പേജുകള്‍‌

2013 ഡിസംബർ 25, ബുധനാഴ്‌ച

ഓര്‍മകളില്‍ ഒരു സുനാമി ദിനം

കായംകുളം കായലിന്റെ തീരത്തോടടുതാണ് എന്‍റെ വീട്.കായല്‍ കടന്നു അക്കരെ എത്തിയാല്‍ ആറാട്ടുപുഴ.കായലിനും കടലിനും ഇടയില്‍ ഒരു ഗ്രാമം.കായല്‍ തീരത്ത്  ഓരോ സ്ഥലത്തായി കടവുകള്‍,ഇവിടെ നിന്നും വള്ളത്തില്‍ ആണ് ആളുകളുടെ അക്കര ഇക്കര സഞ്ചാരം.തൊണ്ണൂറുകളുടെ അവസാനത്തോടെ കൊച്ചിയുടെ ജെട്ടി കടവില്‍ ജങ്കാര്‍ വന്നു.(രണ്ടു കൂറ്റന്‍ വള്ളങ്ങള്‍ ചേര്‍ത്ത് അതിനു മുകളിലായി ഉള്ള പ്ലാറ്റ് ഫോം,ഇതിനോട് ചേര്‍ന്ന് ബോട്ടും അങ്ങനെ ആളുകളെയും വാഹനങ്ങളെയും ഒരു പോലെ വഹിക്കാന്‍ കഴിയുന്നതാണ് ജങ്കാര്‍).ജങ്കാര്‍ വന്നതോടെ കരകള്‍ തമ്മിലുള്ള ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപെട്ടു.കൂട്ടുകാര്‍ക്കൊപ്പം ജങ്കാര്‍ലുടെ അക്കരെയെത്തി കടല്‍ കാണുക എനിക്കൊരു ശീലമായിരുന്നു.



അന്നു 2004 ഡിസംബര്‍ 26,ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയമാണ്,അന്നു എന്‍റെ പ്രിയ സുഹൃത്ത് രാജേഷ്‌ വീട്ടില്‍ എത്തി,ഞങ്ങള്‍ നേരത്തെ തന്നെ അന്നൊരു കടല്‍ കാഴ്ച ആസൂത്രണം ചെയ്തിരുന്നു.ജങ്കാര്‍ കടന്നു ഞങ്ങള്‍ അക്കരെ എത്തി.ജങ്കാര്‍ കടവില്‍ നിന്ന് കേവലം അര കിലോമീറ്റര്‍ കഴിയുമ്പോള്‍ തന്നെ അറബികടല്‍ ആയി.ഞങ്ങള്‍ കടല്‍ തീരത്തേക്ക് എത്തിയപ്പോഴേ വലിയ ആള്‍കൂട്ടം.ഞങ്ങളുടെ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍.കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു അതിഭയങ്കരമായ രീതിയില്‍ കടല്‍ ഉള്‍വലിഞ്ഞു,പിന്നെ അതി ശക്തമായി വെള്ളം കരയിലേക്ക് കേറുന്നു.സാധാരണ കടലക്രമത്തില്‍ നിന്നും വ്യത്യസ്തമാണ്.പലരും പറഞ്ഞു ഇങ്ങനൊരു കാഴ്ച അവരുടെ ഓര്‍മയില്‍ ഇതാദ്യം.

അവിടെനിന്നും പിന്നെയും മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോലാണ്  വലിയഴിക്കല്‍ പൊഴി . ജങ്കാര്‍ ഇറങ്ങുന്ന പെരുമ്പള്ളിയില്‍ നിന്ന് വലിയഴിക്കല്‍ലേക്ക് പോകുമ്പോള്‍ ഉള്ള പ്രത്യകത തീരം വീതി കുറഞ്ഞു കുറഞ്ഞു കായലും കടലും തമ്മിലുള്ള അന്തരം അന്‍പത് മീറ്ററില്‍ താഴെയകുന്നു ഒടുവില്‍ ഒന്നിക്കുന്നു..കടലും കായലും ഒന്നു ചേരുന്ന ഭാഗത്ത് ഒരു മണല്‍തിട്ട ഉണ്ടെങ്കില്‍ അതിനെ പൊഴി എന്നാണ് വിളിക്കുന്നത്.വലിയഴിക്കല്‍ ആദ്യകാലത്ത്പൊഴി ആയിരുന്നു.പക്ഷെ പിന്നീടു ആ മണല്‍തിട്ട ഇല്ലാതാവുകയും കടലും കായലും ഒന്ന് ചേര്‍ന്നുള്ള അഴി ആയി അവിടം മാറുകയും ചെയ്തു.എങ്കിലും അറിയപ്പെടുന്നത് പൊഴി എന്നു തന്നെ.
ഈ അഴിയുടെ അപ്പുറം ചെറിയഅഴിക്കല്‍ എന്ന  സ്ഥലമാണ്‌,കൊല്ലം ജില്ലയുടെ ഭാഗമാണ് ചെരിയ്ഴിക്കല്‍.



ഞങ്ങള്‍ അങ്ങനെ വലിയഴിക്കല്‍ലേക്ക് യാത്ര തുടര്‍ന്നു,റോഡില്‍ എല്ലാം ആളുകള്‍, എങ്കിലും നിരവധി കടലാക്രമണങ്ങള്‍ അതിജീവിച്ച അവരിലാരിലും  വലിയ ഭയം ഉണ്ടായിരുന്നില്ല.അങ്ങനെ പത്തു മിനുട്ട് കൊണ്ടു ഞങ്ങള്‍ വലിയഴിക്കല്‍ എത്തി. വലിയഴിക്കല്‍ എത്തി  വെള്ളത്തില്‍ ഇറങ്ങാമെന്നാണ്ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ കരുതിയത്,പക്ഷെ വന്നപ്പോഴേ ഉള്ള കടലാക്രമണം കണ്ടപ്പോള്‍ തന്നെ രാജേഷ്‌ ചേട്ടന്‍ പറഞ്ഞു നമുക്ക് വലിയഴിക്കല്‍ വരെ പോകാം,വെള്ളത്തില്‍ ഒന്നും ഇറങ്ങേണ്ട.

പക്ഷെ അവിടെ എത്തിയപ്പോള്‍ കുറച്ചു മുന്‍പ് സംഭവിച്ചത് പോലെ വീണ്ടും ശക്തമായ കടലാക്രമണം.നമ്മള്‍ നോക്കി നില്‍ക്കെ തന്നെ ഭയാനകമായ രീതിയില്‍ ജല നിരപ്പ് ഉയരുന്നു.കടലിനോടു അടുത്തു നിന്നവര്‍ എല്ലാം ഓടി മാറുന്നു.ഞങ്ങള്‍ ആകെ  പേടിച്ചു.ഉടന്‍ തന്നെ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി തിരിച്ചു വിട്ടു,പക്ഷെ നൂറു മീറ്റര്‍ പോലും സഞ്ചരിച്ചു കാണില്ല,അതി ശക്തമായി കടല്‍ കയറ്റം,റോഡിലേക്കും അതിനും അപ്പുറത്തേക്കും കടല്‍ ഇരച്ചു കയറുന്നു.ഞങ്ങള്‍ വണ്ടി അവിടെ വെച്ച് ഒരു വീട്ടിലേക്കു കയറി,അപ്പോള്‍ ആ വീടിന്‍റെ മുന്‍പിലുള്ള ചെറിയ വേലിയും തകര്‍ത്തു വെള്ളം അകത്തേക്ക് വരുന്നു.പേടിച്ചു പോയ കുറച്ചു നിമിഷങ്ങള്‍ .ഒരു അഞ്ചു മിനിറ്റ് കൊണ്ടു എല്ലാം അടങ്ങി,എങ്കിലും എല്ലാവരും ഭയ ചകിതരായി,ഞങ്ങള്‍ക്ക് എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്ത മാത്രം.വണ്ടി എടുത്തപ്പോള്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല,കടല്‍ വെള്ളം കയറി അതു കേടായി,എന്തു ചെയ്യാം ഉരുട്ടുക തന്നെ,സത്യം പറഞ്ഞാല്‍ ഓടുക ആയിരുന്നു.റോഡ്‌ മുഴുവന്‍ വെള്ളം,പക്ഷെ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ദൈവ ദൂതനെ പോലെ ഒരു ചേട്ടന്‍.അദേഹം വണ്ടി ഒന്ന് ശെരിയാക്കാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു.,പിന്നീടു വീടില്‍ ചെന്ന് സ്പെയര്‍ പാര്‍ട്സ് എടുത്തുകൊണ്ടു വന്നു വണ്ടിശെരിയാക്കി തന്നു.പിന്നെ പെട്ടെന്ന് തന്നെ ജങ്കാര്‍ കടവില്‍ എത്തി ഞങ്ങള്‍ അക്കര കടന്നു.

ഏകദേശം ഒരു മണിക്ക് മുന്‍പ് തന്നെ ഞങ്ങള്‍ വീട്ടില്‍ എത്തി,അപ്പോഴും ഞെട്ടല്‍ വിട്ടു മാറിയിരുന്നില്ല.അന്നു ഞങ്ങളുടെ പ്രദേശത്ത് ഒന്നും കരന്റ് ഉണ്ടായിരുന്നില്ല,അതുകൊണ്ട് തന്നെ വീട്ടില്‍ എത്തിയിട്ടും ഇന്തോനേഷ്യയിലും ആന്റാമന്‍ നിക്കൊബരിലും സുനാമി ആഞ്ഞടിച്ചതും അപകടങ്ങള്‍ ഉണ്ടായതും അറിഞ്ഞുമില്ല.

ഏകദേശം മൂന്നു മണി ആയപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ കേട്ടത്, വലിയഴിക്കല്‍ കടലാക്രമണത്തില്‍ നിരവധി ആളുകള്‍ മരിച്ചു.സത്യം പറഞ്ഞാല്‍ ഞെട്ടി പോയി.ഞാന്‍ ഉടന്‍ തന്നെ വീണ്ടും ജങ്കാര്‍ കടവിലേക്ക് എത്തി,ജന സമുദ്രം.ഭയ ചകിതരായ ആളുകള്‍ അവിടെ നിന്നും എല്ലാം ഉപേക്ഷിച്ചു ഇക്കരയിലേക്ക്.അപകടത്തില്‍ പെട്ടവരെ വഹിച്ചുകൊണ്ട്  പോകാന്‍ തയ്യാറായി ആംബുലന്‍സുകള്‍,എന്തിനും തയ്യാറായി നൂറു കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍.അപകടത്തില്‍ പെട്ടവറെയും  മരണപ്പെട്ടവരെയും രക്ഷപെട്ടു വരുന്നവരെയും എല്ലാം ഇക്കര എത്താന്‍ ഈ ജങ്കാര്‍ മാത്രം.

ഇരുപത്തിഒന്‍പത് പേരാണ് അന്നവിടെ മരിച്ചത്. വലിയഴിക്കല്‍ അതിനോട് അടുത്തുള്ള തറയില്‍ കടവ്,പെരുമ്പള്ളി എന്നിവിടങ്ങളിലായിട്ടായിരുന്നു എല്ലാ മരണവും. ഏറ്റവും ഭീകരമായി ദുരന്തം ബാധിച്ചത്  വലിയഴിക്കല്‍നു അപ്പുറമുള്ള ചെറിയ അഴിക്കല്‍ ഉള്‍പ്പെടുന്ന ആലപ്പാട് പഞ്ചായത്തിനെ ആയിരുന്നു.അവിടെ നൂറിലധികം പേര്‍ മരിച്ചു. കൊല്ലം ആലപ്പുഴ ജില്ലകളില്‍ സുനാമി നാശം വിതച്ചു എന്നാണ് പറയുന്നത്,പക്ഷെ ഭൂമിശാസ്ത്രപരമായി നോകിയാല്‍ ഒറ്റ സ്ഥലത്താണ് അപകടം സംഭവിച്ചത് വലിയഴിക്കല്‍ പൊഴിക്കു അപ്പുറവും ഇപ്പുറവുമായി.

പല വേര്‍പാടുകളും താങ്ങാന്‍ ആവുന്നതിലും അപ്പുറമായിരുന്നു.ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങള്‍ക്ക്‌ ഭാര്യമാരെ നഷ്ടമായി,അങ്ങനെ ആ വീടിലെ ആറു കുഞ്ഞുങ്ങള്‍ക്ക്‌ അമ്മമാര്‍ ഇല്ലാതായി.അവരെ സുരക്ഷിതരായി വള്ളത്തില്‍ കയറ്റി ഇരുതിയതായിരുന്നു,മക്കളില്‍ ഒരാളെ കാണാഞ്ഞപ്പോള്‍ മൂന്ന് പേരും കൂടി ഇറങ്ങി അപ്പോഴേക്കും വന്ന അടുത്ത തിരയില്‍ അവര്‍ മൂന്നുപേരും പെട്ടു പോയി.

കോളേജില്‍ എന്‍റെ ജൂനിയര്‍ ആയിരുന്ന ശാലിനി എന്നൊരു പെണ്‍കുട്ടിയും അപകടത്തില്‍ മരണപെട്ടു.എനിക്ക് അതിനെ അറിയില്ലായിരുന്നു.പിന്നീടാണ് കോളേജിലെ വിദ്യാര്‍ഥിനി ആയിരുന്നു എന്നറിഞ്ഞത്.

ഞാന്‍ പ്ലസ്‌ടു കഴിഞ്ഞുള്ള സമയത്ത് ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയിരുന്ന സമയത്ത് അവിടെ  കളിച്ചും ചിരിച്ചും ബഹളം വെച്ചും എപ്പോഴും അതിനെ സജീവമാക്കി നിര്‍ത്തിയിരുന്ന വളരെ സ്മാര്‍ട്ട്‌ ആയ ഒരു സ്കൂള്‍ വിദ്യാര്‍ഥിനി ഉണ്ടായിരുന്നു ബിന്ദ്യ രാജ്.പിന്നീടു ഞാന്‍ അതിനെ കണ്ടിട്ടുമില്ല.പക്ഷെ ദുരന്തത്തിന് അടുത്ത ദിവസം പത്രത്തില്‍ മരണപെട്ടവരുടെ ചിത്രത്തിനിടയില്‍ അവളും ഉണ്ടായിരുന്നു.

.
ദുരന്തത്തിന് ശേഷമുള്ള ദിവസങ്ങള്‍ , മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഞങ്ങളുടെ നാട് കണ്ടത്.എല്ലാ സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി മാറി.ദുരിത ബാധിതര്‍ക്ക് എല്ലാവിധത്തിലും ഉള്ള സഹായവുമായി ഒരു നാട് മുഴുവന്‍ ഒന്നിച്ചു നിന്നു.

സുനാമി എന്ന പേര് സത്യം പറഞ്ഞാല്‍ അപകടം കഴിഞ്ഞു അടുത്ത ദിവസം മാധ്യമങ്ങളിലുടെയാണ് കേള്‍ക്കുന്നത്.അതുവരെ കടലാക്രമണം,പിന്നെ കടലിലെ ഭൂകമ്പം അങ്ങനൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്.

സുനാമി എന്നു പറയുമ്പോള്‍ എപ്പോഴും എന്‍റെ മുന്‍പില്‍ അന്നത്തെ ഓര്‍മകള്‍ മാത്രം,പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്,അന്നു അവിടേക്ക്  പോകാന്‍ കുറച്ചു വൈകിയിരുന്നു എങ്കില്‍ എന്താകുമായിരുന്നു.ഞങ്ങള്‍ അവിടെ നിന്നും തിരികെ പൊന്നു ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് രാക്ഷസ തിരമാലകള്‍ അവിടം വിഴുങ്ങിയത്.പലപ്പോഴും കൂട്ടുകാര്‍ സുനാമി ദിവസം കടല്‍ കാണാന്‍ പോയിരിക്കുന്നു എന്നു പറഞ്ഞു കളിയ്ക്കുംപോഴും ഞാന്‍ മനസ്സില്‍ ദൈവത്തിനു സ്തുതി പറയും.

                സുനാമിയുടെ ബാക്കിപത്രം


സുനാമി ദുരന്തത്തിന് ഒന്‍പത് വര്‍ഷം കഴിയുമ്പോള്‍ കുറെ മാറ്റങ്ങള്‍ തീരത്തിന് സംഭവിച്ചു.

ആദ്യം കുറെ വര്‍ഷങ്ങള്‍ പല ദുരിത ബാധിതരും ദുരിത്ശ്വാസ ക്യാമ്പില്‍ തന്നെ കഴിയേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ എല്ലാവര്ക്കും വീട് കിട്ടി.കോടി കണക്കിന് രൂപയാണ് വിവിധ പദ്ധതികളിലായി സുനാമി പുനരധിവാസത്തിന് ചെലവഴിച്ചത്.ഇതില്‍ നല്ലൊരു പങ്കു പലരുടെയും കീശയിലേക്ക്‌ പോയെന്നത് വേറൊരു വസ്തുത.അശാസ്ത്രീയമായ ഉപയോഗം കുറെ പാഴ് ചെലവുകള്‍ സൃഷ്ടിച്ചു,കുറെ ഫുണ്ടുകള്‍ ലാപ്സായി പോയി.എങ്കിലും ദുരിതം ബാധിച്ച പ്രദേശത്തുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ വീടായി അതിനുമപ്പുറം  പഞ്ചായത്തിലെ സുനാമി ദുരന്തം ബാധിക്കാത്ത  പ്രദേശത്ത് ഉള്ളവര്‍ക്കും  പുതിയ വീടിനുള്ള ധന സഹായം കിട്ടി,എന്തിനു അധികം ഇക്കരെ ഞങ്ങളുടെ നാട്ടില്‍ വരെ സുനാമി ദുരിതാശ്വസ പദ്ധതിയില്‍ പലര്‍ക്കും വീടിനുള്ള ധന സഹായം കിട്ടി.അങ്ങനെ ഈ തീര ഗ്രാമത്തില്‍ ഇപ്പോള്‍ ഭവന രഹിതര്‍ ഇല്ലെന്നു പറയാം. വീടുകള്‍ നല്‍കി എന്നതിനപ്പുറം കുറെ ക്ഷേമ പദ്ധതികളും നടപ്പാക്കി



സുനാമി കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം കൊച്ചിയുടെജെട്ടി പാലമാണ്.ഇന്നു ജങ്കാര്‍ ഇല്ല,പകരം കരകളെ തമ്മില്‍ ബന്ധിപ്പിച്ചു പാലം വന്നു.അതോടെ തീരം ഒറ്റപ്പെട്ട അവസ്ഥയില്‍ നിന്ന് മാറി.നിര്‍ബാധം പായുന്ന വാഹനങ്ങള്‍,കെഎസ്ആര്‍ടിസി ബസുകള്‍.സത്യം പറഞ്ഞാല്‍ ഒരു പാലം വരുമ്പോള്‍ ഒരു നാടിന്‍റെ മുഖച്ചായ മാറുന്നു.


എല്ലാ വര്‍ഷവും ഡിസംബര്‍ 26 നു പെരുമ്പള്ളി സുനാമി സ്മൃതിമണ്ഡപത്തില്‍ അനുസ്മരണ സമ്മേളനം നടക്കാറുണ്ട്.സത്യം പറഞ്ഞാല്‍ അധികാരികളും മാധ്യമങ്ങളും ദുരിതബാധിതരെ ഓര്‍ക്കുന്ന ഒരേ ഒരു ദിവസം

ശാസ്ത്രീയമായ രീതിയില്‍ കടല്‍ ഭിത്തി നിര്‍മിക്കണം എന്ന വാഗ്ദാനം ഇന്നും ജലരേഖയായി തുടരുന്നു.മഴാകാലത്ത് ഉണ്ടാകുന്ന ശക്തമായ് കടലാക്രമണം ഇപ്പോഴും പ്രതിരോധിക്കനവുന്നില്ല. എല്ലാവര്‍ഷവും ഫണ്ട്‌ അനുവദിക്കും പക്ഷെ പലയിടത്തും ഇന്നും കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.


ഇപ്പോള്‍ ഇവിടുത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയം കരിമണല്‍ ഖനനം തീരത്ത് അനുവദിക്കണോ എന്നതാണ്.തീരവാസികള്‍ ഒന്നിച്ചു എതിര്‍ത്തിട്ടും സര്‍ക്കാര്‍ ഇതില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയിട്ടില്ല.താഴെയുള്ള ചിത്രങ്ങളില്‍ കാണുന്നത്  സുനാമി തിരയോന്നുമല്ല,സുനാമിക്ക് ശേഷവും ഇവിടെയുള്ള കടലാക്രമാണത്തിന്റെ ചിത്രങ്ങളാണ്‌.ഒരു ശക്തമായ തിര വന്നാല്‍ ഇവിടുത്തെ റോഡുകള്‍ തകരുന്നു,ഗതാഗതം തടസപ്പെടും,നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടാവുന്നു..ഇത്രയും ദുര്‍ബലമായ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടെയാണ് കരിമണല്‍ ഖനനം നടത്താന്‍ തത്പര കക്ഷികള്‍ ശ്രമിക്കുന്നത്.പൊതു മേഖലയില്‍ ആയാലും സ്വകാര്യ മേഖലയില്‍ ആയാലും കരിമണല്‍ ഖനനം നടന്നാല്‍ അതു ഈ തീരത്തിന്റെ അന്ത്യം ആയിരിക്കും.


ഏത് സുനാമി വന്നാലും തീരത്തെ സ്നേഹിക്കുന്നവര്‍ അവിടം വിട്ടു പോകില്ല.അവര്‍ അവരുടെ ദേശത്തെ അത്രമാത്രം സ്നേഹിക്കുന്നു.അവരില്‍ ഭൂരിപക്ഷത്തിനും അവരുടെ ജീവനോപാധിയും കടലു തന്നെ നല്‍കുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍,എന്‍റെ ആറാട്ടുപുഴ ഫേസ്ബൂക് പേജ്.

ജങ്കാര്‍ന്‍റെ ചിത്രം ഞങ്ങളുടെ കടവിലെ ജങ്കാര്‍ന്‍റെ അല്ല

പാലത്തിന്റെ ചിത്രം ഹിന്ദു പത്രം പാലം ഉദ്ഘാടന ദിവസം പ്രസിദ്ധീകരിച്ചത്

2013 ഡിസംബർ 22, ഞായറാഴ്‌ച

അതിരുവിടുന്ന ചില ഓണ്‍ലൈന്‍ പ്രതികരണങ്ങള്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പ്രതികരണങ്ങളെ പറ്റി പലരും വിശകലനം ചെയ്യുമ്പോള്‍ എപ്പോഴും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ഒരു പരിചേദം തന്നെ,അതുകൊണ്ട് ഇതില്‍ വരുന്ന പ്രതികരണങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ തന്നെയാണ്.പക്ഷെ ഒരു വ്യത്യാസം എന്നു പറയുന്നത് ഏതൊരു വിഷയത്തോടും സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ പ്രതികരിക്കുമ്പോള്‍ അതു പലപ്പോഴും പബ്ലിക്‌ ആവുന്നില്ല,അതുകൊണ്ട് തന്നെ പ്രതികരണങ്ങള്‍ അനാരോഗ്യകരമോ അശ്ലീലമോ അഭാസകരമോ ആയാലും പലപ്പോഴും അതവിടെ തന്നെ കിടക്കുന്നു.എന്നാല്‍ നാം അതേപടി ഈ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചാലോ ഈ പ്രതികരണങ്ങള്‍ പബ്ലിക്‌ ആയി നൂറു കണക്കിനാളുകള്‍ വായിക്കുന്നു.

സോഷ്യല്‍മീഡിയകള്‍ പലതു ഉണ്ടെങ്കിലും ഇന്നിപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്ക്‌ തന്നെ.മുഖപുസ്തകത്തിലെ കാര്യം എടുത്താല്‍ അനാരോഗ്യകരമായ പ്രവണതകള്‍ പലതുമുണ്ട്.അതിലൊന്നാണ് വ്യക്തികള്‍ മരണമടഞ്ഞു കഴിയുമ്പോള്‍ ഉള്ള അപഹസിക്കല്‍ അല്ലെങ്കില്‍ ആര്‍ക്കെങ്കിലുംഅപകടം ഉണ്ടാകുമ്പോള്‍ നടത്തുന്ന അനാവശ്യ പ്രതികരണങ്ങള്‍.

രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ പല തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം,പക്ഷെ അവര്‍ മിക്കവരും ഒരിക്കലും വ്യക്തിപരമായ ശത്രുത പുലര്‍ത്താറില്ല.അതു പക്ഷെ അണികളും അനുഭാവികളും മനസിലാക്കുന്നില്ല എന്നു തോന്നുന്നു,അതാണ് പലരുടെയും പ്രതികരണങ്ങള്‍ കാണിക്കുന്നത്.

സമീപകാലത്ത് ഉണ്ടായ ചില സംഭവങ്ങള്‍ തന്നെയെടുക്കാം.രാഹുല്‍ഗാന്ധി വിമാന അപകടത്തില്‍ നിന്ന് രക്ഷപെട്ടു.ഉടന്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ കാണുക.ഇന്‍ഡ്യ ഉടനേ ഒന്നും രക്ഷപ്പെടില്ല,അയ്യോ കഷ്ടമായിപ്പോയി ,കാലന് പോലും വേണ്ട എന്നു തുടങ്ങി അങ്ങേയറ്റം മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടായി.രാഹുല്‍ഗാന്ധിയോട് രാഷ്ട്രീയമായി വിയോജിക്കാം വിമര്‍ശിക്കാം പക്ഷെ ഇതു എന്തു സംസ്കാരമാണ്.

നരേന്ദ്രമോടിയോടു രാഷ്ട്രീയമായി വിയോജിക്കാം,പക്ഷെ മോഡിയെ തൂക്കിലേറ്റുന്ന കുറെ ചിത്രങ്ങള്‍ ആണിപ്പോള്‍ പ്രചരിക്കുന്നത്.

പൊതുപ്രവര്‍ത്തകര്‍ക്ക് അല്ലെങ്കില്‍ സെലിബ്രിറ്റികള്‍ക്ക് കിട്ടുന്ന അംഗീകാരം അവര്‍ക്ക് സമൂഹം നല്‍കുന്ന അംഗീകാരമാണ്.അതുകൊണ്ട് തന്നെ അവരുടെ വ്യക്തി ജീവിതത്തില്‍ ഒരു പക്ഷെ സമൂഹത്തിന്റെ ശ്രദ്ധ സ്വാഭാവികമായി ഉണ്ടാവും.പ്രശസ്തരുടെ വ്യക്തി ജീവിതത്തില്‍ മറ്റുള്ളവര്‍ എന്തിനു ശ്രദ്ധിക്കുന്നു,ഇതില്‍ പലപ്പോഴും ഭിന്നഭിപ്രായം ഉണ്ട് .രാഹുല്‍ഗാന്ധിയെയോ നരേന്ദ്ര മോഡിയേയോ വിമര്‍ശിക്കാം,അവരുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കാം,അവരുടെ വ്യക്തി ജീവിതത്തില്‍ ഉള്ള കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അസ്വീകാര്യമാവുകയും അതു ചര്‍ച്ച ചെയ്യപ്പെടുകയും ആവാം.എന്നാല്‍ വ്യക്തിഹത്യക്കും അപ്പുറം ഒരാള്‍ ഇല്ലാതാകണം,അപകടത്തില്‍ പെടണം എന്നൊക്കെ അഭിപ്രയം പറയുന്നത് ഒരു തരം സാഡിസമാണ്‌.

ഉമ്മന്‍ചാണ്ടിക്ക് അപകടം പറ്റിയപ്പോള്‍ വിഎസ്സ് അച്യുതാനന്ദനും പന്ന്യന്‍ രവീന്ദ്രനും സന്ദര്‍ശിച്ചു,പക്ഷെ  അനുഭാവികള്‍ പലരും മുഖപുസ്തകത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ എത്രയോ മോശമാണ്.




അതുപോലെ തന്നെയായിരുന്നു ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മരിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങള്‍.ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാള്‍ പരിശുദ്ധന്‍ ആകുമെന്നോ മരിച്ചു കഴിഞ്ഞാല്‍ വിമര്‍ശനങ്ങള്‍ പാടില്ല എന്നൊന്നും അഭിപ്രായമില്ല,ഗാന്ധിജി ഉള്‍പ്പെടെ മഹത് വ്യക്തികള്‍ വരെ ഇന്നും വിമര്‍ശനത്തിനു വിധേയരാകുന്നു.എന്നാല്‍ ഒരു വ്യക്തി മരിച്ചു എന്നറിയുമ്പോള്‍ പെട്ടെന്ന് വളരെ മോശം രീതിയില്‍ ഉള്ള പദ പ്രയോഗവുമായി നടത്തുന്ന വിമര്‍ശനങ്ങള്‍ ശുദ്ധ വിവരദോഷമാണ്‌.അതാണ് അദേഹത്തിന്റെ മരണ ദിവസം കണ്ടത്. അന്നു അവധി നല്‍കിയതിനു എതിരെ പലരും വിമര്‍ശനം ഉന്നയിച്ചു.ആ വിമര്‍ശനത്തോട് യോജിപ്പില്ല എങ്കിലും അതിനെയൊക്കെ ആരോഗ്യകരമായ സംവാദമായി കാണാം.പക്ഷെ അതിനും അപ്പുറം മരിച്ച വ്യക്തിയെ അപഹസിക്കുന്നത് തീര്‍ത്തും അനുചിതമാണ്.

ഒരു ആവേശത്തിന് അല്ലെങ്കില്‍ തങ്ങളുടെ എതിര്‍ രാഷ്ട്രീയത്തിലോ വിശ്വസതിലോ ഉള്ളവര്‍ ആരായാലും അവരെ എതിര്‍ക്കാന്‍ വേണ്ടി അല്ലെങ്കില്‍ വാദങ്ങളില്‍ ജയിക്കാന്‍ വേണ്ടി അല്ലെങ്കില്‍ പെട്ടെന്ന് ശ്രദ്ധ കിട്ടാന്‍ വേണ്ടിയോക്കെയാണ്  ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്.ചിലര്‍ തങ്ങളുടെ അപക്വമായ ചിന്തകളെ മേലും കീഴും നോക്കാതെ രേഖപ്പെടുത്തും.അനവധി ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചിലര്‍ സൈബര്‍ കേസുകളില്‍ പെടുന്നു എന്നതും മറക്കരുത്.മുഖപുസ്തക പ്രതികരണങ്ങളുടെ പേരില്‍ കേസ് എടുക്കുന്നതിനെ പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നുകയറ്റം ആയി നമ്മള്‍ എല്ലാം പ്രതിരോധിക്കാറുണ്ട്,പക്ഷെ ഇത്തരക്കാര്‍ അതിനു അര്‍ഹര്‍ ആണോ എന്നു സംശയമുണ്ട്.

2013 ഡിസംബർ 19, വ്യാഴാഴ്‌ച

ദേവയാനി ഖോബ്രഗഡ ഇന്‍ഡ്യന്‍ അപമാനത്തിന്റെ ഒരു അദ്ധ്യായം കൂടി

ദേവയാനി ഖോബ്രഗഡ,1999 ബാച്ചിലെ ഇന്‍ഡ്യന്‍ വിദേശ കാര്യ സര്‍വീസ് ഉദ്യോഗസ്ഥ,മഹാരാഷ്ട്ര കേഡറിലെ മുന്‍ ഐഎഎസ്സ് ഉദ്യോഗസ്ഥന്‍ ഉത്തം ഖോബ്രഗഡയുടെ മകള്‍,പപ്പുവ ന്യുഗിനിയിലെ ഇന്‍ഡ്യന്‍  ഹൈ കമ്മിഷണര്‍ അജയ് ഗോണ്ടാനെയുടെ അനിന്തിരവള്‍.മെഡിക്കല്‍ ബിരുദം നേടിയ ശേഷം സിവില്‍ സര്‍വീസില്‍ എത്തിയ ഈ മുപ്പതൊന്‍പത്കാരി പാകിസ്ഥാന്‍,ഇറ്റലി,ജര്‍മനി എന്നിവിടങ്ങളിലെ ഇന്‍ഡ്യന്‍ എംബസികളില്‍ ജോലി സേവനമനുഷ്ടിച്ചു.പിന്നീടു അമേരിക്കയിലെ ഡപുട്ടി കോണ്‍സുലര്‍ ജനറല്‍ ആയി നിയമിതയായി.നിലവില്‍ ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ തര്‍ക്കത്തിലെ കേന്ദ്രബിന്ദു.ദേവയാനിയുടെ അറസ്റ്റും അവരോടുള്ള അമേരിക്കന്‍ നിലപാടും രാജ്യം മുഴുവന്‍ ചര്‍ച്ചാ വിഷയം ആയിരിക്കുന്നു.

എന്താണ് ദേവയാനി ചെയ്ത കുറ്റം.താന്‍ ജോലിക്കാരിയായി കൊണ്ടുവന്ന സംഗീത റിച്ചാര്‍ദനു അമേരിക്കന്‍ തൊഴില്‍ നിയമം അനുസരിച്ചുള്ള ശമ്പളം നല്‍കിയില്ല എന്നതാണ് അവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ള കുറ്റം.4500 അമേരിക്കന്‍ ഡോളര്‍ ശമ്പളം നല്‍കും എന്നാണ് സംഗീതയുടെ വിസ അപേക്ഷയില്‍  ദേവയാനി വ്യക്തമാക്കിയിരുന്നത്,അതിനു അനുസരിച്ചുള്ള കരാറും ഉണ്ടാക്കി വിസ അപേക്ഷ സമര്‍പ്പിച്ചു.മറ്റൊരു കരാറില്‍ ഇന്‍ഡ്യന്‍ രൂപ 30,000 മാത്രമാണ് ശമ്പളം എന്നും.(അഞ്ഞൂറ് അമേരിക്കന്‍ ഡോളര്‍).ഇതു കൂടാതെ അവര്‍ക്കുള്ള മറ്റെല്ലാ സൗകര്യവും നല്‍കുന്നു എന്ന കാര്യവും ഉണ്ട്.എങ്കിലുംഇതു നിയമ ലംഘനം തന്നെയാണ്.

പക്ഷെ ഇതിലെ രസകരമായ വസ്തുത ജോലിക്കാരിക്ക് മിനിമം 4500 അമേരിക്കന്‍ ഡോളര്‍ ശമ്പളം നല്‍കേണ്ടപ്പോള്‍ ദേവയാനി ഖോബ്രഗഡയുടെ   ഒരു മാസത്തെ ശമ്പളം 4120 അമേരിക്കന്‍ ഡോളര്‍ മാത്രമാണ്.പഴയ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ എല്ലാം പറയുന്നത് ഈ നിയമ ലംഘനം കാലാ കാലങ്ങളായി നടക്കുന്നത് തന്നെയെന്നാണ്.അമേരിക്കയിലെ നിയമ പ്രകാരമുള്ള മിനിമം വേതനം നല്‍കി വീട്ടു ജോലിക്കാരെ നിര്‍ത്തുക പല നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സാധ്യമല്ല.ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഈ നിയമ ലംഘനം നടത്തുന്നുണ്ട്.

സംഭവങ്ങള്‍ തുടങ്ങുന്നത് ജൂണ്‍ മാസത്തിലാണ്.അന്നു മുതല്‍ കാണാതായ സംഗീത പിന്നീടു ദേവയാനിക്ക് എതിരെ പോലീസില്‍ പരാതി നല്‍കുക ആയിരുന്നു.അതിനെ തുടര്‍ന്നാണ് ദേവയാനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

അറ്റസ്റ്റ് ചെയ്ത ശേഷം പോലീസ് ഇവരോട് സ്വീകരിച്ച ക്രൂര മനോഭാവം ആണ്  ഇതിലെ ഏറ്റവും പരമ പ്രധാന വിഷയവും രാജ്യങ്ങള്‍ തമിലുള്ള തര്‍ക്കമായി മാറിയതും.അവരെ അറസ്റ്റ് ചെയ്ത ശേഷം കയ്യാമം വെച്ച്,തെരുവിലൂടെ നടത്തി. പിന്നീടു വിവസ്ത്രരാക്കിയുള്ള ദേഹ പരിശോധന നടത്തി.ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കി. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം ജയിലില്‍ അടച്ചു.ചോദ്യം ചെയ്യലിനിടയില്‍ പല തവണ അവര്‍ ബോധ രഹിതയായി.

നയതന്ത്ര ഉദ്യോഗസ്ഥ ആണെന്ന് പറഞ്ഞിട്ടും ക്രൂരമായ പെരുമാറ്റം ആണ് പോലീസ് നടത്തിയതെന്ന് ദേവയാനി പിന്നീടു സുഹൃത്തുകള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അല്ല ആരായാലും അവിടുത്തെ നിയമ വ്യവസ്ഥ അംഗീകരിക്കണം.ജോലിക്കാരെ കൊണ്ടുപോകുനതിനു ഇത്തരം ഒരു പ്രശ്നം ഉണ്ടെങ്കില്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണം.അല്ലാതെ ഈ രീതി ഇത്ര നാളായി തുടരുന്നു എന്നത് അത്ഭുതം ഉണ്ടാക്കുന്നു,ബലിയാടുകള്‍ ആകുന്നത് നിര്ഭാഗ്യവതികളായ ദേവയനിമാര്‍.

ജോലിക്കാരുടെ പരാതികള്‍ ഇത്തരത്തില്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.2011ല്‍ കോണ്‍സുലര്‍ ജേനെരല്‍ ആയിരുന്ന പ്രഭു ദയലിനു എതിരെ ജോലികാരനെ കൊണ്ടു നിര്‍ബന്ധിത ജോലി ചെയ്യിച്ചതിനു കേസ് ഉണ്ടായി.2012 ല്‍ കോണ്‍സുലര്‍ ആയിരുന്ന നീന മല്‍ഹോത്രയ്ക്ക് എതിരെ കേസ് ഉണ്ടാവുകയും പതിനഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചത്തിനു പിഴ ഈടാക്കുകയും ചെയ്തു.അതില്‍ നിന്നും വ്യത്യസ്തമായി ദേവയാനിയുടെ കേസ് വന്നപ്പോള്‍ പതിനഞ്ചു വര്‍ഷം തടവ്‌ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ഇത്രയും ക്രൂര നടപടികള്‍ ഉണ്ടാവുകയും ചെയ്തത് വിചിത്രവും ദുരൂഹവുമായി തോന്നുന്നു

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള വിയന്ന കണ്‍വെന്ഷന്‍ പരിരക്ഷ ദേവയാനിക്ക് കിട്ടില്ല എന്നു ആവര്‍ത്തിക്കുന്ന അമേരിക്ക പക്ഷെ ഇവര്‍ക്ക് നേരെ ഉണ്ടായ മോശം പെരുമാറ്റത്തെ പറ്റി നിശബ്ദത പാലിച്ചു .ഒടുവില്‍ ഇന്‍ഡ്യന്‍ സമ്മര്‍ദതെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചു.പക്ഷെ വിയന്ന കണവന്‍ഷന്‍ പ്രകാരം നയതന്ത്ര ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം എന്ന വ്യവസ്ഥ നഗ്നമായി ലംഘിച്ചിരിക്കുന്നു.    പക്ഷെ നിയമം പാലിക്കുന്നു എന്നു പറയുന്ന അമേരിക്കന്‍ ഭരണകൂടം പല നിയമ ലംഘനങ്ങളും നടത്തിയിരിക്കുന്നു.ഈ ജോലിക്കാരിയെ കാണ്മാനില്ലന്ന  പരാതി കൊടുത്തതില്‍ വേണ്ടത്ര അന്വേഷണം ഉണ്ടായില്ല.മാത്രമല്ല ഇവരുടെ ഭര്‍ത്താവിനും മക്കള്‍ക്കും വിസ അമേരിക്കന്‍ അനുവദിച്ചു.അതു എന്തു മാനദണ്ഡ പ്രകാരം എന്നവര്‍ വ്യക്തമാക്കുന്നില്ല.ദേവയാനി അറെസ്റ്റ്‌ ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പാണ്‌ ഭര്‍ത്താവും മക്കളും അമേരിക്കയില്‍ എത്തിയത്.ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം സംഗീത എന്ന ജോലിക്കാരിയുടെ ഭര്‍തൃ പിതാവും മാതാവും ഇന്ത്യയിലെ അമേരിക്കന്‍ എംബസ്സിയിലെ ജോലിക്കാരാണ്.

ഇപ്പോള്‍ ഉയരുന്ന ഒരു സംശയവും അതു തന്നെയാണ് ഈ വീട്ടു ജോലിക്കാരി സിഐഎ എജന്റ്  ആണോ എന്നതാണ്.ബന്ധുക്കള്‍ക്ക് അമേരിക്കന്‍ എംബസിയില്‍ ഉള്ള ജോലി,ഭര്‍ത്താവിനും കുട്ടികള്‍ക്കും അമേരിക്കയിലേക്ക് ലഭിച്ച എമെര്‍ജെന്‍സി വിസ,സംഗീതയ്ക്ക് എതിരെ ദേവയാനി കൊടുത്ത പരാതിയില്‍ അമേരിക്ക ഒരു നടപടിയും സ്വീകരിക്കാതിരുന്നത്  ഇതെല്ലാം ഈ സാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്ന കാര്യങ്ങളാണ്‌.സംഗീതയ്ക്ക് എതിരെ ദേവയാനി നല്‍കിയ പരാതിയില്‍ ഡല്‍ഹി മേട്രോപോളിട്ടന്‍ മജിസ്ട്രറ്റ് കോടതി നല്‍കിയ അറസ്റ്റ് വാറന്റ് നിലവിലിരിക്കെ അവരെ അതിന്‍ പ്രകാരം ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കക്ക് ബാധ്യതയുണ്ട്.എന്നാല്‍ അതു അവഗണിക്കുകയും അവരുടെ കുടുംബത്തിനെ അമേരിക്കയില്‍ എത്തിക്കാന്‍ അനാവശ്യ ധൃതി കാണിക്കുകയും ചെയ്തത്  സംശയാസ്പദം തന്നെ.

വൈകി എങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഈ സംഭവത്തോട് കുറച്ചു കൂടി ശക്തമായി പ്രതികരിച്ചു.ദേശിയ നേതാക്കള്‍ അമേരിക്കന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ച ഉപേക്ഷിച്ചു,വിദേശകാര്യ സെക്രടറി അമേരിക്കന്‍ അംബാസിടരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.മാത്രമല്ല ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പല സവിശേഷ ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു,ഒപ്പം അമേരിക്കന്‍ എംബസിക്ക്മുന്‍പിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കുകയും ചെയ്തു.



നയതന്ത്ര രംഗത്ത് പകരത്തിനു പകരം വളരെ പ്രധനം എന്നാണ് വിദഗ്ദര്‍ പറയുന്നത്.ഒരിക്കലും ഇന്ത്യ ചെയ്തത് അമേരിക്ക ചെയ്തതിനു പകരമാകില്ല.അങ്ങനെ ആകണമെങ്കില്‍ മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞ പോലെ സ്വവര്‍ഗ രതിക്കാരായ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ ഇവിടുത്തെ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യുക.അവരില്‍ പലരും ആവരുടെ സ്വവര്‍ഗ പങ്കാളികള്മായാണ് ഇവിടെ കഴിയുന്നത്,നഗ്നമായ ഇന്‍ഡ്യന്‍ നിയമത്തിന്റെ ലംഖനം. അവരില്‍ മയക്കു ഉപയോഗിക്കുന്നവര്‍ ഉണ്ടു അവരെയും അറസ്റ്റ് ചെയ്യുക.അതൊന്നും ഇന്ത്യ ചെയ്യുമെന്ന് തോന്നുന്നില്ല.


ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവരെ യുഎന്‍ലെ ഇന്‍ഡ്യന്‍ പ്രതിനിധി സംഘത്തിലേക്ക് മാറ്റി.ഇന്‍ഡ്യന്‍ പ്രതിഷേധം എത്ര മാത്രം ഫലം കാണുമെന്നു ഇനിയും അറിവായിട്ടില്ല.അമേരിക്കന്‍ വിദേശ കാര്യ സെക്രടറിയുടെ ഖേദ പ്രകടനം വരെയേ കാര്യങ്ങള്‍ എത്തിയുള്ളൂ.

രാജ് ഖട്ടില്‍  നായയെ കേറ്റി പരിശോധിച്ചപ്പോഴും എപിജെ അബ്ദുല്‍കലാമിനെ പോലുള്ള ഇന്‍ഡ്യയുടെ ആദരണീയ വ്യക്തിത്തങ്ങള്‍ അമേരിക്കയില്‍ അപമാനിക്കപ്പെട്ടപ്പോഴും കൂപമണ്‍ഡൂകമായിരുന്ന നമ്മുടെ ഭരണകൂടം ഇപ്പോള്‍ എത്രയെങ്കിലും പ്രതികരിച്ചത് സ്വാഗതാര്‍ഹം തന്നെ.
Related Posts Plugin for WordPress, Blogger...