പേജുകള്‍‌

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

പ്രായോഗിക വാദികളും പ്രതിശ്ചായ വാദികളും

പ്രായോഗിക വാദികളും പ്രതിശ്ചായ വാദികളും തമ്മിലുള്ള ഫുട്ബോള്‍ മത്സരം അപ്രതീക്ഷിതം ആയിരുന്നു.പ്രതിശ്ചായ വാദികളുടെ ധീരനായ നായകന്‍ എതിര്‍ പ്രതിരോധ നിര സജ്ജമാകും മുന്‍പേ ഗോള്‍ അടിച്ചു സ്വന്തം ടീമിനെ മുന്‍പില്‍ എത്തിച്ചപ്പോഴാണ് കളി തുടങ്ങിയ കാര്യം കാണികളായ കേരളപുരം നിവാസികള്‍ അറിഞ്ഞത്.

ആദ്യ ഗോളിന് ശേഷം കളി വിരസമായി മാറി.പ്രായോഗിക വാദികളുടെ സ്പോണ്‍സര്‍മാര്‍ ആയ മുതലാളികളുടെ സംഘടന പരാജയം ഭയന്ന് മത്സരം നിര്‍ത്തിവെക്കണം എന്ന് ആവശ്യപെട്ട് വ്യവഹാരത്തിന് ശ്രമിച്ചു.

കാണികളില്‍ കൂടുതലും പ്രായോഗിക വാദികളുടെ ആരാധകര്‍ ആയിരുന്നു,പക്ഷെ അവര്‍ക്ക് സ്വന്തം ടീമിനായി  ആവേശ പ്രകടനം നടത്താന്‍ മടി,അതുകൊണ്ട് അവര്‍ നിശബ്ദര്‍ ആയിരുന്നു.ചിലരാകട്ടെ പ്രതിശ്ചായ വാദികളുടെ അക്രമം ഭയന്നു ,മനസില്‍ പ്രായോഗിക വാദികളെ പിന്തുണച്ചു കൊണ്ട് പ്രതിശ്ചായവാദികള്‍ക്കായി കയ്യടിച്ചു.

എണ്ണത്തില്‍ കുറവായിരുന്നു എങ്കിലും  പ്രതിശ്ചായ വാദികളുടെ പിന്തുണക്കാരായ കാണികള്‍ ആദ്യ ഗോള്‍ വീണപ്പോള്‍ മുതല്‍ ആനന്ദനൃത്തം തുടങ്ങി.പ്രായോഗിക വാദികളുടെ ടീമിനെയും നായകനെയും ആരാധകരെയും അവര്‍ പുലഭ്യം പറഞ്ഞു.

ഡല്‍ഹിക്കാരി ആയ റഫറിക്ക് ഇപ്പോള്‍ പഴയപോലെ ഹൈകമാന്‍ഡിംഗ് പവര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ ഗ്രൗണ്ടില്‍ കാഴ്ചക്കാരിയായി നോക്കികൊണ്ടിരുന്നു.

കളി പതുക്കെ ആവേശം പൂണ്ടു.പ്രതിശ്ചായ വാദികളുടെ ടീം സുസജ്ജം ആയിരുന്നു.ആദ്യ ഗോള്‍ അടിച്ച ശേഷം ധീരനായ നായകന്‍ സെന്‍ട്രല്‍ ഡിഫന്‍സ്ലേക്ക് ഇറങ്ങിനിന്ന് ജയം ഉറപ്പിക്കാന്‍ ശ്രമിച്ചു.ഒപ്പം പ്രായോഗിക വാദികളുടെ നായകനെ ഫൌള്‍ ചെയ്യാനുള്ള നീക്കങ്ങളും ഇടക്ക് നടത്തി.ലെഫ്റ്റ് ബാക്ക് ആയി തൃശൂര്‍കാരന്‍ താടിക്കാരനെയും റൈറ്റ് ബാക്ക് ആയി കൊല്ലക്കാരന്‍ വാപോയ കോടാലിയെയും നിര്‍ത്തിയതോടെ പ്രതിരോധം സുസജ്ജമായി.

പ്രതിശ്ചായ വാദികളുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയ ളോഹക്കാരന്‍ അതിശക്തമായ മുന്നേറ്റങ്ങള്‍ നടത്തികൊണ്ടിരുന്നു.അയാള്‍ക്ക് വലിയ ഗ്രൌണ്ട് സപ്പോര്‍ട്ട് ആയിരുന്നു.അയാളുടെ ഓരോ നീക്കത്തിനും അയാളുടെ അതെ വേഷം ധരിച്ചെത്തിയ ഗ്രൗണ്ടില്‍ ഉള്ള കാണികള്‍ പിന്തുണ നല്‍കികൊണ്ടിരുന്നു.

പ്രായോഗികവാദികളുടെ നീക്കങ്ങള്‍ ദുര്‍ബലമായിരുന്നു.ചേര്‍ത്തലക്കാരന്‍ കഷണ്ടി സ്ട്രൈക്കര്‍ക്ക് ഫലപ്രദമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കഴിഞ്ഞില്ല.മിഡ് ഫീല്‍ഡ്ല്‍ ഉള്ള   കോഴിക്കോട്ടുകാരന്‍ ആയ കിങ്ങിണി നടത്തിയ നീക്കങ്ങള്‍ ഒന്നും ഫലം കണ്ടില്ല.  പ്രായോഗികവാദികള്‍ക്ക്  ഗോളി ഇല്ലാത്തത് കൊണ്ട് പ്രതിരോധം കാക്കേണ്ട തൃപ്പൂണിത്തുറക്കാരനായ പുംഗവന് ഇരട്ടി ജോലി ആയിരുന്നു.പ്രതിശ്ചായ വാദികളുടെ അക്രമത്തിനു മുന്‍പില്‍ എപ്പോഴും അയാള്‍ ചൂളി പോയി.

പ്രായോഗികവാദികളുടെ നായകന്‍ പുതുപ്പള്ളിക്കാരന്‍ യാതൊരു നീക്കവും നടത്താതെ ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു.പരാജയം ഉറപ്പിച്ച  ആ നീക്കങ്ങള്‍ കണ്ടാല്‍  അദേഹം എതിര്‍ ടീം നായകന്റെ ഫൌള്‍ ഒഴിവാക്കാന്‍ മാത്രം ശ്രമിക്കുകയാണെന്ന് തോന്നി പോകും

കളി അവസാന നിമിഷതിലേക്ക് നീങ്ങിയതോടെ ആവേശം മൂത്തു.അതിനിടയില്‍ പ്രായോഗിക വാദികളുടെ സ്പോന്‍സര്‍മാരായ മുതലാളികള്‍ പരാജയം ഉറപ്പിച്ചു വ്യവഹാരത്തിലൂടെ കളി നിര്‍ത്തിവെക്കാന്‍ ശ്രമിച്ചു.ആ ഫൌള്‍ പ്ലേ വന്നതോടെ പ്രതിശ്ചായ വാദികളുടെ ടീമിലുള്ളവരുടെ ആവേശം മൂത്തു.

അതുവരെ ദുര്‍ബല നീക്കങ്ങള്‍ നടത്തി കൊണ്ടിരുന്ന പ്രതിശ്ചായ വാദികളുടെ മലപ്പുറത്ത്കാരന്‍ മിഡ്ഫീല്‍ഡര്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തികൊണ്ട് ഗോള്‍ പോസ്റ്റിലേക്ക് മുന്നേറി. ജയം ഉറപ്പിച്ചേ പിന്മാരൂ എന്ന രീതിയില്‍ ആയി അയാളുടെ നീക്കങ്ങള്‍.

പ്രായോഗിക വാദികളുടെ നിരയില്‍ ഉള്ള പൊക്കം കുറഞ്ഞ തിരുവനന്തപുരതുകാരന്‍ അതിനിടയില്‍ ഒരു മുന്നേറ്റം നടത്തി  പക്ഷെ പ്രതിശ്ചായ വാദികളുടെ പ്രതിരോധ ഭടന്‍മാര്‍ ആയ തൃശൂര്‍ക്കാരന്‍ താടിയും കൊല്ലക്കാരനും കൂടി അത് തട്ടിയകറ്റി.

പ്രായോഗിക വാദികളുടെ മധ്യനിരയില്‍ കളിച്ച പാലാക്കാരന്റെ നീക്കങ്ങള്‍ കളിയെ അവസാന  നിമിഷത്തില്‍ കൂടുതല്‍ രസകരമാക്കി.അദേഹം സെല്‍ഫ് ഗോള്‍ അടിക്കുവാണോ ടീം മാറി കളിക്കുകയാണോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല.എന്തായാലും പ്രതിശ്ചായ വാദികളുടെ നായകന് അയാള്‍ കൃത്യമായി പന്ത് എത്തിച്ചുകൊടുത്തു.

കളിഇഞ്ചുറിടൈമിലേക്ക് നീങ്ങി.പ്രതിശ്ചായ വാദികളുടെ നായകന്‍ ജയം ഉറപ്പിച്ചു,ഇനി സമനില ആയാലും വേണ്ടില്ല എതിര്‍ നായകനെ ഒന്ന് ഫൌള്‍ കൂടി ചെയ്താല്‍ ലക്ഷ്യം പൂര്‍ത്തിയാകും എന്നതായിരുന്നു അദേഹത്തിന്റെ ചിന്ത.

പ്രായോഗിക വാദികളുടെ നായകന് അവസാന നിമിഷം ആയപ്പോള്‍ ജയം ഉറപ്പിച്ചേ തീരൂ എന്നായി.അദേഹത്തിന് ഒരു കാര്യം മനസിലായി കേളി ശൈലി മാറ്റാതെ കളി ജയിക്കില്ല.അങ്ങനെ പ്രായോഗിക ശൈലിയില്‍ അതുവരെ നീക്കം നടത്തിയ അദേഹം പെട്ടെന്ന് പ്രതിശ്ചായ ശൈലിയിലേക്ക് കളി മാറ്റി.അവസാന നിമിഷത്തിലെ അദേഹത്തിന്റെ ശൈലിമാറ്റം കണ്ടു പ്രതിശ്ചായ വാദികള്‍ അമ്പരന്നു,ആ അമ്പരപ്പ് മുതലാക്കി അദേഹംഒറ്റയ്ക്ക് പന്തുമായി മുന്നേറി.ആര്‍ക്കും പ്രതിരോധിക്കാന്‍ ആയില്ല.
പ്രതിശ്ചായവാദികളുടെ അമ്പരപ്പ് മാറും മുന്‍പ് അദേഹം ഗോള്‍ അടിച്ചു.ബൌണ്‍സ് ചെയ്തു വന്ന പന്ത് വീണ്ടും ഗോള്‍ അടിക്കാന്‍ അയാള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടായില്ല,എന്തെന്നാല്‍ അതുവരെ കളം നിറഞ്ഞു നിന്ന പ്രതിശ്ചായവാദികള്‍ കളി മറന്ന പോലെ നോക്കി നിന്നു,പ്രായോഗിക വാദികളുടെ പുതുപ്പള്ളിക്കാരന്‍ നായകന്‍ തുരുതുരാ ഗോള്‍ അടിച്ചു ടീമിന്റെ ജയം ഉറപ്പിച്ചു.

കളി തോറ്റ പ്രതിശ്ചായ വാദികള്‍ നാണക്കേടിന് ഇടയിലും പറഞ്ഞു ഞങ്ങളുടെ കേളി ശൈലി ആണ് ജയിച്ചത്.സ്വന്തം ടീം തോറ്റെങ്കിലും പ്രതിശ്ചായ വാദികളുടെ ഫാന്‍സ്‌ ആഹ്ലാദ നൃത്തം തുടങ്ങി.

കളി ജയിച്ച പ്രായോഗിക വാദികളുടെ ആരാധകര്‍ നിശബ്ദത തുടര്‍ന്നു,അവര്‍ക്ക്  ടീം ജയിച്ചെങ്കിലും ആഹ്ലാദിക്കാന്‍ ഒന്നുമില്ല.

ടീം സ്പോണ്‍സര്‍മാര്‍ ആയ മുതലാളിമാര്‍ വ്യവഹാരത്തില്‍ കൂടി ഈ കളി ഫൌള്‍ ആണെന്ന് പ്രഖ്യാപിപ്പിക്കും എന്ന വിദൂര പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുന്നു


Related Posts Plugin for WordPress, Blogger...