പേജുകള്‍‌

2014, ജൂലൈ 29, ചൊവ്വാഴ്ച

അറിയപ്പെടാത്ത നക്ഷത്രങ്ങള്‍

കൂമന്‍ കാവില്‍ ബസ്‌ ഇറങ്ങി ഖസാക്കിലേക്ക് പോകുന്ന രവി.ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ മലയാളികള്‍ക്കും ഓര്‍മ വരുന്നത് ഖസാക്കിന്‍റെ ഇതിഹാസത്തിലെ രവിയെ ആയിരിക്കും,തേവാരത് ശിവരാമന്‍ നായരുടെ  ഞാറ്റു പുരയിലെ ഏകാദ്ധ്യാപക വിദ്യാലയം.

ഒരു പക്ഷെ  നമ്മുടെ പൊതുസമൂഹത്തിനു ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പരിചിതമായിരിക്കില്ല.വിദ്യാലയങ്ങളുടെ സാന്ദ്രത ഗ്രാമങ്ങളിലുംനഗരങ്ങളിലും ഏറെ ഉള്ളപ്പോള്‍.എന്നാല്‍ കേരളത്തിലും ഉള്‍പ്രദേശങ്ങളില്‍, കൊടും വനങ്ങളില്‍   ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക്  ഉള്‍പ്പെടെ അറിവിന്റെ വെളിച്ചം പകരുന്ന  ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നിരവധി ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.

ആദിവാസി മേഖല, ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ 1997ൽ ആണ്  വിവിധ ഭാഗങ്ങളിൽ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്.ഏറെ പ്രതിസന്ധികൾ നേരിടേണ്ട സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുമെന്നതിനാൽ ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലായിരുന്നു.ഒടുവില്‍ ടിടിസി വേണമെന്ന നിബന്ധന ഒഴിവാക്കി,എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായി തീരുമാനിച്ചാണ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. ആദിവാസി മേഖലകളിലെ സാക്ഷരതാ പ്രവർത്തകരായിരുന്നു അദ്ധ്യാപകരിൽ  ഏറെയും. 

2013 മാര്‍ച്ച്‌ 11 നു കോതമംഗലം സ്വദേശിനിയായ ലിസി എന്ന ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക സ്കൂളിലേക്കുള്ള യാത്രയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു,ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോയ വാര്‍ത്ത‍.ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനി ഏകാദ്ധ്യാപകവിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു ലിസി.15 വര്‍ഷമായി ആ ബദല്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു ലിസി ടീച്ചര്‍.  പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാങ്ങാനായി 50 കിലോമീറ്റര്‍ അകലെയുള്ള കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് പോകുംവഴിയാണ്  ആന ആക്രമിച്ചത്.കുഞ്ചിപ്പാറയിലെ, ഈറ്റയും മുളയും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുള്ള സ്‌കൂളില്‍ 22 കുട്ടികളെയാണ് ലിസി ടീച്ചര്‍ പഠിപ്പിച്ചിരുന്നത്.ആദിവാസി കുടികളിലെ പുരുഷന്മാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനവും ഇവര്‍ നടത്തിയിരുന്നു.

                                                                         ലിസി ടീച്ചര്‍


ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ഉള്ള വിവിധ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍.ഇവിടേക്ക് പോകുന്ന അദ്ധ്യാപകരുടെ ദുരിതം സങ്കല്പ്പിക്കാവുന്നതിലും അപ്പുറമാണ്.ഇരുപത്തിയെട്ടു കുടികള്‍ ചേര്‍ന്നയിടമാണ്‌ ഇടമലക്കുടി. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്ത്‌ എന്ന നിലയില്‍ നമ്മള്‍ വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട് ഇടമലക്കുടിയെ പറ്റി.വാഹന സൗകര്യം അവസാനിക്കുന്നടുത്തു നിന്ന് കൊടും കാടില്‍കൂടി ഒരു ദിവസം മുഴുവന്‍ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് സ്കൂളില്‍ എത്തുവാന്‍ കഴിയൂ.
ഇവരുടെ ദുരിതയാത്രയെ പറ്റിയുള്ള ഒരു ലേഖനം താഴെ കാണുന്ന ലിങ്കില്‍ വായിക്കാം 

ഇടമലക്കുടിയുടെ ഇതിഹാസം

വന്യമൃഗങ്ങളുടെ ശല്യമുളള കൊടുംവനവും എത്തിപ്പെടാൻ ഏറെ പ്രയാസമുളള ഉൾപ്രദേശങ്ങളും താണ്ടി കുട്ടികളെ പഠിപ്പിക്കുന്ന ഇവര്‍ പേറുന്ന ദുരിതം വളരെ വലുതാണ്.തുച്ചമായ വേതനം,പലര്‍ക്കും മാസത്തില്‍ ഒരിക്കല്‍ മാത്രമേ വീട്ടില്‍ പോകാന്‍ കഴിയൂ.കൊടുംകാട്ടില്‍ ഇങ്ങനെ സ്കൂളിനുള്ളില്‍ തന്നെ അവര്‍ക്കും താമസിക്കേണ്ടി വരുന്നു.ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള അദ്ധ്യാപകര്‍ പലരും അവരെയും കൂട്ടിയാണ് കാട് കയറുന്നത്.

ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ നാലാം ക്ലാസ് വരെയാണ് ക്ലാസുകള്‍ ഉള്ളത്.അതിനുശേഷം ഈ കുട്ടികള്‍ സാധാരണ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുന്നു. ഈ കുട്ടികള്‍ക്ക് ശരിയായ അധ്യയനം നല്കാന്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എത്രമാത്രം പര്യാപ്തമാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷേ ഇത്തരം വിദ്യാലയങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കുട്ടികളില്‍ പലരും അറിവിന്റെ ലോകത്തേക്ക് കടക്കുക പോലുമില്ലായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ വരുന്നത് എങ്കിലും വകുപ്പിന് ഇവയുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ഇല്ല.സംസ്ഥാനത്ത് 354 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണുള്ളത്.354 വിദ്യാലയങ്ങളില്‍  ആയി 412 ജീവനക്കാരും 8487 വിദ്യാര്‍ഥികളുമുണ്ടെന്നാണ് സര്‍ക്കാറിന്‍െറ കണക്ക്.ഇതില്‍ 111  വിദ്യാലയങ്ങള്‍  പ്രൈമറി സ്കൂളുകളായി മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തെങ്കിലും ഇതുവരെ നടപ്പായില്ല.ഈ വിദ്യാലയങ്ങല പ്രൈമറി സ്കൂളുകള്‍ ആക്കുമ്പോള്‍ ഏറ്റവും ആശങ്കയിലാകുന്നത് ഇങ്ങനെ ഉയര്‍ത്തപ്പെടുന്ന സ്കൂളുകളിലെ അദ്ധ്യാപകരാണ്.പ്രൈമറി വിദ്യാലയങ്ങള്‍ ആകുന്നതോട് കൂടി ഇവിടെല്ലാം സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരാകാന്‍ വേണ്ട യോഗ്യത ഉള്ളവരെ നിയമിക്കേണ്ടി വരും.ഇപ്പോഴുള്ള പല അദ്ധ്യാപകര്‍ക്കും അതില്ല.



ഈ മേഘലയിലെ അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നിരവധിയാണ്.80% അദ്ധ്യാപകരും സ്ത്രീകളാണ്, ഇവര്‍ക്ക് വേണ്ട ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും മിക്ക സ്കൂളുകളിലും ഇല്ല.  ദുരിത യാത്രയും താമസിക്കാനുള്ള ബുദ്ധിമുട്ടുകളും ജോലിയുടെ പ്രത്യകത ആണെന്ന് ഇവര്‍ അംഗീകരിക്കുന്നു.പക്ഷെ ഇവര്‍ക്ക് കിട്ടുന്നത് തുച്ചമായ വേതനമാണ്,മാസം 3000 രൂപ മാത്രം.അതും കൃത്യമായി ലഭിക്കാറില്ല.അതിനു പുറമെയാണ് പ്രൈമറി വിദ്യാലയങ്ങള്‍ ആക്കുന്നതോടെ കുറെ പേര്‍ക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്കയും.

വേതനത്തിന്റെ ആകര്‍ഷണം മാത്രം കൊണ്ട് ആരും ഈ ജോലിക്ക് തയ്യാറാവും എന്ന് കരുതുന്നില്ല.അവര്‍ ഈ ജോലിയിലൂടെ പ്രകടിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധത കണ്ടില്ലെന്നു നടിക്കാനാവില്ല.ഏതാണ്ട് ഒരു സമര്‍പ്പണ മനോഭാവത്തോടെയാണ് പലരും ഇവിടെ ജോലി ചെയ്യുന്നത്.അദ്ധ്യാപനവും അതിനു പുറമേ  ഈ കുട്ടികള്‍ക്ക്  ഭക്ഷണം തയ്യാറാക്കിയും അവര്‍ക്കൊപ്പം കഴിഞ്ഞുമാണ് പലരും ജോലി ചെയ്യുന്നത്.ആദിവാസി മേഘലകളില്‍ പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാന്‍ തന്നെ ഇവര്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.അവധിക്കായി നാട്ടില്‍ പോയി വരുമ്പോള്‍ ചിലപ്പോള്‍ വീണ്ടും കുട്ടികളെ തേടി പോകണം ഊരുകളിലേക്ക്.ചിലപ്പോള്‍ കുട്ടികളെ കുളിപ്പിച്ച് വൃത്തിയാക്കേണ്ട ചുമതലയും ഇവര്‍ ഏറ്റെടുക്കുന്നു.

വാര്‍ത്താ പ്രാധാന്യം ഉള്ള പദ്ധതികള്‍ ,വലിയ മുതല്‍മുടക്കുകള്‍ ഉള്ള പ്രൊജക്റ്റ്‌കള്‍ ഇവയിലോക്കെയാണ് ഏവര്‍ക്കും താത്പര്യം.  മുഖ്യധാരക്ക് പ്രിയങ്കരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ അവഗണിക്കപ്പെടുന്നു.സ്ഥിര നിയമനവും കൂടുതൽ ശമ്പളവും നൽകുമെന്ന  സർക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ ഏറെ കാലമായുണ്ട് .പക്ഷെ   സ്കൂളുകളുടെ നിലവാരമുയർത്താൻ തീരുമാനിച്ച സർക്കാർ നിലവിലുളള അദ്ധ്യാപകരുടെ കാര്യത്തിൽ മൗനം പുലര്‍ത്തുന്നു.

ഈ അദ്ധ്യാപകര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.സംഘടനകള്‍ ഇല്ല സമരം ചെയ്യാന്‍.പക്ഷെ ഇവര്‍ ചെയ്യുന്ന സേവനം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും ആവില്ല.ഇക്കാലമത്രയും ഇവര്‍ സമൂഹത്തിനു ചെയ്ത സേവനം കണക്കിലെടുത്ത് ഒരാളെ പോലും പിരിച്ചു വിടാതെ ഏവര്‍ക്കും സ്ഥിരം നിയമനം ഉറപ്പുവരുത്തണം,ഇവര്‍ക്ക് സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം നല്‍കാനുള്ള നടപടികളും സ്വീകരിക്കണം.അതാണ് സര്‍ക്കാരിന് ഇവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം

( ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍)
Related Posts Plugin for WordPress, Blogger...