പേജുകള്‍‌

2013, ഡിസംബർ 25, ബുധനാഴ്‌ച

ഓര്‍മകളില്‍ ഒരു സുനാമി ദിനം

കായംകുളം കായലിന്റെ തീരത്തോടടുതാണ് എന്‍റെ വീട്.കായല്‍ കടന്നു അക്കരെ എത്തിയാല്‍ ആറാട്ടുപുഴ.കായലിനും കടലിനും ഇടയില്‍ ഒരു ഗ്രാമം.കായല്‍ തീരത്ത്  ഓരോ സ്ഥലത്തായി കടവുകള്‍,ഇവിടെ നിന്നും വള്ളത്തില്‍ ആണ് ആളുകളുടെ അക്കര ഇക്കര സഞ്ചാരം.തൊണ്ണൂറുകളുടെ അവസാനത്തോടെ കൊച്ചിയുടെ ജെട്ടി കടവില്‍ ജങ്കാര്‍ വന്നു.(രണ്ടു കൂറ്റന്‍ വള്ളങ്ങള്‍ ചേര്‍ത്ത് അതിനു മുകളിലായി ഉള്ള പ്ലാറ്റ് ഫോം,ഇതിനോട് ചേര്‍ന്ന് ബോട്ടും അങ്ങനെ ആളുകളെയും വാഹനങ്ങളെയും ഒരു പോലെ വഹിക്കാന്‍ കഴിയുന്നതാണ് ജങ്കാര്‍).ജങ്കാര്‍ വന്നതോടെ കരകള്‍ തമ്മിലുള്ള ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപെട്ടു.കൂട്ടുകാര്‍ക്കൊപ്പം ജങ്കാര്‍ലുടെ അക്കരെയെത്തി കടല്‍ കാണുക എനിക്കൊരു ശീലമായിരുന്നു.



അന്നു 2004 ഡിസംബര്‍ 26,ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയമാണ്,അന്നു എന്‍റെ പ്രിയ സുഹൃത്ത് രാജേഷ്‌ വീട്ടില്‍ എത്തി,ഞങ്ങള്‍ നേരത്തെ തന്നെ അന്നൊരു കടല്‍ കാഴ്ച ആസൂത്രണം ചെയ്തിരുന്നു.ജങ്കാര്‍ കടന്നു ഞങ്ങള്‍ അക്കരെ എത്തി.ജങ്കാര്‍ കടവില്‍ നിന്ന് കേവലം അര കിലോമീറ്റര്‍ കഴിയുമ്പോള്‍ തന്നെ അറബികടല്‍ ആയി.ഞങ്ങള്‍ കടല്‍ തീരത്തേക്ക് എത്തിയപ്പോഴേ വലിയ ആള്‍കൂട്ടം.ഞങ്ങളുടെ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍.കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു അതിഭയങ്കരമായ രീതിയില്‍ കടല്‍ ഉള്‍വലിഞ്ഞു,പിന്നെ അതി ശക്തമായി വെള്ളം കരയിലേക്ക് കേറുന്നു.സാധാരണ കടലക്രമത്തില്‍ നിന്നും വ്യത്യസ്തമാണ്.പലരും പറഞ്ഞു ഇങ്ങനൊരു കാഴ്ച അവരുടെ ഓര്‍മയില്‍ ഇതാദ്യം.

അവിടെനിന്നും പിന്നെയും മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോലാണ്  വലിയഴിക്കല്‍ പൊഴി . ജങ്കാര്‍ ഇറങ്ങുന്ന പെരുമ്പള്ളിയില്‍ നിന്ന് വലിയഴിക്കല്‍ലേക്ക് പോകുമ്പോള്‍ ഉള്ള പ്രത്യകത തീരം വീതി കുറഞ്ഞു കുറഞ്ഞു കായലും കടലും തമ്മിലുള്ള അന്തരം അന്‍പത് മീറ്ററില്‍ താഴെയകുന്നു ഒടുവില്‍ ഒന്നിക്കുന്നു..കടലും കായലും ഒന്നു ചേരുന്ന ഭാഗത്ത് ഒരു മണല്‍തിട്ട ഉണ്ടെങ്കില്‍ അതിനെ പൊഴി എന്നാണ് വിളിക്കുന്നത്.വലിയഴിക്കല്‍ ആദ്യകാലത്ത്പൊഴി ആയിരുന്നു.പക്ഷെ പിന്നീടു ആ മണല്‍തിട്ട ഇല്ലാതാവുകയും കടലും കായലും ഒന്ന് ചേര്‍ന്നുള്ള അഴി ആയി അവിടം മാറുകയും ചെയ്തു.എങ്കിലും അറിയപ്പെടുന്നത് പൊഴി എന്നു തന്നെ.
ഈ അഴിയുടെ അപ്പുറം ചെറിയഅഴിക്കല്‍ എന്ന  സ്ഥലമാണ്‌,കൊല്ലം ജില്ലയുടെ ഭാഗമാണ് ചെരിയ്ഴിക്കല്‍.



ഞങ്ങള്‍ അങ്ങനെ വലിയഴിക്കല്‍ലേക്ക് യാത്ര തുടര്‍ന്നു,റോഡില്‍ എല്ലാം ആളുകള്‍, എങ്കിലും നിരവധി കടലാക്രമണങ്ങള്‍ അതിജീവിച്ച അവരിലാരിലും  വലിയ ഭയം ഉണ്ടായിരുന്നില്ല.അങ്ങനെ പത്തു മിനുട്ട് കൊണ്ടു ഞങ്ങള്‍ വലിയഴിക്കല്‍ എത്തി. വലിയഴിക്കല്‍ എത്തി  വെള്ളത്തില്‍ ഇറങ്ങാമെന്നാണ്ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ കരുതിയത്,പക്ഷെ വന്നപ്പോഴേ ഉള്ള കടലാക്രമണം കണ്ടപ്പോള്‍ തന്നെ രാജേഷ്‌ ചേട്ടന്‍ പറഞ്ഞു നമുക്ക് വലിയഴിക്കല്‍ വരെ പോകാം,വെള്ളത്തില്‍ ഒന്നും ഇറങ്ങേണ്ട.

പക്ഷെ അവിടെ എത്തിയപ്പോള്‍ കുറച്ചു മുന്‍പ് സംഭവിച്ചത് പോലെ വീണ്ടും ശക്തമായ കടലാക്രമണം.നമ്മള്‍ നോക്കി നില്‍ക്കെ തന്നെ ഭയാനകമായ രീതിയില്‍ ജല നിരപ്പ് ഉയരുന്നു.കടലിനോടു അടുത്തു നിന്നവര്‍ എല്ലാം ഓടി മാറുന്നു.ഞങ്ങള്‍ ആകെ  പേടിച്ചു.ഉടന്‍ തന്നെ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി തിരിച്ചു വിട്ടു,പക്ഷെ നൂറു മീറ്റര്‍ പോലും സഞ്ചരിച്ചു കാണില്ല,അതി ശക്തമായി കടല്‍ കയറ്റം,റോഡിലേക്കും അതിനും അപ്പുറത്തേക്കും കടല്‍ ഇരച്ചു കയറുന്നു.ഞങ്ങള്‍ വണ്ടി അവിടെ വെച്ച് ഒരു വീട്ടിലേക്കു കയറി,അപ്പോള്‍ ആ വീടിന്‍റെ മുന്‍പിലുള്ള ചെറിയ വേലിയും തകര്‍ത്തു വെള്ളം അകത്തേക്ക് വരുന്നു.പേടിച്ചു പോയ കുറച്ചു നിമിഷങ്ങള്‍ .ഒരു അഞ്ചു മിനിറ്റ് കൊണ്ടു എല്ലാം അടങ്ങി,എങ്കിലും എല്ലാവരും ഭയ ചകിതരായി,ഞങ്ങള്‍ക്ക് എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്ത മാത്രം.വണ്ടി എടുത്തപ്പോള്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല,കടല്‍ വെള്ളം കയറി അതു കേടായി,എന്തു ചെയ്യാം ഉരുട്ടുക തന്നെ,സത്യം പറഞ്ഞാല്‍ ഓടുക ആയിരുന്നു.റോഡ്‌ മുഴുവന്‍ വെള്ളം,പക്ഷെ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ദൈവ ദൂതനെ പോലെ ഒരു ചേട്ടന്‍.അദേഹം വണ്ടി ഒന്ന് ശെരിയാക്കാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു.,പിന്നീടു വീടില്‍ ചെന്ന് സ്പെയര്‍ പാര്‍ട്സ് എടുത്തുകൊണ്ടു വന്നു വണ്ടിശെരിയാക്കി തന്നു.പിന്നെ പെട്ടെന്ന് തന്നെ ജങ്കാര്‍ കടവില്‍ എത്തി ഞങ്ങള്‍ അക്കര കടന്നു.

ഏകദേശം ഒരു മണിക്ക് മുന്‍പ് തന്നെ ഞങ്ങള്‍ വീട്ടില്‍ എത്തി,അപ്പോഴും ഞെട്ടല്‍ വിട്ടു മാറിയിരുന്നില്ല.അന്നു ഞങ്ങളുടെ പ്രദേശത്ത് ഒന്നും കരന്റ് ഉണ്ടായിരുന്നില്ല,അതുകൊണ്ട് തന്നെ വീട്ടില്‍ എത്തിയിട്ടും ഇന്തോനേഷ്യയിലും ആന്റാമന്‍ നിക്കൊബരിലും സുനാമി ആഞ്ഞടിച്ചതും അപകടങ്ങള്‍ ഉണ്ടായതും അറിഞ്ഞുമില്ല.

ഏകദേശം മൂന്നു മണി ആയപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ കേട്ടത്, വലിയഴിക്കല്‍ കടലാക്രമണത്തില്‍ നിരവധി ആളുകള്‍ മരിച്ചു.സത്യം പറഞ്ഞാല്‍ ഞെട്ടി പോയി.ഞാന്‍ ഉടന്‍ തന്നെ വീണ്ടും ജങ്കാര്‍ കടവിലേക്ക് എത്തി,ജന സമുദ്രം.ഭയ ചകിതരായ ആളുകള്‍ അവിടെ നിന്നും എല്ലാം ഉപേക്ഷിച്ചു ഇക്കരയിലേക്ക്.അപകടത്തില്‍ പെട്ടവരെ വഹിച്ചുകൊണ്ട്  പോകാന്‍ തയ്യാറായി ആംബുലന്‍സുകള്‍,എന്തിനും തയ്യാറായി നൂറു കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍.അപകടത്തില്‍ പെട്ടവറെയും  മരണപ്പെട്ടവരെയും രക്ഷപെട്ടു വരുന്നവരെയും എല്ലാം ഇക്കര എത്താന്‍ ഈ ജങ്കാര്‍ മാത്രം.

ഇരുപത്തിഒന്‍പത് പേരാണ് അന്നവിടെ മരിച്ചത്. വലിയഴിക്കല്‍ അതിനോട് അടുത്തുള്ള തറയില്‍ കടവ്,പെരുമ്പള്ളി എന്നിവിടങ്ങളിലായിട്ടായിരുന്നു എല്ലാ മരണവും. ഏറ്റവും ഭീകരമായി ദുരന്തം ബാധിച്ചത്  വലിയഴിക്കല്‍നു അപ്പുറമുള്ള ചെറിയ അഴിക്കല്‍ ഉള്‍പ്പെടുന്ന ആലപ്പാട് പഞ്ചായത്തിനെ ആയിരുന്നു.അവിടെ നൂറിലധികം പേര്‍ മരിച്ചു. കൊല്ലം ആലപ്പുഴ ജില്ലകളില്‍ സുനാമി നാശം വിതച്ചു എന്നാണ് പറയുന്നത്,പക്ഷെ ഭൂമിശാസ്ത്രപരമായി നോകിയാല്‍ ഒറ്റ സ്ഥലത്താണ് അപകടം സംഭവിച്ചത് വലിയഴിക്കല്‍ പൊഴിക്കു അപ്പുറവും ഇപ്പുറവുമായി.

പല വേര്‍പാടുകളും താങ്ങാന്‍ ആവുന്നതിലും അപ്പുറമായിരുന്നു.ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങള്‍ക്ക്‌ ഭാര്യമാരെ നഷ്ടമായി,അങ്ങനെ ആ വീടിലെ ആറു കുഞ്ഞുങ്ങള്‍ക്ക്‌ അമ്മമാര്‍ ഇല്ലാതായി.അവരെ സുരക്ഷിതരായി വള്ളത്തില്‍ കയറ്റി ഇരുതിയതായിരുന്നു,മക്കളില്‍ ഒരാളെ കാണാഞ്ഞപ്പോള്‍ മൂന്ന് പേരും കൂടി ഇറങ്ങി അപ്പോഴേക്കും വന്ന അടുത്ത തിരയില്‍ അവര്‍ മൂന്നുപേരും പെട്ടു പോയി.

കോളേജില്‍ എന്‍റെ ജൂനിയര്‍ ആയിരുന്ന ശാലിനി എന്നൊരു പെണ്‍കുട്ടിയും അപകടത്തില്‍ മരണപെട്ടു.എനിക്ക് അതിനെ അറിയില്ലായിരുന്നു.പിന്നീടാണ് കോളേജിലെ വിദ്യാര്‍ഥിനി ആയിരുന്നു എന്നറിഞ്ഞത്.

ഞാന്‍ പ്ലസ്‌ടു കഴിഞ്ഞുള്ള സമയത്ത് ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയിരുന്ന സമയത്ത് അവിടെ  കളിച്ചും ചിരിച്ചും ബഹളം വെച്ചും എപ്പോഴും അതിനെ സജീവമാക്കി നിര്‍ത്തിയിരുന്ന വളരെ സ്മാര്‍ട്ട്‌ ആയ ഒരു സ്കൂള്‍ വിദ്യാര്‍ഥിനി ഉണ്ടായിരുന്നു ബിന്ദ്യ രാജ്.പിന്നീടു ഞാന്‍ അതിനെ കണ്ടിട്ടുമില്ല.പക്ഷെ ദുരന്തത്തിന് അടുത്ത ദിവസം പത്രത്തില്‍ മരണപെട്ടവരുടെ ചിത്രത്തിനിടയില്‍ അവളും ഉണ്ടായിരുന്നു.

.
ദുരന്തത്തിന് ശേഷമുള്ള ദിവസങ്ങള്‍ , മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഞങ്ങളുടെ നാട് കണ്ടത്.എല്ലാ സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി മാറി.ദുരിത ബാധിതര്‍ക്ക് എല്ലാവിധത്തിലും ഉള്ള സഹായവുമായി ഒരു നാട് മുഴുവന്‍ ഒന്നിച്ചു നിന്നു.

സുനാമി എന്ന പേര് സത്യം പറഞ്ഞാല്‍ അപകടം കഴിഞ്ഞു അടുത്ത ദിവസം മാധ്യമങ്ങളിലുടെയാണ് കേള്‍ക്കുന്നത്.അതുവരെ കടലാക്രമണം,പിന്നെ കടലിലെ ഭൂകമ്പം അങ്ങനൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്.

സുനാമി എന്നു പറയുമ്പോള്‍ എപ്പോഴും എന്‍റെ മുന്‍പില്‍ അന്നത്തെ ഓര്‍മകള്‍ മാത്രം,പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്,അന്നു അവിടേക്ക്  പോകാന്‍ കുറച്ചു വൈകിയിരുന്നു എങ്കില്‍ എന്താകുമായിരുന്നു.ഞങ്ങള്‍ അവിടെ നിന്നും തിരികെ പൊന്നു ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് രാക്ഷസ തിരമാലകള്‍ അവിടം വിഴുങ്ങിയത്.പലപ്പോഴും കൂട്ടുകാര്‍ സുനാമി ദിവസം കടല്‍ കാണാന്‍ പോയിരിക്കുന്നു എന്നു പറഞ്ഞു കളിയ്ക്കുംപോഴും ഞാന്‍ മനസ്സില്‍ ദൈവത്തിനു സ്തുതി പറയും.

                സുനാമിയുടെ ബാക്കിപത്രം


സുനാമി ദുരന്തത്തിന് ഒന്‍പത് വര്‍ഷം കഴിയുമ്പോള്‍ കുറെ മാറ്റങ്ങള്‍ തീരത്തിന് സംഭവിച്ചു.

ആദ്യം കുറെ വര്‍ഷങ്ങള്‍ പല ദുരിത ബാധിതരും ദുരിത്ശ്വാസ ക്യാമ്പില്‍ തന്നെ കഴിയേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ എല്ലാവര്ക്കും വീട് കിട്ടി.കോടി കണക്കിന് രൂപയാണ് വിവിധ പദ്ധതികളിലായി സുനാമി പുനരധിവാസത്തിന് ചെലവഴിച്ചത്.ഇതില്‍ നല്ലൊരു പങ്കു പലരുടെയും കീശയിലേക്ക്‌ പോയെന്നത് വേറൊരു വസ്തുത.അശാസ്ത്രീയമായ ഉപയോഗം കുറെ പാഴ് ചെലവുകള്‍ സൃഷ്ടിച്ചു,കുറെ ഫുണ്ടുകള്‍ ലാപ്സായി പോയി.എങ്കിലും ദുരിതം ബാധിച്ച പ്രദേശത്തുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ വീടായി അതിനുമപ്പുറം  പഞ്ചായത്തിലെ സുനാമി ദുരന്തം ബാധിക്കാത്ത  പ്രദേശത്ത് ഉള്ളവര്‍ക്കും  പുതിയ വീടിനുള്ള ധന സഹായം കിട്ടി,എന്തിനു അധികം ഇക്കരെ ഞങ്ങളുടെ നാട്ടില്‍ വരെ സുനാമി ദുരിതാശ്വസ പദ്ധതിയില്‍ പലര്‍ക്കും വീടിനുള്ള ധന സഹായം കിട്ടി.അങ്ങനെ ഈ തീര ഗ്രാമത്തില്‍ ഇപ്പോള്‍ ഭവന രഹിതര്‍ ഇല്ലെന്നു പറയാം. വീടുകള്‍ നല്‍കി എന്നതിനപ്പുറം കുറെ ക്ഷേമ പദ്ധതികളും നടപ്പാക്കി



സുനാമി കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം കൊച്ചിയുടെജെട്ടി പാലമാണ്.ഇന്നു ജങ്കാര്‍ ഇല്ല,പകരം കരകളെ തമ്മില്‍ ബന്ധിപ്പിച്ചു പാലം വന്നു.അതോടെ തീരം ഒറ്റപ്പെട്ട അവസ്ഥയില്‍ നിന്ന് മാറി.നിര്‍ബാധം പായുന്ന വാഹനങ്ങള്‍,കെഎസ്ആര്‍ടിസി ബസുകള്‍.സത്യം പറഞ്ഞാല്‍ ഒരു പാലം വരുമ്പോള്‍ ഒരു നാടിന്‍റെ മുഖച്ചായ മാറുന്നു.


എല്ലാ വര്‍ഷവും ഡിസംബര്‍ 26 നു പെരുമ്പള്ളി സുനാമി സ്മൃതിമണ്ഡപത്തില്‍ അനുസ്മരണ സമ്മേളനം നടക്കാറുണ്ട്.സത്യം പറഞ്ഞാല്‍ അധികാരികളും മാധ്യമങ്ങളും ദുരിതബാധിതരെ ഓര്‍ക്കുന്ന ഒരേ ഒരു ദിവസം

ശാസ്ത്രീയമായ രീതിയില്‍ കടല്‍ ഭിത്തി നിര്‍മിക്കണം എന്ന വാഗ്ദാനം ഇന്നും ജലരേഖയായി തുടരുന്നു.മഴാകാലത്ത് ഉണ്ടാകുന്ന ശക്തമായ് കടലാക്രമണം ഇപ്പോഴും പ്രതിരോധിക്കനവുന്നില്ല. എല്ലാവര്‍ഷവും ഫണ്ട്‌ അനുവദിക്കും പക്ഷെ പലയിടത്തും ഇന്നും കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.


ഇപ്പോള്‍ ഇവിടുത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയം കരിമണല്‍ ഖനനം തീരത്ത് അനുവദിക്കണോ എന്നതാണ്.തീരവാസികള്‍ ഒന്നിച്ചു എതിര്‍ത്തിട്ടും സര്‍ക്കാര്‍ ഇതില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയിട്ടില്ല.താഴെയുള്ള ചിത്രങ്ങളില്‍ കാണുന്നത്  സുനാമി തിരയോന്നുമല്ല,സുനാമിക്ക് ശേഷവും ഇവിടെയുള്ള കടലാക്രമാണത്തിന്റെ ചിത്രങ്ങളാണ്‌.ഒരു ശക്തമായ തിര വന്നാല്‍ ഇവിടുത്തെ റോഡുകള്‍ തകരുന്നു,ഗതാഗതം തടസപ്പെടും,നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടാവുന്നു..ഇത്രയും ദുര്‍ബലമായ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടെയാണ് കരിമണല്‍ ഖനനം നടത്താന്‍ തത്പര കക്ഷികള്‍ ശ്രമിക്കുന്നത്.പൊതു മേഖലയില്‍ ആയാലും സ്വകാര്യ മേഖലയില്‍ ആയാലും കരിമണല്‍ ഖനനം നടന്നാല്‍ അതു ഈ തീരത്തിന്റെ അന്ത്യം ആയിരിക്കും.


ഏത് സുനാമി വന്നാലും തീരത്തെ സ്നേഹിക്കുന്നവര്‍ അവിടം വിട്ടു പോകില്ല.അവര്‍ അവരുടെ ദേശത്തെ അത്രമാത്രം സ്നേഹിക്കുന്നു.അവരില്‍ ഭൂരിപക്ഷത്തിനും അവരുടെ ജീവനോപാധിയും കടലു തന്നെ നല്‍കുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍,എന്‍റെ ആറാട്ടുപുഴ ഫേസ്ബൂക് പേജ്.

ജങ്കാര്‍ന്‍റെ ചിത്രം ഞങ്ങളുടെ കടവിലെ ജങ്കാര്‍ന്‍റെ അല്ല

പാലത്തിന്റെ ചിത്രം ഹിന്ദു പത്രം പാലം ഉദ്ഘാടന ദിവസം പ്രസിദ്ധീകരിച്ചത്

blogger

23 അഭിപ്രായങ്ങൾ :

  1. താണ ഇടം കുഴിക്കുവാൻ പ്രകൃതി എന്തെ അന്ന് അങ്ങിനെ ഒരു തീരുമാനം എടുത്തു പ്രകൃതിക്കും ഭരിക്കുന്നവര്ക്കും എന്നും കേറി മേയാൻ അത്താഴ പട്ടിണിക്കാരന്റെ ജന്മം ആണല്ലോ എന്നും ബാക്കി

    മറുപടിഇല്ലാതാക്കൂ
  2. ഓരോ ദുരന്തങ്ങളും ഓർമയിലേക്ക് മറയുക ആണ് പാഠം ഉൽ കൊള്ളാനോ ഒരു അതിജീവനത്തിനോ ആരും തന്നെ ശ്രമിക്കുന്നില്ല എന്നത് സത്യം

    മറുപടിഇല്ലാതാക്കൂ
  3. ഓരോ ദുരന്തവും അതിൽ‌പ്പെടാത്ത കുറേപ്പേരുടെ കീശവീർപ്പിക്കൽ വളരെ ഭംഗിയായി നടക്കും.
    ദുരന്ത ബാധിതർക്ക് ഏറെ ദുരിതങ്ങൾക്ക് ശേഷം കിട്ടുന്ന അല്ലറചില്ലറ അപ്പക്കഷണങ്ങൾ മാത്രവും.

    മറുപടിഇല്ലാതാക്കൂ
  4. സുനാമിദുരന്തവും അതിനുശേഷമുണ്ടായ കാര്യങ്ങളും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.ചിത്രങ്ങളും ഉള്ളില്‍ പതിയുന്ന തരത്തിലുള്ളതായി...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. മറ്റുള്ള ലോകത്തിലെല്ലാം “ഓരോ ദുരന്തവും ഒരു പാഠ”മാണെന്ന് പറയും
    ചില പ്രദേശങ്ങളില്‍ “ഓരോ ദുരന്തവും ഓരോ ഭാഗ്യാവസരം“ ആണെന്ന് പറയും

    എന്തായാലും ആ ഭീകരമായ അനുഭവം വാക്കുകളിലൂടെ വര്‍ണ്ണിക്കുക അസാദ്ധ്യമെന്ന് മനസ്സിലായി ഇല്ലേ ഈ കുറിപ്പ് എഴുതുമ്പോള്‍.

    മറുപടിഇല്ലാതാക്കൂ
  6. സുനാമിയുടെ നാളുകൾ ഓർക്കുന്നു. പത്രങ്ങളിലും ടി.വി ചാനലുകളിലും നിറഞ്ഞ വേദന ഉളവാക്കിയ ദൃശ്യങ്ങൾ ഇപ്പോഴും കൺമുന്നിലുണ്ട്. സുനാമി നടന്നശേഷം അവിടെ നിന്നുള്ള റിപ്പോർട്ടുകൾ വായിച്ചിട്ടുണ്ട്. എന്നാൽ സുനാമിക്കു തൊട്ടുമുമ്പ് അവിടെ എന്തു നടന്നു എന്ന് അത് അനുഭവിച്ച ആളിൽ നിന്ന് അറിയുന്നത് ഇപ്പോഴാണ്. ചിലർ ആ വൻദുരന്തം വലിയ കൊയ്ത്ത് നടത്താനുള്ള അവസരമാക്കി മാറ്റി എന്നത് ആരെയും ലജ്ജിപ്പിക്കുന്നതാണ്....

    നല്ല വിവരണവും, പ്രസക്തമായ ചിത്രങ്ങളും

    മറുപടിഇല്ലാതാക്കൂ
  7. ജനിച്ചതും 36വർഷം ജീവിച്ചതും കടൽതീരത്തെ വീട്ടിലായിരുന്നു. (ഇപ്പോൾ താമസം മാറി) സുനാമി കണ്ടില്ലെങ്കിലും കടലാക്രമണം നന്നായി കണ്ടിട്ടുണ്ട്. പിന്നെ സുനാമിയിൽ കുടുങ്ങിയിട്ട് രക്ഷപ്പെട്ട സുഹൃത്തിന്റെ വിവരണം കേട്ട് ഭയപ്പെട്ടിരുന്നു. നന്നായി വിവരിച്ചു, ഫോട്ടോകളെല്ലാം നന്നായി.

    മറുപടിഇല്ലാതാക്കൂ
  8. വളരെ ഭയാനകമായൊരു വായനാനുഭവം നൽകി..
    ഒഴുക്കുള്ള വെള്ളം കണ്ടാൽ തന്നെ ധൈര്യം പോകുന്ന എന്നെ പോലെയുള്ളവരുടെ അവസ്ഥ ആലോചിക്കുകയായിരുന്നു..
    സുനാമി എടുത്തുപോയ ജീവനുകൾക്ക്‌ ആദരവുകൾ..!

    മറുപടിഇല്ലാതാക്കൂ
  9. ഞാന്‍ ആദ്യമായി എഴുതിയ ഒരു ഓര്മ കുറിപ്പാണ്.എഴുത്തിനു മികവു ഇല്ലാത്തതിനാല്‍ഒരിക്കലും നല്ലൊരു ഒഴുക്കുള്ള വായന ഉണ്ടാവില്ല എന്നറിയാം,

    ,നടന്നത് ഒരു വന്‍ ദുരന്തമായിരുന്നു.എന്റെത് അതിനിടക്ക്തീ ര്‍ത്തും യദ്രിചികമായ ഒരു അനുഭവം മാത്രം.ആ ഒരു വന്‍ ദുരന്തത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു എന്നു മാത്രം

    മറുപടിഇല്ലാതാക്കൂ
  10. ഒരു ദുരന്തത്തിന്റെ ഓർമ്മക്കുറിപ്പ്...
    ഒരു വിധം നന്നായി വിശകലനം ചെയ്തിരിക്കുന്നൂ...

    മറുപടിഇല്ലാതാക്കൂ
  11. വേദനിപ്പിക്കുന്ന ചില ഓർമ്മകൾ തിരികെ കൊണ്ടുവന്നു . ഒരോ ദുരന്തങ്ങളും നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നത് എന്താണ് ?

    മറുപടിഇല്ലാതാക്കൂ
  12. മറന്നു തുടങ്ങിയിരുന്ന ഒരു ദുരന്തത്തിന്‍റെ സ്മരണകളിലൂടെ ഒരു യാത്ര തികച്ചും അനുയോജ്യമായി. ഓരോ ദുരന്തങ്ങളും ഒരുപാടു പാഠങ്ങള്‍ നല്‍കി കടന്നുപോകുമ്പോഴും പലതും പഠിക്കാന്‍ ശ്രമിക്കാതെ മനുഷ്യന്‍ മാത്രം അവരുടെ യാത്ര തുടരുന്നു.
    ആശംസകള്‍ സാജന്‍ ഭായ്.
    ആദ്യമായാണ് ഈ ബ്ലോഗ്ഗില്‍. ലേഖനങ്ങള്‍ എല്ലാം തന്നെ മികച്ചു നില്‍ക്കുന്നു. തുടരുക. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  13. നല്ല ലേഖനം.
    എഡിറ്റിംഗ് - ഒന്ന് ശ്രദ്ധിക്കണം എന്ന് തോന്നി. അതോടോപ്പം കമെന്റ്സ് ഇട്ടവര്ക്കുള്ള മറുപടിയും.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  14. സുനാമി നടന്നത് പോലും അറിയുന്നത് ഒരു ദീര്ഘ യാത്ര കഴിഞ്ഞു വന്നിറങ്ങിയപ്പോൾ ആയിരുന്നു.ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിന്റെ മുറ്റത്തു മണ്ണ് പുരണ്ടു കിടന്ന ഒരു മലയാള പത്രത്തിന്റെ കഷണം കിട്ടി.മലയാളം കണ്ട സന്തോഷത്തിൽ അതെടുത്തു വായിച്ചപ്പോൾ ഭീകരമായ മരണത്തിന്റെ വാർത്തകൾ. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് ഈ വിവരം അറിഞ്ഞത്.
    സുനാമി എന്ന ആ വശത്ത അനുഭവിച്ച ഒരാളുടെ വിവരണം ആദ്യമായാണ്‌ വായിക്കുന്നത്. നന്നായി വിവരിച്ചിരിക്കുന്നു.,സാജൻ

    മറുപടിഇല്ലാതാക്കൂ
  15. വളരെ നന്ദി പ്രിയ സുഹൃത്തുക്കളെ വായനക്കും നല്ല അഭിപ്രായത്തിനും

    മറുപടിഇല്ലാതാക്കൂ
  16. ഞാനും ഒരു തീരദേശക്കാരി ആണ്..ത്രിശ്ശുരിന്റെ തീരദേശമാണെന്നു മാത്രം..അവിടെയും കടല്‍ ഉള്‍വലിഞ്ഞിരുന്നു..സ്ഥിരമായി മീന്‍ പിടിക്കാന്‍ പോയിരുന്ന ആള്‍ക്കരുടെ മുഖത്തു പോലും ഉണ്ടായിരുന്ന പേടി ഇന്നും ഓര്‍മ്മയ്ലുണ്ട്..അവരാരും തന്നെ കടല്‍ ഇങ്ങനെ ഉള്‍വലിയുന്നതു , അതും കിലൊമീറ്ററുകളോളം കണ്ടിട്ടെയില്ല...വിവരണം വളരെ വളരെ നന്നായി..ആ ഭീതി വായിക്കുന്നവന്റെ ഉള്ളില്‍ കോറിയിടാന്‍ കഴിയുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  17. മറുപടികൾ
    1. കണ്ടിരുന്നു.വളരെ സന്തോഷം,നന്ദി വീണ്ടും വരികള്‍ക്കിടയില്‍ ബ്ലോഗ്‌ അവലോകനകത്തില്‍ ഉള്‍പ്പെടുത്തിയതിന്

      ഇല്ലാതാക്കൂ
  18. സുനാമി.. അനുഭവിച്ചില്ലേലും ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍.. എഴുത്തും ചിലയിടങ്ങളില്‍ ഭയപ്പെടുത്തുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  19. സുനാമി ദിവസം കടലില്‍ പോയ അനുഭവം ഞെട്ടലോടെയാ വായിച്ചത്..ഇത്തരം കെടുതികളില്‍ അറിയുന്നവരുടെ മരണം കൂടി ആയാലോ? ജീവന്‍ ഉള്ള കാലത്തോളം ആ ദിവസം മറക്കില്ല,ല്ലെ?

    മറുപടിഇല്ലാതാക്കൂ
  20. സുനാമി ദിവസം ടിവിയില്‍ വാര്‍ത്താചാനല്‍ മാറ്റാതെ കണിരുന്നത് ഓര്‍മ്മ വരുന്നു. അന്ന് ഒന്നും കഴിക്കാനേ തോന്നിയില്ല.പാതി ലോകം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു.എനിക്കിന്നും വള്ളത്തില്‍ കയറുന്നത് തന്നെ പേടിയാണ് . ഉമ്മയുടെ നാട്ടില്‍ കോട്ടയം ജില്ലയിലെ കുമ്മനത്ത് ബാല്യത്തില്‍ കടത്ത് തോണിയില്‍ അക്കരെ കടക്കാന്‍ വഞ്ചിയില്‍ കാലെടുത്ത് വെച്ചപ്പോള്‍ അതുലഞ്ഞത് ഓര്‍ക്കുമ്പോള്‍ എനിക്കിന്നും പേടിയാണ്.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...