പേജുകള്‍‌

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഉത്തരം താങ്ങുന്ന ജാതി സംഘടനകള്‍

വര്‍ത്തമാനകാല കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലകളില്‍ എന്‍എസ്സ്എസ്സ്,എസ്എന്‍ഡിപി യോഗം ഉള്‍പ്പെടയുള്ള ജാതി സംഘടനകള്‍ക്ക് യാതൊരുവിധമായ പ്രാധാന്യവുമില്ല.മണ്മറഞ്ഞ മഹാരഥന്മാരായ നേതാക്കളുടെ പൈതൃകത്തിന്റെ പേര് പറഞ്ഞു സമുദായത്തിന്റെ അപ്പോസ്തലന്മാരായി അഭിരമിക്കുന്ന ഈ സംഘടനകളുടെ ഇപ്പോഴത്തെ നേതാക്കളെ കൊണ്ട് സ്വസമുദായങ്ങള്‍ക്കോ പൊതു സമൂഹത്തിനോ ഒരുഗുണവുമില്ല.
കാലാകാലങ്ങളില്‍ മാറി മാറി വരുന്ന അധികാരികളെ കണ്ണുരുട്ടിയും കാല് പിടിച്ചും നേടുന്ന അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ കൊണ്ട് സമുദായ നേതൃത്വങ്ങളും അവരുടെ അനുചരന്മാരും സമ്പന്നരായി മാറുന്നു എന്നതില്‍ കഴിഞ്ഞു സമുദായ ക്ഷേമമോ സാമൂഹിക പുരോഗതിയോ ഒന്നും ഈ സംഘടനകള്‍ വഴി ഉണ്ടാകുന്നില്ല.ഈ സംഘടനകളുടെ എല്ലാം തലപ്പത്ത് സമ്പന്നമായ നേതൃത്വമാണുള്ളത്,അതുപയോഗിച്ചു ഇവര്‍ സൃഷ്ടിക്കുന്ന കൃത്രിമ ജനാതിപത്യ പ്രക്രിയകളില്‍ കൂടി കേറിയിരിക്കുന്ന കസേരകളില്‍ വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ ഇവര്‍ തുടരുന്നു.


സമുദായത്തിന്റെ പേര് പറഞ്ഞു വാങ്ങുന്ന വിദ്യാഭാസ സ്ഥാപങ്ങളില്‍ പ്രവേശനത്തിനും നിയമനത്തിനും ജാതിമത വ്യതാസം ഇല്ലാതെ വന്‍ തോതില്‍ കോഴ വാങ്ങുന്നു.ഏറ്റവും താഴെ തട്ടില്‍ നിന്ന് മുതല്‍ പിരിവുകളും നടത്തുന്നു.ഇതെല്ലാം കഴിഞ്ഞു തിരികെ സമുദായതിനോ പൊതു സമൂഹത്തിനോ എന്ത് നല്‍കി എന്ന് ചോദിച്ചാല്‍ കാര്യമായി പറയാന്‍ ഒന്നുമില്ല.പിന്നെ വലിയ പബ്ലിസിറ്റി നല്‍കി നടത്തുന്ന ചെറിയ എന്തെങ്കിലും സേവന സഹായങ്ങള്‍ കാണും,അതിപ്പോള്‍ ഏതൊരു ചാരിറ്റി സംഘടനകള്‍ക്കും ചെയ്യാവുന്നതാണ്.
പിന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്നാ പേരില്‍ ഇവര്‍ നടത്തുന്ന ഗീര്‍വാണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ സമുദായക്കാരായ മുഴുവന്‍ ആളുകളുടെയും വോട്ടുകള്‍ ഇവരുടെ കൈവശം ഫിക്സഡ് ഡിപ്പോസിറ്റ് ആണെന്ന് തോന്നിപോകും.രാഷ്ട്രീയമായി വളരെയധികം വേര്‍തിരിക്കപെട്ട,ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യതാസം നേര്തതായ കേരളത്തിന്റെ രാഷ്ടീയ ഭൂപടത്തില്‍ ഒരു പക്ഷെ ഒരു നിയമ സഭാ മണ്ഡലത്തില്‍ ഇവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാവുന്ന ആയിരം വോട്ടുകള്‍ പോലും നിര്‍ണ്ണയകമാണ്.അത് മനസിലാക്കിയാണ് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവര്‍ക്ക് ചുറ്റും കൂടുന്നത്.പക്ഷെ സമദൂരവും ശെരി ദൂരവും എന്നൊക്കെയുള്ള രണ്ടു വള്ളത്തില്‍ ചവിട്ടല്‍ മാറ്റി ഒറ്റയ്ക്ക് പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ചാല്‍ ഇവര്‍ക്കൊന്നും കെട്ടിവെച്ച കാശ് ഒറ്റ മണ്ഡലത്തിലും കിട്ടില്ല.


ഇന്നും വലിയൊരു പങ്കു ആളുകളില്‍ അന്തര്‍ലീനമായ ജാതീയമായ വികാരത്തെ അതീവ സമര്‍ത്ഥമായി ഉപയോഗിച്ച്കൊണ്ട് അതിന്റെ പേരില്‍ കെട്ടിപൊക്കപെട്ട ഒരു കടലാസ് കൂടാരമായി സമുദായ സംഘടനകള്‍ മാറി.ഈ സംഘടനകളില്‍ പ്രാഥമിക അംഗത്വമുള്ള മഹാ ഭൂരിപക്ഷത്തിനും ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ല അല്ലെങ്കില്‍ അവര്‍ അതില്‍ തത്പരരല്ല,അതുകൊണ്ടുതന്നെ ഈ നേതാക്കളുടെ തീട്ടൂരങ്ങള്‍ക്ക് അവര്‍ തങ്ങളുടെ സംഘ ശക്തിയെന്ന് അവകാശപ്പെടുന്ന മഹാ ഭൂരിപക്ഷം സമുദായ അംഗങ്ങളും പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.
Related Posts Plugin for WordPress, Blogger...