പേജുകള്‍‌

2014, ജൂൺ 25, ബുധനാഴ്‌ച

കുബേരന്‍മാരും കുചേലന്മാരും


  ബ്‌ളേഡ് മാഫിയകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപ്പാക്കിയ "ഓപ്പറേഷന്‍ കുബേര" കേരള പോലീസ് സമീപകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറെ അഭിനന്ദനീയമായ ഒന്നാണ്.പുരാണത്തിലെ കുബേരന്‍ ഏതെങ്കിലും സാമ്പത്തിക അതിക്രമം കാണിച്ച കഥാപാത്രം ആയിരുന്നില്ല,അതുകൊണ്ടുതന്നെ ഈ പേരിന്‍റെ യുക്തിയില്‍ ഒരു അനൗചിത്യം ഉണ്ട്. എങ്കിലും സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.സാധാരണ മാഫിയ വിരുദ്ധ നടപടികള്‍ എല്ലാം മാധ്യമ ശ്രദ്ധ തീരുമ്പോള്‍ അതിന്റെ വഴിക്ക് ആകുന്നതാണ് നമ്മുടെ അനുഭവം,എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മറ്റു പല വിവാദ വിഷയങ്ങളിലേക്കും ശ്രദ്ധ മാറിയിട്ടും പോലീസ് ഓപ്പറേഷന്‍ കുബേരയുമായി മുന്‍പോട്ടു പോകുന്നത് നല്ലകാര്യം തന്നെ.പിന്നെ ഇക്കാലമത്രയും ഈ മാഫിയകള്‍ വളര്‍ന്നു പന്തലിച്ചത് നമ്മുടെ ഈ സര്‍ക്കാര്‍ സംവിധാനത്തിന് മുന്‍പിലാണ്.ഇപ്പോള്‍ റൈഡ് നടത്തുന്നവര്‍ ഇക്കാലം അത്രയും ബ്ലേഡ് മാഫിയാകളുടെ സംരക്ഷകരോ അവരുടെ ഇടപാടുകള്‍ക്ക് മധ്യസ്ഥരോ ആയിരുന്നു.

 കുറച്ചു കൊള്ളപലിശക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരും എന്നതിനപ്പുറം ഇത് സമൂഹത്തിനു എത്ര മാത്രം പ്രയോജനം ഉണ്ടാക്കുന്നു എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപെട്ട കാര്യം,അങ്ങനെ നോക്കുമ്പോള്‍ ഇതിന്റെ ഫലപ്രാപ്തിയെ കുറിച്ച് സന്ദേഹമുണ്ട്.
തിരുവനന്തപുരത് ഒരു കുടുംബം ബ്ലേഡ് മാഫിയയുടെ പീഡനം കൊണ്ട് കൂട്ട ആത്മഹത്യ ചെയ്തപ്പോഴാണ് ഓപ്പറേഷന്‍ കുബേര ആരംഭിക്കുന്നത്.സ്വന്തം വരുമാനതിനും അപ്പുറമുള്ള ചിലവുകളിലേക്ക് ഓരോരുത്തര്‍ കടക്കുമ്പോള്‍(ആവശ്യവും അനാവശ്യവും ആകാം) ,ബിസിനസ്‌ പദ്ധതികള്‍ തുടങ്ങുകയോ,നവീകരിക്കുകയോ അതില്‍ വരുന്ന പരാജയങ്ങലോ അങ്ങനെ പലവിധ കാരണങ്ങള്‍ ആകാം ആളുകളെ ബ്ലേഡ് മാഫിയക്ക് മുന്‍പില്‍ എത്തിക്കുന്നത്.

ബാങ്കുകള്‍ കുറഞ്ഞ പലിശക്ക് പണം ലഭ്യമാക്കിയാല്‍ ബ്ലേഡ് മാഫിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും എന്നത് ശരിയല്ല.ബാങ്കിംഗ് സാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനത്ത് ആദ്യം ബാങ്ക് വായ്പ നോക്കി അത് സാധ്യമാകാത്തവര്‍ ആണ് ബ്ലേഡ് മാഫിയയെ സമീപിക്കുന്നത്.പലപ്പോഴും ജാമ്യം ആയി വസ്തുവോ സ്വര്‍ണമോ നല്കാന്‍ ഇല്ലാത്തവര്‍ക്ക് വലിയ ബാങ്ക് വായ്പ സാധ്യമല്ല,അത് ഇനിയും മാറുകയും ഇല്ല.ബാങ്കുകളില്‍ നിന്ന് കിട്ടാവുന്നതിനു അപ്പുറം ആവശ്യകത വരുമ്പോഴാണ് കൊള്ളപ്പലിശ ക്കാരെ സമീപിക്കുന്നത്.

 ഇതിലുള്ള മറ്റൊരു കാര്യം ഒരു കുബേരനും ഒരാള്‍ക്കും അങ്ങോട്ട്‌ ചെന്ന് പണം നല്‍കിയതല്ല.കൊള്ളപലിശ വാങ്ങിയത് ഒഴിവാക്കി കൊടുക്കണം,പക്ഷെ ഇത്തരം നടപടികള്‍ ഒരിക്കലും ആരുടേയും കയ്യില്‍ കഷ്ടപ്പെടാത്ത മുതല്‍ അനര്‍ഹമായി വന്നുചേരാന്‍ അവസരം ഉണ്ടാകരുത്.കുബെരന്മാര്‍ അഴിക്കകത്ത് ആകുമ്പോള്‍ അത് പണം കടം വാങ്ങിയവര്‍ക്ക് സൗജന്യമായി പണം കിട്ടുവാനുള്ള അവസരം ആയി മാറരുത്.

ഇതിൽ മറ്റൊരു രസകരമായ വസ്തുതയുണ്ട്,ഈ നടപടി തുടങ്ങിയപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ വളരെ ചെറിയ തുക കടം നല്‍കിയവര്‍ പോലും ബ്ലേഡ് മാഫിയയായി മാറി എന്നതാണ്.പണം കടം കൊടുത്തവര്‍ തിരികെ ചോദിച്ചാല്‍ ഉടനെ അവരെ ബ്ലേഡ് മാഫിയ ആക്കി ചിത്രീകരിച്ചു പരാതി നല്‍കുന്നു.പലയിടത്തും കുബേരന്മാരെ പിടിക്കാന്‍ പോയ പോലീസുകാര്‍ കണ്ടത് ദയനീയ സാഹചര്യം.സൌഹൃദത്തിന്റെയോ പരിചയതിന്റെയോ പേരില്‍ പണം നല്‍കുന്നത് ഒരിക്കലും മാഫിയയായി കാണരുത്.

ബ്ലേഡ് മാഫിയ കടം നല്‍കിയ പണം പൂര്‍ണ്ണമായും അവരുടെതല്ല ഒരിക്കലും.വന്‍ തോതിലുള്ള ബിനാമി പണം ബ്ലേഡ് മാഫിയ ഉപയോഗിക്കുന്നുണ്ട്.ഇത്തരത്തിലുള്ള കള്ളപ്പണം പെരുപ്പിക്കല്‍ ആണ് ബ്ലേഡ് മാഫിയ ചെയ്യുന്ന ഒരുകാര്യം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉള്‍പ്പെടെ കണക്കില്‍ പെടാത്ത പല പണവും ഇങ്ങനെ കള്ളപ്പണമായി ബ്ലേഡ് മാഫിയ ഉപയോഗിക്കുന്നുണ്ട്.ഇതു മാത്രമല്ല ചെറിയ അത്യാഗ്രഹം കൊണ്ട് കൂടുതല്‍ പലിശ പ്രതീക്ഷിച്ചു തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ബ്ലേഡ് മാഫിയകള്‍ക്ക് നല്‍കിയവരും ഉണ്ട്.ബ്ലേഡ് മാഫിയ എന്നു പറയുമ്പോള്‍ അതില്‍ വന്‍കിട ചിട്ടി കമ്പനികളും മറ്റു NBFC (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി)കളും നടത്തുന്ന പല നിയമവിരുദ്ധ നടപടികളും സ്വാഭാവികമായി വരും.പക്ഷെ അവരൊക്കെ "ഓപ്പറേഷന്‍ കുബേര"യില്‍ വേണ്ട രീതിയില്‍ പിടിക്കപ്പെട്ടിട്ടില്ല.നിയമത്തിലെ പഴുതുകള്‍ തന്നെയാണ് ഇതിനുള്ള ഒരു കാരണം.

 ചെക്കുകള്‍, പ്രോമിസറി നോട്ട്സ് ഇവ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ വാങ്ങുന്നത് നിയമവിരുദ്ധം തന്നെ.അതാണ് ഇപ്പോള്‍ റൈഡ്കള്‍ വഴിപിടിച്ചെടുക്കുന്നതും.പക്ഷെ  നിയമത്തിനു മുന്‍പില്‍ പലപ്പോഴും ഈ ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോടുകളും ദുരുപയോഗം ചെയ്യപ്പെടുകയും ഇരകള്‍ കെണിയില്‍ വീഴുകയും ചെയ്യുന്നുണ്ട്.

സര്‍ക്കാരിനു ഈ കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് ഒന്ന് നിയമവിരുദ്ധമായ രീതിയില്‍ ഉള്ള ഇത്തരം പണമിടപാടുകളുടെ നിരോധനം ആണ്.ഇത്തരം അനധികൃത പണമിടപാട്കളുടെ വേരറക്കും വരെ ഓപ്പറേഷന്‍ കുബേര" തുടരുമെന്ന് പ്രതീക്ഷിക്കാം.മറ്റൊന്ന് കള്ളപ്പനതിന്റെ ലഭ്യത കുറയ്ക്കുക എന്നത് തന്നെ.ഹവാല പണമായും കൈകൂലി ആയും മണല്‍ ഖനനം നടത്തിയും ഒക്കെ ആര്‍ജിക്കുന്ന പണം വന്‍തോതില്‍ പലിശ ഇടപാടുകള്‍ക്ക് ആയി മാര്‍കെറ്റില്‍ എത്തുന്നത് ഒഴിവാക്കുക.

ഏറ്റവും കൂടുതല്‍ ബ്ലേഡ് മാഫിയാകളുടെ കെണിയില്‍ പെട്ടിരിക്കുന്നത് കൂടുതലും ഇടത്തരക്കാര്‍ ആണ്.വന്‍ പലിശക്ക് പണം കടം വാങ്ങി ബിസിനസ്‌ ചെയ്ത് വിജയിക്കാം എന്ന് കരുതുന്നവര്‍,പണം കടം വാങ്ങി ചൂതാട്ടം നടത്തുന്നവര്‍ അങ്ങനെ നമ്മുടെ അത്യാഗ്രഹം തന്നെയാണ് പലപ്പോഴും ബ്ലേഡ് മാഫിയകളെ വളര്‍ത്തുന്നത്.വിവാഹം,രോഗചികിത്സ പോലെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്ക് വാങ്ങി കെണിയില്‍ പെടുന്നവരെക്കാള്‍ കൂടുതല്‍ ഇത്തരം അനവശ്യമായ കടമെടുക്കലുകള്‍ നടത്തിയവര്‍ ആണ്.കയ്യില്‍ മുതല്‍ ഇല്ലാതെ പണം കടം വാങ്ങി ആ പലിശ നല്‍കാന്‍ വീണ്ടും കടം വാങ്ങി ഒരിക്കലും അഴിയാത്ത കുരുക്കില്‍ പെട്ട് ആത്മഹത്യയില്‍ അവസാനിക്കുന്ന നിരവധി അനുഭവങ്ങള്‍.കടമെടുക്കുന്നതില്‍ സമൂഹം സ്വയം ഉണ്ടാക്കുന്ന നിയന്ത്രണം ആണ് ഇതിന്റെ ശാശ്വതവും പ്രയാസകരവുമായ പരിഹാരം


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
Related Posts Plugin for WordPress, Blogger...