില്‍ ഉന്നത വിദ്യാഭാസ രംഗത്തിന്റെ മൂല്ല്യ തകര്ച്ച്ക്കും ഈ തീരുമാനം വഴിവെക്കും എന്നതില്‍ സംശയമില്ല.

ആദ്യ ഘട്ടത്തില്‍ രണ്ടു സര്ക്കാര്‍, എട്ടു എയ്ഡഡ് ഒരു സ്വാശ്രയ കോളേജ് എന്നിവയ്ക്കാണ് ഇപ്പോള്‍ സ്വയംഭരണ അവകാശം നല്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്സില്‍ നിയോഗിച്ച  എന്‍ ആര്‍ മാധവമേനോന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്ട്ട് ‌ അടിസ്ഥാനത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

അക്കാദമികവും ഭരണപരവുമായ സ്വയംഭരണംകോളേജുകള്ക്ക്  നല്കുക വഴി അവയ്ക്ക് കിട്ടുന്ന അധികാരം വളരെ വലുതാണ്. അവര്ക്ക്  സ്വന്തമായി കോഴ്‌സും കരിക്കുലവും നിശ്ചയിക്കാം. പരീക്ഷയും മൂല്യനിര്ണ‍യവും കോളേജുകള്ക്ക്   നടത്താം. എന്നാല്‍ സര്ട്ടിഫിക്കറ്റുകള്‍ അതത് സർവ്വകലാശാലയായിരിക്കും നല്കുക. കോളേജുകള്ക്ക്  തന്നെ ഭരണസമിതി, അക്കാദമിക് കൗണ്സില്‍, ബോര്ഡ് ഓഫ് സ്റ്റഡീസ്, ധനകാര്യ സമിതി എന്നിവ രൂപികരിക്കാം

ഇത്രയും വിപുലമായ അധികാരങ്ങള്‍ ഇവിടുത്തെ കോളേജുകള്ക്ക് കൊടുത്താല്‍ ഉള്ള അവസ്ഥ ആലോചികുക. മത സാമുദായിക സംഘടനകള്‍ വീതം വെച്ച് എടുക്കുന്ന ഇവിടുത്തെ ഉന്നത വിദ്യാഭാസ രംഗത്ത് സ്വയംഭരണം നല്കുമ്പോള്‍ അതു ഭാവിയില്‍ വീതംവെപ്പാകും എന്നത് തീര്ച്ചയാണ്.കോളേജുകളുടെ മികവിനെക്കാള്‍ മാനദണ്ഡം മാനേജ്മെന്റ്ന്റെ് രാഷ്ട്രീയ സ്വാധീനം ആയിരിക്കും.

സ്വകാര്യ മാനേജ്മെന്റുകള്ക്ക്  സ്വയംഭരണം ലഭ്യമാകുമ്പോള്‍  സർവകലാശാലക്ക് ഇവയ്ക്കു മേലുള്ള നിയന്ത്രണം  നഷ്ടമാകുമെന്നതില്‍  തര്ക്കുമില്ല. സര്ട്ടി്ഫിക്കറ്റ് നല്കുന്നത് സർവകലാശാലയാണെങ്കിലും  അര്ഹരായ വിദ്യാര്തികളെ നിശ്ചയിക്കുന്നത് കോളേജ്. വിദ്യാര്ഥി രാഷ്ട്രീയം, മോഡറേഷന്‍, ഇന്റേണല്‍ മാര്ക്ക്, റിസർവേഷന്‍ മാനദണ്ഡങ്ങള്‍, കായിക വിനോദങ്ങള്‍, യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങി പഠന പഠനനേതര വിഷയങ്ങളിലും ഭരണപരമായ കാര്യങ്ങളിലും സര്ക്കാരിനും സർവകലശാലക്കും ഉള്ള എല്ലാ അധികാരവും നഷ്ടമാകും. സ്വയംഭരണം ആകുമ്പോള്‍ വിദ്യാര്ഥികളുടെ പഠന ചെലവും സ്വാഭാവികമായി ഉയരും.

പിന്നെ മറ്റൊരു കാര്യം ഇവിടുത്തെ എയ്ഡട് കോളേജുകളുടെ നിലവാരമാണ്. കോഴ വാങ്ങി മാനേജ്‌മെന്റ്‌ നിയമിക്കുന്ന പല അധ്യാപകരും വേണ്ട നിലവാരം പുലര്ത്തുന്നില്ല എന്നത് നഗ്നസത്യമാണ്. അപ്പോള്‍ ഇത്തരക്കാര്‍ തന്നെ കരിക്കുലവും പരീക്ഷയും മൂല്ല്യനിര്ണനയവും നടത്തിയാല്‍ ഉണ്ടാവുന്ന അവസ്ഥ ആലോചിക്കുക. മാത്രമല്ല വിജയ ശതമാനം മിക്കവാറും നൂറു തന്നെ ആയിരിക്കും, സ്വന്തം അധ്യാപകര്‍ പരീക്ഷ നടത്തി ആരെയെങ്കിലും തോല്പ്പികുമോ?. മറ്റൊന്ന് ഈ അദ്ധ്യാപകരുടെ വശത്ത് നിന്ന് ചിന്തിച്ചാല്‍ അവര്ക്ക്  മേല്‍ മാനെജുമെന്റുകള്ക്ക് അനാവശ്യ അധികാരം നല്കുലന്നു എന്നതാണ്.
സര്ക്കാര്‍ പല കര്ശന വ്യവസ്ഥകളും സ്വയംഭരണം നല്കുന്നതിനു മുന്പ് വെക്കുമെന്ന് പറയുന്നു. സ്വാശ്രയ കോളേജുകള്ക്ക്  അനുമതി നല്കിയപ്പോഴും ഇതൊക്കെ തന്നെയാണ് നമ്മള്‍ കേട്ടത്. പിന്നീടു എന്തു സംഭവിച്ചു എന്നതും.
സംസ്ഥാന സര്ക്കാര്‍ ശുപാര്ശ ചെയ്യുന്ന കോളേജുകളെയാണ് യു.ജി.സി. സ്വയംഭരണ സ്ഥാപനമായി പ്രഖ്യാപിക്കുക. യുജിസി അംഗീകാരം ഈ പദ്ധതിക്ക് ഉണ്ടെങ്കിലും കേരളത്തിന്റൊ സാഹചര്യത്തില്‍ ഇത് ഒട്ടും അനുയോജ്യം അല്ലെന്നു ഏവര്ക്കും  നിസംശയം മനസിലാക്കാവുന്നതെ ഉള്ളൂ.

പാശ്ചാത്യരാജ്യങ്ങളില്‍ സ്വയംഭരണ കോളേജുകള്‍ ഉള്ളതിന്റെ മാതൃക ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ അവിടുത്തെ വിദ്യാഭാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യമോ നിലവാരമോ ഇവിടുത്തെ സ്ഥാപങ്ങള്ക്ക് ഉണ്ടോ എന്നു ചിന്തിക്കുക.
ഒരു സ്വയംഭരണ സ്ഥാപനം എന്നു പറയുമ്പോള്‍ നമ്മുടെ ഐഐടി,ഐഐഎം മാതൃകയില്‍ കോളജ് തന്നെ  വിദ്യാര്ഥികളില്‍ നിന്ന്  ഫീസ്‌ സ്വീകരിക്കല്‍, അദ്ധ്യാപക നിയമനം അവരുടെ  ശമ്പളം നല്കല്‍,. പരീക്ഷ നടത്തിപ്പ്, ബിരുദദാനം ഇവയെല്ലാം നടത്തണം. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇവിടുത്തെ ഏതെങ്കിലും കോളജുകള്ക്ക്  ആവുമോ. ഭൌതിക സൗകര്യം ഒരുക്കാന്‍ സര്ക്കാര്‍ ഗ്രാന്ഡ്‍, ജീവനക്കാര്ക്ക് ശമ്പളം സര്ക്കാര്‍ നല്കും,എന്നിട്ട് സർവ്വ അധികാരവും കോളേജുകള്ക്ക്  അതാണ് ഇവിടെ ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്.

പാശ്ചാത്യരാജ്യങ്ങളിലെ സ്വയം ഭരണം ഉണ്ട് അതുകൊണ്ട് ഇവിടെയും എന്ന വാദം അനുചിതമാണ്. സാക്ഷരതയില്‍ മുന്പില്‍ ആണെങ്കിലും സിവില്‍ സർവീസ് , ഐഐടി പ്രവേശനം തുടങ്ങിയ മേഖലകളില്‍ നമ്മുടെ മലയാളികളുടെ സാന്നിധ്യം തുലോം കുറവാണ്. വീണ്ടും  ഇത്തരം  നീക്കങ്ങള്‍ നമ്മുടെ ഉന്നത വിദ്യാഭാസ രംഗത്തെ കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് ആയിരിക്കും എത്തിക്കുന്നത്

വിദ്യാഭ്യാസമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ നീക്കത്തിനെതിരെ നമ്മുടെ വിദ്യാര്ഥി സംഘടനകളും അക്കാദമിക് സമൂഹവും സ്വീകരിക്കുന്ന നിലപാടും ദുഖകരമാണ്, അവരുടെ പ്രതിഷേധം വഴിപാട്‌ പോലെയകുംപോള്‍ സര്ക്കാണര്‍ സ്വയംഭരണ നടപടികളുമായി മുന്പോപട്ടു തന്നെ പോകുന്നു.ജനുവരി ലക്കം വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്
Related Posts Plugin for WordPress, Blogger...